അസഹിഷ്ണുത വര്‍ധിക്കുന്നു –പ്രകാശ് കാരാട്ട്
text_fieldsകൊച്ചി: ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന അസഹിഷ്ണുതയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാഷ്ട്രീയ, സാമൂഹിക, സംസ്കാരിക മേഖലകളില്‍ അസഹിഷ്ണുത നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ആശയപരമായ അസഹിഷ്ണുത രാജ്യത്തിന്‍െറ അടിസ്ഥാനമായ നാനാത്വത്തില്‍ ഏകത്വമെന്ന സംസ്കാരത്തെപോലും തകര്‍ക്കുന്ന തലത്തിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരുവിഭാഗം ഏകപക്ഷീയമായി അടിച്ചേല്‍പിക്കുന്ന ആശയപരമായ അസഹിഷ്ണുതക്ക് അംഗീകാരം നല്‍കുകയാണ് ഭരണകൂടം. ഇത് അപകടകരമാണ്. കല്‍ബുര്‍ഗി, പന്‍സാരെ എന്നിവരെ കൊലപ്പെടുത്തിയപ്പോള്‍ അവാര്‍ഡുകള്‍ തിരിച്ചുനല്‍കി എഴുത്തുകാരും കലാകാരന്മാരും പ്രതിഷേധിച്ചിരുന്നു. ഇത്തരം പ്രതിഷേധങ്ങളെപോലും അസഹിഷ്ണുതയോടെയാണ് ഭരണകൂടം നേരിടുന്നത്. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായി കൊച്ചിയില്‍ ‘അസഹിഷ്ണുതയെ ചെറുക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക്’ വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാരാട്ട്.
ആക്രമികള്‍ക്ക് സമ്പൂര്‍ണ പ്രോത്സാഹനം നല്‍കുകയാണ് ഭരണകൂടം. അസഹിഷ്ണുതാ മനോഭാവമാണ് രാജ്യത്ത് കണ്ടുവരുന്നത്. ജനാധിപത്യവ്യവസ്ഥപോലും അപകടത്തിലാകുംവിധം അസഹിഷ്ണുത നിലനില്‍ക്കുമ്പോള്‍ സ്വതന്ത്രമായ പ്രവര്‍ത്തനത്തിലൂടെ ഇതിനെതിരെ പ്രതികരിക്കാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും കാരാട്ട് പറഞ്ഞു. പ്രഫ. രമാകാന്തന്‍ സെമിനാറില്‍ മോഡറേറ്ററായി. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍, ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡന്‍റ് ഡോ. കെ. ജയപ്രസാദ്, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ഡി. ദിലീപ് സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്‍റ് ആര്‍. ഗോപകുമാര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.