ഐ.എസ് ഭീകരതക്കെതിരായ നീക്കങ്ങള്‍ക്ക് മുസ്ലിം ലീഗ് പിന്തുണ
text_fieldsമലപ്പുറം: ഐ.എസ് ഭീകരതക്കും അതില്‍ കണ്ണികളായവര്‍ക്കും എതിരായ സര്‍ക്കാറിന്‍െറയും അന്വേഷണ ഏജന്‍സികളുടെയും നീക്കങ്ങള്‍ക്ക് മുസ്ലിം ലീഗ് എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നതായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഏതാനും യുവാക്കളെങ്കിലും ഐ.എസ് ആശയങ്ങളുമായി സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടുവെന്നത് അപകടം തന്നെയാണ്. ഇത് വെച്ചുപൊറുപ്പിക്കാനാവില്ല. അറസ്റ്റും നടപടികളും യഥാര്‍ഥ കുറ്റവാളികള്‍ക്ക് നേരെ മാത്രമേ നടക്കുന്നുള്ളൂവെന്നത് ഭരണകൂടം ഉറപ്പാക്കണം. ഐ.എസ് ഭീകരരുടെ അപകടം തിരിച്ചറിഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ അതിനെ തള്ളിക്കളഞ്ഞവരാണ് കേരളത്തിലെ മുസ്ലിം ലീഗും മറ്റു മുസ്ലിം മതസംഘടനകളും. അവരെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള നടപടികള്‍ക്ക് മാത്രമേ ആത്യന്തികമായി വിജയിക്കാനാകൂ. ഐ.എസിന്‍െറ പേരിലുള്ള അറസ്റ്റും റെയ്ഡും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ചുമതല അന്വേഷണ ഏജന്‍സികളും സര്‍ക്കാറും ഏറ്റെടുത്തേ മതിയാകൂ.
കേന്ദ്ര സര്‍ക്കാറിന്‍െറ ഫാഷിസ്റ്റ് ചെയ്തികള്‍ ഭയത്തിലാക്കിയ ന്യൂനപക്ഷ സമൂഹത്തെ ഐ.എസ് ഭീഷണിയുടെ പേരില്‍ സംശയത്തിന്‍െറ നിഴലിലാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. എല്ലാ മതസംഘടനകളും അവരുടെ വേദികളിലും വെള്ളിയാഴ്ച നടക്കുന്ന ഉദ്ബോധനങ്ങളിലും വിഷയത്തില്‍ സന്ദേശം നല്‍കണം. വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ ഫേസ്ബുക്കില്‍ വരുന്ന ചില സന്ദേശങ്ങളെ പിന്തുടര്‍ന്ന് വഴി തെറ്റുന്നത് ജാഗ്രതയോടെ കാണണമെന്നും മുസ്ലിം വിദ്യാര്‍ഥി യുവജന സംഘടനകള്‍ കാമ്പസിനകത്തും പുറത്തും ഇടപെടലുകള്‍ നടത്തണമെന്നും മജീദ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.