പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാനസമ്മേളനം 15ന് കൊച്ചിയില്‍
text_fieldsകൊച്ചി: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാനസമ്മേളനം 15ന് കൊച്ചിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് എറണാകുളം ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. ഒ.രാജഗോപാല്‍ എം.എല്‍.എ പങ്കെടുക്കും. 14ന് വൈകുന്നേരം എറണാകുളം മറൈന്‍ഡ്രൈവില്‍ മാധ്യമ സ്വാതന്ത്ര്യ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. എഴുത്തുകാരും കലാകാരന്മാരും പരിപാടികള്‍ അവതരിപ്പിക്കും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ 5,8,12,13 തീയതികളില്‍ ദേശീയ സെമിനാറുകളും ഒരുക്കിയിട്ടുണ്ട്. അഞ്ചിന് വൈകുന്നേരം മൂന്നിന് ‘അസഹിഷ്ണുതയെ ചെറുക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക്’ വിഷയത്തില്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സെമിനാര്‍ സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് ആര്‍.ചന്ദ്രശേഖരന്‍, ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡന്‍റ് ഡോ.കെ.ജയപ്രസാദ് എന്നിവര്‍ പങ്കെടുക്കും.
എട്ടിന് ‘പ്രാദേശിക വികസനവും മാധ്യമങ്ങളും’ എന്ന സെമിനാറില്‍ മുന്‍ എം.പി പി.രാജീവ്, മുന്‍ എം.എല്‍.എ ബെന്നി ബഹനാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.12ന് ‘മാറുന്ന സമ്പദ്ഘടനയും മാധ്യമപ്രവര്‍ത്തനവും’ സെമിനാറില്‍ മന്ത്രി തോമസ് ഐസക്, കൊച്ചി മേയര്‍ സൗമിനി ജെയിന്‍ എന്നിവര്‍ സംസാരിക്കും. മീഡിയ അക്കാദമി സഹകരണത്തോടെ 13ന് നടക്കുന്ന ‘മാധ്യമങ്ങളും ജുഡീഷ്യറിയും’ സെമിനാര്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. എം.എ ബേബി, അഡ്വ.സെബാസ്റ്റ്യന്‍ പോള്‍, പി.എസ്. ശ്രീധരന്‍പിള്ള, വി.ഡി.സതീശന്‍ എം.എല്‍.എ, ആര്‍.എസ്. ബാബു എന്നിവര്‍ പങ്കെടുക്കും. കോടതികളില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശസ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ ശക്തമായ താക്കീതായി സമ്മേളനം മാറുമെന്ന് പ്രസിഡന്‍റ് പി.എ. അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.
സമൂഹത്തിന്‍െറ നാവായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ വിലങ്ങണിയിക്കുക വഴി കേരള ജുഡീഷ്യറി ദേശീയ തലത്തില്‍തന്നെ നാണംകെട്ടിരിക്കുകയാണ്. ചീഫ് ജസ്റ്റിസിന്‍െറ നേതൃത്വത്തില്‍ കൈക്കൊണ്ട തീരുമാനം പോലും നടപ്പാക്കാന്‍ കഴിയാതിരുന്നത് സമൂഹത്തില്‍ ശക്തമായ വിമര്‍ശമാണ് ഉണ്ടാക്കിയിട്ടുള്ളത്. മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യവും അറിയാനുള്ള അവകാശവും നിലനിര്‍ത്താന്‍ യൂനിയന്‍ എന്ത് വില നല്‍കിയും പോരാട്ടം തുടരുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ കെ.യു.ഡബ്ള്യു.ജെ വൈസ് പ്രസിഡന്‍റ് ആര്‍.ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി സി.നാരായണന്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.