കൃഷിവകുപ്പിലെ സ്ഥലംമാറ്റം; പലര്‍ക്കും ശമ്പളവും കസേരയുമില്ല
text_fieldsതിരുവനന്തപുരം: ഭരണമാറ്റം നടന്നതോടെ കൃഷി വകുപ്പില്‍ നടന്ന കൂട്ട സ്ഥലം മാറ്റത്തിന് ഇരകളായ 20ഓളം ജീവനക്കാര്‍ക്ക് ശമ്പളവും കസേരയുമില്ല. കൃഷി അസിസ്റ്റന്‍റുമാരുടെ പൊതു സ്ഥലംമാറ്റത്തില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്കാണ് ഈ ദുരവസ്ഥ. തിരുവനന്തപുരത്ത് ഒമ്പതും കൊല്ലത്ത് ഏഴും പത്തനംതിട്ടയില്‍ ഏതാനും അസിസ്റ്റന്‍റുമാര്‍ നിലവില്‍ കൃഷി ഓഫിസിന് പുറത്താണ്. മാനദണ്ഡങ്ങളെല്ലാം അട്ടിമറിച്ച് ജൂലൈ 17ന് നീണ്ടൊരു പട്ടികയാണ് ഡയറക്ടറേറ്റ് ആദ്യം പ്രസിദ്ധീകരിച്ചത്. അന്ന് ജീവനക്കാരുടെ പ്രതിഷേധം ശക്തമായപ്പോള്‍ ഉത്തരവ് മരവിപ്പിച്ചു.
തുടര്‍ന്ന് മറ്റൊരു പട്ടിക പുറത്തിറക്കി. അതിലും നിരവധി പരാതികള്‍ ഉണ്ടായെങ്കിലും പിന്നീട് മാറ്റമുണ്ടായില്ല. വര്‍ഷങ്ങളായി വടക്കന്‍ ജില്ലകളിലായിരുന്നവരെ തെക്കന്‍ ജില്ലകളിലേക്ക് മാറ്റിയെങ്കിലും അവര്‍ക്ക് ഇരിക്കാന്‍ കൃഷിഭവനില്‍ കസേരയില്ല. തലസ്ഥാന ജില്ലയില്‍നിന്ന് സ്ഥലംമാറ്റം ലഭിച്ചവര്‍ സ്റ്റേ ഉത്തരവ് വാങ്ങിയതും പ്രതിസന്ധി രൂക്ഷമാക്കി. നിലവില്‍ തസ്തിക ഇല്ലാത്തതിനാല്‍ ജില്ലാ ഓഫിസിലാണ് വടക്കുനിന്ന് വന്നവരെ തല്‍ക്കാലം ഇരുത്തിയത്. എന്നാല്‍ തസ്തിക ഉള്ളിടത്തുനിന്നേ ശമ്പളം ലഭിക്കൂ. അതിനാല്‍ ആഗസ്റ്റില്‍ എത്തിയവര്‍ക്ക് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. ജില്ലാ ഓഫിസിലാകട്ടെ, ഒപ്പിടാന്‍ പുസ്തകവുമില്ല. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ മറുപടിയില്ളെന്നും ജീവനക്കാര്‍ പറയുന്നു.
തലസ്ഥാന ജില്ലയില്‍ മാനദണ്ഡം കാറ്റില്‍പറത്തി 20ല്‍ അധികംപേര്‍ വര്‍ഷങ്ങളായി രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ച് തുടരുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് സ്ഥലംമാറ്റത്തിന് പ്രത്യേക ലോബി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോഴും സ്ഥലംമാറ്റത്തിനുപിന്നില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥലംമാറ്റം സുതാര്യമായ മാനദണ്ഡമനുസരിച്ച് നടത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഉദ്യോഗസ്ഥ മേധാവികള്‍ ഈ അവസരം മുതലെടുത്ത് രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി സ്ഥലംമാറ്റം നടത്തിയതായും ആക്ഷേപമുണ്ട്. കസേര ലഭിക്കാത്ത അസിസ്റ്റന്‍റുമാര്‍ക്ക് ശമ്പളം അധികകാലം നിഷേധിക്കാനാവില്ല. ജോലി ചെയ്യാതെ ഇവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കണം. മന്ത്രി ഇക്കാര്യത്തില്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.