കാരാഗൃഹത്തില്‍ നിന്ന് അനീഷ് വരുന്നു; ആഘോഷമായി കല്യാണം നടത്താന്‍
text_fieldsകല്‍പറ്റ: ഒരു തെറ്റും ചെയ്യാത്ത തന്നെ പോക്സോ നിയമപ്രകാരം തുറുങ്കിലടച്ചതിനെക്കുറിച്ച് പരിഭവപ്പെട്ടിരിക്കാന്‍ നേരമില്ല അനീഷിന്. നിയമത്തിന്‍െറ കാര്‍ക്കശ്യത്തിനുമുന്നില്‍ കുറ്റവാളിയായി മുദ്രകുത്തപ്പെട്ട അവന്‍, ദാമ്പത്യബന്ധം നിയമപരമായിത്തന്നെ വിളക്കിച്ചേര്‍ത്ത് അധികാരകേന്ദ്രങ്ങള്‍ക്കുമുന്നില്‍ ജീവിതം കൊണ്ട് മറുപടി പറയാനുള്ള ഒരുക്കത്തിലാണ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം (പോക്സോ) പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഈ ആദിവാസി യുവാവിന്‍െറ ജീവിതം കഴിഞ്ഞ നാലരവര്‍ഷം തടവറക്കുള്ളിലായിരുന്നു. ഒടുവില്‍ ഹൈകോടതിയില്‍നിന്ന് ജാമ്യം നേടി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്‍െറ പടിയിറങ്ങിയ അനീഷ് ഇപ്പോള്‍ 18 തികഞ്ഞ തന്‍െറ ജീവിതപങ്കാളിയെ നിയമങ്ങള്‍ക്ക് ബോധിക്കുന്നരീതിയില്‍ വീണ്ടും മിന്നുചാര്‍ത്താനുള്ള തയാറെടുപ്പിലാണ്. ജയിലില്‍ ജോലി ചെയ്ത് സമ്പാദിച്ച പണമാണ് താന്‍ വിവാഹാവശ്യങ്ങള്‍ക്ക് നീക്കിവെക്കുന്നതെന്നും അനീഷ് പറയുന്നു.
2012ല്‍ പോക്സോ നിയമം നിലവില്‍വന്നതിന് പിന്നാലെയാണ് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് നായ്ക്കട്ടി മറുകര കാട്ടുനായ്ക്ക കോളനിയിലെ ബാലന്‍-മാര ദമ്പതികളുടെ മകന്‍ അനീഷിനെ പൊലീസ് കോളനിയിലത്തെി അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. മണപ്പാടി കോളനിയിലെ ബന്ധുവായ പെണ്‍കുട്ടിയെ ഗോത്രാചാരപ്രകാരം വിവാഹം ചെയ്ത് ഒന്നിച്ചു താമസം തുടങ്ങി ഒരു വര്‍ഷത്തിനുശേഷമായിരുന്നു അറസ്റ്റ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നത് കുറ്റമാണെന്ന് തനിക്കറിയുമായിരുന്നില്ളെന്ന് അനീഷ് പറഞ്ഞു.
റിമാന്‍ഡ് ചെയ്യപ്പെട്ടശേഷം വൈത്തിരി സബ്ജയിലില്‍ ഒന്നരവര്‍ഷത്തോളം. പത്തു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്. അവിടെ ആദ്യം തോട്ടപ്പണിയിലായിരുന്നു. പിന്നീട് ചപ്പാത്തി യൂനിറ്റില്‍. ബിരിയാണി ഉള്‍പ്പെടെയുള്ളവ പാചകം ചെയ്യുന്ന മികച്ച കുക്കായി ഇതിനകം മാറി. ജയിലില്‍നിന്ന് കിട്ടുന്ന കൂലി അയച്ചുകൊടുത്ത് തടവറയിലും കുടുംബത്തിന് അത്താണിയായി.
ഹൈകോടതിയില്‍നിന്ന് അനീഷിന് ജാമ്യം ലഭിക്കുന്നതിനായി ഓടിനടന്നത് ഭാര്യ തന്നെയായിരുന്നു. അന്യായമായി പോക്സോ ചുമത്തപ്പെട്ട് ജയിലിലായ ആദിവാസി യുവാക്കളെ സഹായിക്കുന്ന സമരസമിതിയുടെ കണ്‍വീനര്‍ ഡോ. പി.ജി. ഹരിയുമായി ബന്ധപ്പെട്ടാണ് ഒടുവില്‍ നിയമസഹായം ലഭ്യമാക്കി ജാമ്യം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.