മുല്ലപ്പെരിയാര്‍: പിണറായിയുടെ നിലപാടിനെതിരെ ബിജിമോള്‍
text_fieldsതൊടുപുഴ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താന്‍ പെരിയാര്‍ തീരവാസികള്‍ക്കൊപ്പമാണെന്ന് പീരുമേട്ടില്‍നിന്നുള്ള നിയമസഭാ അംഗം ഇ.എസ്. ബിജിമോള്‍. മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍െറ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് എം.എല്‍.എ നിലപാട് വ്യക്തമാക്കിയത്.
ഡാമിന്‍െറ സുരക്ഷിതത്വത്തെ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിലുള്ള പഠനങ്ങള്‍ നടന്നിട്ടില്ല. നിലവില്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ വൈരുധ്യങ്ങള്‍ നിറഞ്ഞതാണ്. ഡാമിന്‍െറ സുരക്ഷ സംബന്ധിച്ച് അന്താരാഷ്ട്ര ഏജന്‍സിയെക്കൊണ്ട് പഠനം നടത്തിക്കണം. മുല്ലപ്പെരിയാര്‍ വിഷയത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വേണം പരിഗണിക്കാന്‍. നമ്മുടെ താല്‍ക്കാലിക സുരക്ഷയെക്കാളുപരി പിന്‍തലമുറയുടെ സുരക്ഷ കൂടി ഉറപ്പാക്കേണ്ടതാണ്.
മുല്ലപ്പെരിയാര്‍ ഡാമും പരിസരവും ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രമാണെന്നത് റൂര്‍ക്കി ഐ.ഐ.ടിയുടെ പഠനത്തില്‍ തെളിയിക്കപ്പെട്ടതാണ്. പെരിയാര്‍ തീരത്ത് താമസിക്കുന്നവരില്‍ ആരെങ്കിലും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ആഗ്രഹിച്ചാല്‍ അതിനുള്ള അവസരം ഉണ്ടാക്കണം.
‘തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ’ എന്ന കേരളത്തിന്‍െറ അഭിപ്രായത്തില്‍ ഉറച്ചു നിന്നുകൊണ്ട് കാര്യങ്ങളെ വിശകലനം ചെയ്യണം. ഈ വിഷയത്തില്‍ ജൂണ്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കാണുമെന്നും ബിജിമോള്‍ പ്രസ്താവനയില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.