സമാന്തര ലഹരി തേടി പുതുതലമുറ
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് തീവ്ര ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെയും കര്‍ശന നിയമങ്ങളുടെയും ഭാഗമായി പുകവലി കുറഞ്ഞതായി വിദഗ്ധര്‍. എന്നാല്‍, പുകവലിയെപ്പോലത്തെന്നെ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന സമാന്തരലഹരിയുടെ പിറകെയാണ് പുതുതലമുറ. പുകവലിയുടെ ഉപയോഗം കുറഞ്ഞതോടൊപ്പം മദ്യം, കഞ്ചാവ്, പാന്‍പരാഗ് തുടങ്ങിയ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം വ്യാപിക്കുന്നതാണ് ആശങ്കക്കിടയാക്കുന്നത്. 1999ല്‍ ഇന്ത്യയിലാദ്യമായി കേരളമാണ് പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ച് നിയമം കൊണ്ടുവന്നത്. 2008ല്‍ രാജ്യവ്യാപകമായി പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കപ്പെട്ടു.
കര്‍ശന പരിശോധനകളും പിഴയീടാക്കലും പിന്നീട് പുകവലി ഉപയോഗം കുറച്ചു. ആരോഗ്യവകുപ്പും വിവിധ സംഘടനകളും ചേര്‍ന്ന് ബോധവത്കരണപ്രവര്‍ത്തനങ്ങളും വ്യാപകമാക്കി. സിനിമകളിലും, സിഗരറ്റ് പാക്കറ്റിലും നിയമപ്രകാരമുള്ള മുന്നറിയിപ്പുകളും നിര്‍ബന്ധമാക്കി. ഇതാണ് സംസ്ഥാനത്ത് പുകവലിക്കാരുടെ എണ്ണം കുറച്ചത്. മുമ്പ് കാമ്പസുകളിലും മറ്റും ഹീറോയിസത്തിന്‍െറ ഭാഗമായി പ്രോത്സാഹിപ്പിക്കപ്പെട്ട പുകവലിയെ പുതുതലമുറ പക്ഷേ, അത്ര പോസിറ്റിവ് ആയല്ല കാണുന്നതെന്ന് പുകവലിക്കെതിരെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നോണ്‍ സ്മോക്കേഴ്സ് അസോസിയേഷന്‍െറ (നോസ) സംസ്ഥാന സെക്രട്ടറി ഹേമപാലന്‍ പറയുന്നു. പ്രധാന പൊതുസ്ഥലങ്ങളില്‍ മുന്‍കാലത്തേക്കാള്‍ 90 ശതമാനം പുകവലി കുറഞ്ഞുവെന്നാണ് കണ്ടത്തെല്‍.
പിഴയടക്കലും പുകയില ഉല്‍പന്നങ്ങളുടെ വിലകൂടുന്നതും പുകവലിക്കാരെ ഇതില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കുന്നുണ്ട്. പുകയില ഉല്‍പന്നങ്ങളുടെ പിഴയിനത്തില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍മാത്രം 97 ലക്ഷം രൂപയാണ് ഈടാക്കിയതെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും സ്മോക്കിങ് സെഡേഷന്‍ ക്ളിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുകവലിക്കുന്നയാളുടെയോ രോഗിയുടെയോ സമ്മതത്തോടെയാണ് പുകവലി നിര്‍ത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.
കൗണ്‍സലിങ്, മരുന്നുകള്‍, നിക്കോട്ടിന്‍ റീപ്ളേസ്മെന്‍റ് തുടങ്ങിയ രീതികളിലൂടെയാണ് പുകവലി നിര്‍ത്തുന്നത്. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ പുകവലി കുറക്കുന്നതിന് വലിയൊരളവില്‍ കാരണമാകുന്നുവെന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ശ്വാസകോശരോഗ വിദഗ്ധന്‍ ഡോ. എം.സി. സാബിര്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 60 ലക്ഷം ആളുകളാണ് പ്രതിവര്‍ഷം പുകയില കാരണം മരിക്കുന്നത്. ഇതില്‍ 50 ലക്ഷവും നേരിട്ടുള്ള പുകവലി കാരണമാണ് മരിക്കുന്നത്. ആറുലക്ഷം ആളുകള്‍ നേരിട്ടല്ളെങ്കിലും പുക ശ്വസിക്കുന്നവരാണ് (സെക്കന്‍ഹാന്‍ഡ് സ്മോക്കര്‍). ആറ് സെക്കന്‍ഡില്‍ ഒരാള്‍ എന്ന തോതില്‍ പുകവലി ജീവനെടുക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ ഈ വര്‍ഷത്തെ പുകയിലവിരുദ്ധ ദിനാചരണ പ്രമേയം ഗെറ്റ് റെഡി ഫോര്‍ പ്ളയിന്‍ പാക്കിങ് എന്നാണ്. സിഗരറ്റ് പാക്കറ്റുകളില്‍ 100 ശതമാനം സചിത്രവിവരണവും ബ്രാന്‍ഡ് നെയിം എഴുതാനുള്ള ഇടവുമെന്നാണ് പ്രമേയംകൊണ്ട് ഉദ്ദേശിക്കുന്നത്. പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം തടയാനുള്ള മികച്ച മനശ്ശാസ്ത്രമാര്‍ഗമായി ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നത് ഉല്‍പന്നങ്ങളുടെ പാക്കറ്റില്‍നിന്ന് വിശേഷണങ്ങളെല്ലാം ഒഴിവാക്കുക എന്നതാണ്. ബ്രാന്‍ഡിനെക്കുറിച്ചും ഉല്‍പന്നത്തിന്‍െറ മേന്മയെക്കുറിച്ചും സൂചന നല്‍കുന്ന വിവരങ്ങളെല്ലാം ഒഴിവാക്കി ‘പ്ളെയിന്‍ പാക്കറ്റി’ല്‍ പുകയില ഉല്‍പന്നങ്ങള്‍ വിറ്റാല്‍ വില്‍പന കുറയുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അനാകര്‍ഷകമായ നിറത്തില്‍ വേണം പാക്കറ്റ് തയാറാക്കാന്‍. ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പുകള്‍ക്ക് പ്രാധാന്യം നല്‍കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.