വിജിലന്‍സ് വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുന്നെന്ന് വിന്‍സന്‍ എം. പോള്‍
text_fieldsതിരുവനന്തപുരം: വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ നടപടിക്കെതിരെ മുഖ്യവിവരാവകാശ കമീഷണര്‍ വിന്‍സന്‍ എം. പോള്‍. മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ വ്യാജ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് വിന്‍സന്‍ എം. പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. തന്നെ വ്യക്തിഹത്യ നടത്താനും സമൂഹത്തില്‍ താറടിച്ച് കാണിക്കാനുമാണ് വിജിലന്‍സ് ശ്രമിക്കുന്നതെന്നും അദ്ദേഹം കത്തില്‍ പറയുന്നു. അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടാണ് പരാതിക്കാധാരമായത്. മുന്‍ ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിക്കും എസ്.പി ആര്‍. സുകേശനുമെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി പരിഗണിക്കവെ വിജിലന്‍സ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്‍റ് എസ്. ജയ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുന്‍ ഡയറക്ടറായ വിന്‍സന്‍ എം. പോളും ബാര്‍ കോഴക്കേസ് അവസാനിപ്പാക്കാന്‍ നിര്‍ദേശം നല്‍കിയെന്നായിരുന്നു അവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഇത് തെറ്റാണെന്നും വ്യാജറിപ്പോര്‍ട്ടാണ് നല്‍കിയതെന്നും കത്തില്‍ പറയുന്നു. കേസ് പരിശോധിക്കാന്‍ നിയമപരമായി അധികാരമില്ലാത്ത ഡയറക്ടറേറ്റിലെ ജീവനക്കാരിക്ക് എങ്ങനെ റിപ്പോര്‍ട്ട് നല്‍കാന്‍ സാധിക്കുമെന്നും ഇതിനു പിന്നിലെ ഉദ്യോഗസ്ഥ ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
തെറ്റായ റിപ്പോര്‍ട്ട് നല്‍കി മാധ്യമങ്ങളിലൂടെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നെന്ന് ആരോപിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറയുന്നില്ല. നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് വിന്‍സന്‍ എം. പോളിന്‍െറ കത്ത് എന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.
ബാര്‍ കോഴ: വിജിലന്‍സ് അന്വേഷണം റദ്ദാക്കണമെന്ന് ശങ്കര്‍ റെഡ്ഢി
കൊച്ചി: ബാര്‍ കോഴക്കേസ് അന്വേഷണത്തിലെ അട്ടിമറി ആരോപിച്ച് തനിക്കെതിരെ നടക്കുന്ന വിജിലന്‍സിന്‍െറ പ്രാഥമികാന്വേഷണത്തിനെതിരെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢിയുടെ ഹരജി. വിജിലന്‍സ് ഡയറക്ടറെന്ന നിലയിലുള്ള നിയമപരമായ അധികാരം മാത്രമാണ് താന്‍ വിനിയോഗിച്ചതെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് കോടതി ഇനിയും പരിഗണിച്ചിട്ടില്ളെന്നിരിക്കെ കേസ് അട്ടിമറിച്ചെന്ന ആരോപണം നിലനില്‍ക്കുന്നതല്ളെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഈ നടപടിക്രമം നിയമവിരുദ്ധമാണെങ്കില്‍ വിജിലന്‍സ് അന്വേഷണങ്ങളിലെ പിഴവ് മേലുദ്യോഗസ്ഥര്‍ക്ക് ചൂണ്ടിക്കാട്ടാനാവാത്ത സ്ഥിതിയുണ്ടാകും. നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ താന്‍ ഡയറക്ടറായിരിക്കെ ലോകായുക്തയില്‍ റിപ്പോര്‍ട്ട് നല്‍കിയതിലെ പകയാണ് ഇപ്പോള്‍ തനിക്കെതിരെ കാട്ടുന്നത്. ഈ സാഹചര്യത്തില്‍ തനിക്കെതിരായ പരാതിയും അന്വേഷണ ഉത്തരവും റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.