ജിഷ വധം: കൊല്ലപ്പെടുംമുമ്പ് ചെറുത്തുനിന്നതിന് സ്ഥിരീകരണം
text_fieldsകൊച്ചി: ജിഷയുടെ ഘാതകന്‍ എന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് വീണ്ടും തയാറാക്കി. സംശയിക്കപ്പെടുന്ന രണ്ടുപേരുടെ ചിത്രമാണ് തയാറാക്കിയത്. അതിനിടെ പ്രതിയുടെ ഡി.എന്‍.എ പൊലീസ് വീണ്ടും സ്ഥിരീകരിച്ചു. ജിഷയുമായി മല്‍പിടിത്തമുണ്ടായതില്‍ പ്രതിക്ക് പരിക്കേറ്റിട്ടുണ്ടെന്നതിനും കൂടുതല്‍ സ്ഥിരീകരണമായി.
ജിഷയുടെ വീട്ടില്‍നിന്ന് ഘാതകന്‍ ഇറങ്ങിപ്പോകുന്നത് കണ്ട അയല്‍വാസികളായ മൂന്ന് വീട്ടമ്മമാരില്‍നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തിരുന്നു. എ.ഡി.ജി.പി ബി. സന്ധ്യയുടെ സാന്നിധ്യത്തില്‍ മൊഴിയെടുത്തതിന് ശേഷമാണ് രേഖാചിത്രങ്ങള്‍ തയാറാക്കിയത്. 30നും 40നും ഇടയില്‍ പ്രായമുള്ളവരുടെതാണ് ചിത്രങ്ങള്‍. ഇത് രണ്ടാം തവണയാണ് പൊലീസ് രേഖാചിത്രം തയാറാക്കുന്നത്.
അതിനിടെ ഏപ്രില്‍ 29ന് ജിഷയുടെ വീട്ടുവാതിലിന്‍െറ ടവര്‍ബോള്‍ട്ടില്‍ കണ്ട രക്തക്കറയുടെ സാമ്പിളെടുത്തിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനിടെ നഖവും മുറിച്ചെടുത്തിരുന്നു. ഇത് പിന്നീട് ഡി.എന്‍.എ പരിശോധനക്ക് അയച്ചതിന്‍െറ ഫലമാണ് ഇപ്പോള്‍ ലഭിച്ചതെന്ന് റൂറല്‍ എസ്.പി യതീഷ് ചന്ദ്ര പറഞ്ഞു.
നഖത്തില്‍ ഘാതകന്‍െറ മാംസച്ചീളുകള്‍ ഉണ്ടായിരുന്നു. ജിഷയുടെ മുതുകില്‍ മൂന്നിടത്ത് ഘാതകന്‍ കടിച്ചിരുന്നു. ഇതേതുടര്‍ന്ന് ചുരിദാറിന്‍െറ ടോപ്പില്‍ പതിഞ്ഞ ഉമിനീരില്‍ നിന്നാണ് ആദ്യം ഡി.എന്‍.എ കണ്ടത്തെിയത്. ഇതും ഇപ്പോഴത്തെ പരിശോധനാ ഫലവും തെളിയിച്ചത് ഡി.എന്‍.എ ഒരാളുടെതാണെന്നാണ്.
തന്നെ ആക്രമിക്കാനുള്ള ഘാതകന്‍െറ ശ്രമത്തെ ജിഷ പ്രതിരോധിച്ചിരുന്നവെന്ന് നേരത്തേ കണ്ടത്തെിയിരുന്നു. ഈ നിഗമനം ശരിവെക്കുന്നതാണ് പുതിയ പരിശോധനാ ഫലമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ഇപ്പോള്‍ ഫലം ലഭിച്ചുവെന്ന് പറയുന്ന ഡി.എന്‍.എ പരിശോധന തിരുവനന്തപുരം രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അല്ല നടന്നതെന്ന് വ്യക്തമായി. രാജീവ്ഗാന്ധി സെന്‍ററില്‍ പ്രതിയുടെ ഡി.എന്‍.എ കണ്ടത്തെുന്നതിന് ഉമിനീരും സംശയിക്കുന്ന 24 പേരുടെ രക്ത സാമ്പിളും ഇതിനകം പരിശോധിച്ചതായി സെന്‍ററുമായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബിലെ യന്ത്രം തകരാറിലായതിനാല്‍ അവിടെ നിന്നാണ് ഉമിനീര്‍ രാജീവ്ഗാന്ധി സെന്‍ററിലേക്ക് അയച്ചത്.
തിങ്കളാഴ്ചയാണ് അവസാനത്തെ സാമ്പിള്‍ പരിശോധിച്ചതെന്ന് സെന്‍ററുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഇതുവരെയുള്ള ഡി.എന്‍.എ. പരിശോധന ഇവിടെയാണ് നടന്നത്. പുതിയതായി നടത്തിയ ഡി.എന്‍.എ പരിശോധന എവിടെയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.