സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ ഇവിടെ പരീക്ഷയുണ്ടോ?
text_fieldsകാസര്‍കോട്: ‘സര്‍ക്കാറി ഉദ്യോഗ ഗളിസളു പരീക്ഷ ഇതെയൊ? പി.എസ്.സി എന്തരെ ഏനു?’ സൈനുല്‍ ആബിദിന്‍െറ ചോദ്യം കേട്ട് ക്ളാസെടുക്കാന്‍ വന്ന അധ്യാപകര്‍ ഞെട്ടി. ചോദ്യം പരിഭാഷപ്പെടുത്തിയാല്‍ ഇങ്ങനെയാണ്: ‘സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ ഇവിടെ പരീക്ഷയുണ്ടോ? പി.എസ്.സി എന്നാല്‍ എന്താണ്’. കാസര്‍കോട് ജില്ലയുടെ വടക്കേ അതിര്‍ത്തിയായ ഉദ്യാവറില്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് പി.എസ്.സി കോച്ചിങ് നടത്തുന്നതിന് മുന്നോടിയായി യുവാക്കളെ വിളിച്ചുചേര്‍ത്തപ്പോഴാണ് ഈ ചോദ്യമുണ്ടായത്. കരിയര്‍ ഗൈഡന്‍സ് സ്ഥാപനമായ സിജിയുടെ ആഭിമുഖ്യത്തിലാണ് പി.എസ്.സി കോച്ചിങ്ങിന് പുതിയ പദ്ധതി ആവിഷ്കരിച്ചത്. പരീക്ഷയില്‍ പിന്നാക്കം പോകുന്നതിനാലാണ് റാങ്ക് പട്ടികയില്‍ വരാത്തതെന്ന ധാരണയിലാണ് കോച്ചിങ് ക്ളാസ് സംഘടിപ്പിച്ചത്. ക്ളാസില്‍ പങ്കെടുത്ത 38 പേരില്‍ രണ്ടുപേര്‍ മാത്രമാണ് പി.എസ്.സി എന്താണെന്ന് അറിയുന്നവരെന്ന് യോഗത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
കാസര്‍കോട് ജില്ലയുടെ പിന്നാക്കാവസ്ഥക്ക് പ്രധാന കാരണം പദ്ധതികളും ഫണ്ടും ഇല്ലാത്തതല്ല, മറിച്ച് നടപ്പാക്കാനുള്ള ഉദ്യോഗസ്ഥര്‍ ജില്ലയില്‍ നിന്നു തന്നെ ഇല്ലാത്തതാണെന്നാണ് പ്രഭാകരന്‍ കമീഷന്‍ പറഞ്ഞത്. ഇതിന്‍െറ ചുവടുപിടിച്ച് 10 കേന്ദ്രങ്ങളില്‍ കോച്ചിങ് സംഘടിപ്പിക്കാനുള്ള സിജിയുടെ ശ്രമത്തിനിടയിലാണ് ഈ വിവരം പുറത്ത് വരുന്നത്. ജില്ലയിലെ ഉദ്യോഗസ്ഥരില്‍ 30 ശതമാനം മാത്രമാണ് നാട്ടുകാരുള്ളത്. വകുപ്പ് മേധാവികള്‍ ജില്ലയില്‍ നിന്നല്ല. ഈ പ്രശ്നം പരിഹരിക്കാന്‍ പരീക്ഷയില്‍ ജില്ലക്കാര്‍ക്ക് അഞ്ചു ശതമാനം ഗ്രേസ് മാര്‍ക്ക് മുമ്പ് നല്‍കിയിരുന്നു.
അത് ഒരാള്‍ കോടതിയില്‍ ചോദ്യം ചെയ്തപ്പോള്‍ റദ്ദായി. മഞ്ചേശ്വരം, വോര്‍ക്കാടി, പൈവളിഗെ, എന്‍മകജെ, ദേലംപാടി, മീഞ്ചെ പഞ്ചായത്തുകളിലാണ് കേരളത്തിലെ ജോലിസാധ്യത അന്വേഷിക്കാത്തവര്‍ ഏറെയും. വിദ്യാഭ്യാസവും തൊഴിലും കര്‍ണാടകയിലാണ്. കേരളത്തിലെ ഒരു അറിയിപ്പും ഇവര്‍ക്ക് ലഭിക്കില്ല. പി.എസ്.സി കാര്യങ്ങള്‍ കന്നട മാധ്യമങ്ങളില്‍ വരാറില്ല. മലയാളം വായിക്കാനുമറിയില്ല. പി.എസ് സി പരീക്ഷയെഴുതേണ്ട കാലത്ത് ഒരുവിഭാഗം ഗള്‍ഫിലേക്കും മറുവിഭാഗം കര്‍ണാടകത്തിലേക്കും പോകുമ്പോള്‍ കാസര്‍കോട് തെക്കന്‍ ജില്ലകളില്‍നിന്നും ആളുവരേണ്ടിവരും. അവര്‍ പിന്നീട് അവധിയെടുത്ത് പോകുകയും ചെയ്യും. സര്‍ക്കാര്‍ ഓഫിസില്‍ ഇരിക്കുന്നവരെല്ലാം മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ബന്ധുക്കളാണെന്ന ധാരണയുള്ളവരും അതിര്‍ത്തി ഗ്രാമങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.