വിജയദശമി: ആദ്യാക്ഷരം നുകർന്ന് കുരുന്നുകൾ
text_fieldsകോഴിക്കോട്: വിജയദശമി നാളില്‍ നാവിലും അരിയിലും ആദ്യാക്ഷരം കുറിച്ച് അറിവിെൻറ മധുരം നുണഞ്ഞ് കുരുന്നുകൾ. നവരാത്രിയുടെ അവസാന നാളിൽ ആദ്യാക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം തന്നെ ഭക്തജനങ്ങളുടെ വന്‍ തിരക്കായിരുന്നു. ക്ഷേത്രങ്ങള്‍ക്ക് പുറമെ പ്രധാന ഗ്രന്ഥശാലകള്‍, സന്നദ്ധസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ആദ്യാക്ഷരം കുറിക്കാനായി രാവിലെ മുതല്‍ നിരവധിയാളുകള്‍ എത്തിച്ചേര്‍ന്നു.
കൊല്ലൂര്‍ മുകാംബിക ക്ഷേത്രം, തിരൂരിലെ തുഞ്ചന്‍പറമ്പ്, കോട്ടയം ജില്ലയിലെ പനച്ചിക്കാട്, തിരുവനന്തപുരത്തു കോട്ടയ്ക്കകത്തെ നവരാത്രി മണ്ഡപം, അഭേദാശ്രമം, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം എന്നിവിടങ്ങളില്‍ പുലര്‍ച്ചെ ആരംഭിച്ച വിദ്യാരംഭ ചടങ്ങുകള്‍ തുടരുകയാണ്. കൂടാതെ വിവിധ മാധ്യമസ്ഥാപനങ്ങളും വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എല്ലായിടങ്ങളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വിദ്യാരംഭ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും ക്ഷേത്രദര്‍ശനത്തിനുമായി എത്തുന്ന ഭക്തര്‍ക്കായി അധികൃതര്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളിലെല്ലാം പുലർച്ചെ 4 മണിമുതൽ ദശമി പൂജകളും എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചിരുന്നു.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നിന് തന്നെ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചിരുന്നു. ഉച്ചക്ക് ഒന്നരവരെയാണ് ഇവിടെ ചടങ്ങ് നടക്കുക. കൊല്ലൂരിലെ ആദ്യാക്ഷരം കുറിക്കല്‍ ഏറ്റവും പ്രധാന്യമായി കാണുന്നുവെന്നത് കൊണ്ട് തന്നെ മഹാനവമി നാളില്‍ തന്നെ ഇവിടെ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. വലിയ തിരക്ക് പരിഗണിച്ച് ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തോട് ചേര്‍ന്നാണ് വിദ്യാരംഭത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. കന്നട, മലയാള ഭാഷയിലാണ് കൊല്ലൂരില്‍ ആദ്യാക്ഷരം കുറിക്കുന്നത്.
തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ രാവിലെ അഞ്ച് മണിയോടെ തന്നെ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചു. എഴുത്തിനിരുത്തലിന് പാരമ്പര്യ എഴുത്താശാന്‍മാര്‍ക്ക് സാഹിത്യകാരൻമാരും എത്തിയിരുന്നു. ചടങ്ങിന് തുഞ്ചന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായര്‍, കെ.പി. രാമനുണ്ണി, പി.കെ. ഗോപി, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൃഷ്ണശിലാമണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലുമാണ് എഴുത്തിനിരുത്തല്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.