ജിഷ വധം: വിചാരണ നവംബര്‍ രണ്ടുമുതല്‍
text_fieldsകൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ നവംബര്‍ രണ്ടിന് വിചാരണ ആരംഭിക്കും. വെള്ളിയാഴ്ച കുറ്റപത്രത്തിന്മേല്‍ പ്രാരംഭവാദം കേള്‍ക്കലും പ്രതിക്കെതിരെ കുറ്റം ചുമത്തലും പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍. അനില്‍ കുമാര്‍ വിചാരണ ആരംഭിക്കാന്‍ തീരുമാനിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതി അമീറുല്‍ ഇസ്ലാമിനെ ദ്വിഭാഷിയുടെ സഹായത്തോടെയാണ് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്.
ഏപ്രില്‍ 28ന് വൈകുന്നേരം 5.30നും ആറിനുമിടെ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നതാണ് പ്രധാന കുറ്റം. ഇതിനുപുറമെ അതിക്രമിച്ചുകടക്കല്‍, വീട്ടില്‍ അന്യായമായി തടഞ്ഞുവെക്കല്‍, കൊലക്കുശേഷം തെളിവ് നശിപ്പിക്കല്‍ എന്നിവയും ദലിത് പീഡന നിരോധനിയമത്തിലെ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. എല്ലാ കുറ്റവും പ്രതി നിഷേധിച്ചതിനത്തെുടര്‍ന്നാണ് കോടതി വിചാരണ നടപടികളിലേക്ക് നീങ്ങിയത്. പ്രതിക്ക് മലയാളമോ ഇംഗ്ളീഷോ അറിയാത്തതിനാല്‍ അതിര്‍ത്തി രക്ഷാസേനയിലെ ഡെപ്യൂട്ടി കമാന്‍ഡന്‍റ് കെ. പ്രസാദിനെയാണ് ദ്വിഭാഷിയായി ചുമതലപ്പെടുത്തിയത്. കോടതി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത ശേഷം ഇദ്ദേഹം നടപടിക്രമങ്ങള്‍ അമീറിന് ഹിന്ദിയില്‍ വിവരിച്ചുകൊടുത്തു.
കൂടുതല്‍ ഇതര സംസ്ഥാനക്കാര്‍ സാക്ഷികളായുള്ളതിനാല്‍ പ്രോസിക്യൂഷന്‍ ദ്വിഭാഷിയായി പരിഗണിക്കാന്‍ കൂടുതല്‍ പേരുടെ പട്ടിക കൈമാറിയത് കോടതി ഫയലില്‍ സ്വീകരിച്ചു. സാക്ഷികള്‍ക്ക് നോട്ടീസയക്കാനും ഉത്തരവായി. കൊലപാതകം സംബന്ധിച്ച് പ്രഥമവിവരം നല്‍കിയ ആളടക്കം 195 പേര്‍ക്കാണ് സമന്‍സ് അയക്കുക. ഇതില്‍ 50ലേറെ പേര്‍ അസം, ബംഗാള്‍ സ്വദേശികളാണ്. നവംബര്‍ രണ്ടുമുതല്‍ 2017 ജനുവരി 23 വരെയാണ് 195 സാക്ഷികളെ വിസ്തരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കുറ്റം ചുമത്തും മുമ്പുള്ള പ്രാരംഭവാദത്തില്‍ ദലിത് പീഡന നിരോധനിയമം റദ്ദാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ജിഷ ദലിതാണെന്ന് പ്രതിക്ക് അറിയില്ലായിരുന്നെന്നും ഈ കുറ്റം നിലനില്‍ക്കില്ളെന്നുമായിരുന്നു വാദം. എന്നാല്‍, ഏറെനാള്‍ ജിഷയുടെ വീടിനടുത്ത് താമസിച്ച പ്രതിക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നതായാണ് പ്രോസിക്യൂഷന്‍ അറിയിച്ചത്. വീട്ടില്‍ മറ്റാരുമില്ളെന്നറിഞ്ഞ് അതിക്രമിച്ചുകടന്ന പ്രതി ജിഷയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതിലുള്ള വൈരാഗ്യത്താല്‍ കൈയില്‍ കരുതിയ ആയുധമുപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍െറ കണ്ടത്തെല്‍.
കൊല നടന്ന് 49ാം ദിവസമായ ജൂണ്‍ 16നാണ് പ്രതിയെ കാഞ്ചിപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഇതിനിടെ, 30ഓളം പേരെ കസ്റ്റഡിയിലെടുക്കുകയും 1500ലേറെ പേരെ ചോദ്യംചെയ്യുകയും ലക്ഷക്കണക്കിന് ഫോണ്‍ കോളുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.