‘ഹായ് ചിറ്റപ്പാാാ...’; മന്ത്രി ജയരാജന് ഫേസ്ബുക്കില്‍ പൊങ്കാല
text_fieldsതിരുവനന്തപുരം: വ്യവസായവകുപ്പിനുകീഴിലെ പൊതുമേഖലാസ്ഥാപനമായ കെ.എസ്.ഐ.ഇ എം.ഡിയായി ഭാര്യാസഹോദരി പി.കെ. ശ്രീമതിയുടെ മകനെ നിയമിച്ചതില്‍ മന്ത്രി ഇ.പി. ജയരാജന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ‘ഹായ് ചിറ്റപ്പാാാ’... എന്ന് തുടങ്ങുന്ന പരിഹാസം മുതല്‍, ‘ഞങ്ങള്‍ക്ക് പാര്‍ട്ടിയാണ് വലുത്. നേതാക്കന്മാര്‍ വരുംപോകും. സി.പി.എം ആരുടെയും കുടുംബസ്വത്തല്ല. അധികാരദുര്‍വിനിയോഗം ഞങ്ങള്‍ അണികള്‍ അനുവദിക്കില്ല’ തുടങ്ങിയ ആത്മരോഷം വരെ പ്രചരിക്കുന്നു. പാര്‍ട്ടി അനുഭാവികളടക്കമാണ് നിയമനത്തിലെ അഭിപ്രായഭിന്നത തുറന്ന് പ്രകടിപ്പിക്കുന്നത്.
മറ്റ് പോസ്റ്റുകളില്‍ ചിലത് ഇങ്ങനെ: ‘ഇനിയും പാര്‍ട്ടിയെ പറയിപ്പിക്കാതെ രാജിവെച്ച് പൊയ്ക്കൂടെ നിങ്ങള്‍ക്ക്’, ‘കണ്ണും കാതും കൂര്‍പ്പിച്ച് ഒരു ജനത ഇവിടെ കാവലിരിപ്പുണ്ട്. പോസ്റ്ററൊട്ടിക്കാനും മുദ്രാവാക്യം വിളിക്കാനും തല്ലുകൊള്ളാനും കൊടുക്കാനും മാത്രമുള്ളവരല്ല ഈ പ്രസ്ഥാനത്തിന്‍െറ പ്രവര്‍ത്തകര്‍. തെറ്റിനെ തെറ്റെന്ന് ഉറക്കെ വിളിച്ച് പറയാന്‍ ചങ്കുറപ്പുള്ളവരാണ്. പഴയ പോലെ കമ്മിറ്റി ചേരാനൊന്നും കാത്തുനില്‍ക്കണമെന്നില്ല. പാടത്തെ പണിക്ക് വരമ്പത്ത് കൂലി നല്‍കണമെന്ന് പഠിപ്പിച്ചത് പാര്‍ട്ടിയാണ്’.
‘താങ്കളെ സപ്പോര്‍ട്ട് ചെയ്യുന്ന അനുഭാവി പറയുന്നു, താങ്കള്‍ ചിലത് തിരുത്തുക അല്ളെങ്കില്‍ പാര്‍ട്ടി ഇല്ലാതാകും.. ബംഗാള്‍ പാഠം’, ‘താങ്കള്‍ കുറേക്കൂടി സൂക്ഷ്മത പാലിക്കണം. ഈ സര്‍ക്കാറിന് ബാധ്യതയായി മന്ത്രിസ്ഥാനം മാറരുത്. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് നല്‍കണം ജോലി. കുടുംബക്കാര്‍ക്ക് വീതംവെക്കാനുള്ളതല്ല’, ‘ജാതിപ്പേര് വാലാക്കി വെക്കുന്നത് അലങ്കാരമല്ല, പ്രത്യേകിച്ച് കമ്യൂണിസ്റ്റുകള്‍ക്ക്. ഈ പോക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കോണ്‍ഗ്രസ് നിലവാരത്തിലേക്ക് തരംതാഴ്ത്തും.
ഇതും കണ്ട് റാന്‍ മൂളാന്‍ കഴിയില്ല’, ‘തെറ്റുകണ്ടാല്‍ അണികള്‍ തന്നെ വിമര്‍ശിക്കും. തെറ്റ് തിരുത്തിക്കും. നേതാക്കളെ സ്വന്തം ഇഷ്ടത്തിന് മേയാന്‍ വിടാന്‍ ഉമ്മന്‍ ചാണ്ടിയല്ല, പിണറായി വിജയനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി’... എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങള്‍. സുധീര്‍ നമ്പ്യാരുടെ നിയമന ഉത്തരവ് റദ്ദ് ചെയ്തെന്ന മന്ത്രിയുടെ ഒക്ടോബര്‍ ആറിന് വൈകീട്ടത്തെ എഫ്.ബിയിലെ പോസ്റ്റിന് മാത്രം 750 പ്രതികരണങ്ങളാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.