ബന്ധു നിയമന വിവാദം: വിജിലൻസ് ഡയറക്ടർ മുഖ്യമന്ത്രിയെ കണ്ടു
text_fieldsതിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടു. രാവിലെ 7.45 ഓടെ ഔദ്യോഗിക വസതിയിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. 20 മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് ജേക്കബ് തോമസ് എത്തിയത്.
വ്യവസായമന്ത്രി ഇ.പി ജയരാജനെതിരെ വിജിലന്‍സ് ത്വരിത പരിശോധന നടത്തുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ അനുമതി വാങ്ങാനാണ് ഡയറക്ടര്‍ എത്തിയതെന്നാണ് സൂചന.ഇന്ന് തന്നെ ജയരാജനെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടേക്കും.
ത്വരിത പരിശോധന നടത്തേണ്ട ഗൗരവം ജയരാജനെതിരായ പരാതികളിലുണ്ടെന്നാണ് വിജിലന്‍സ് അധികൃതരുടെ പ്രാഥമിക നിഗമനം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവരാണ് പരാതി നല്‍കിയത്.
പാര്‍ട്ടിയും മുഖ്യമന്ത്രിയും തിരുത്തല്‍ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ നടപടിയെടുക്കുന്നതിന് വിജിലന്‍സിന് രാഷ്ട്രീയമായ പ്രതിസന്ധികളില്ല. മുതിര്‍ന്ന നേതാക്കള്‍ പലരും ജയരാജനെതിരെ നടപടി വേണമെന്ന നിലപാടിലുമാണ്.
ബന്ധുനിയമനവുമായി ബന്ധപ്പെട്ട് പിശക് പറ്റിയിട്ടുണ്ടെന്ന് പാര്‍ട്ടിയും മുഖ്യമന്ത്രിയും തുറന്നുസമ്മതിച്ചസാഹചര്യത്തില്‍ ത്വരിത പരിശോധന നടത്താതിരിക്കാന്‍ വിജിലന്‍സിനാവില്ല.
ത്വരിതപരിശോധന പ്രഖ്യാപിച്ചാല്‍ ജയരാജന്‍ മന്ത്രിയായി തുടരുന്നതിലെ ധാര്‍മികതയും ചോദ്യംചെയ്യപ്പെടും. വിജിലന്‍സ് അന്വേഷണം നേരിട്ടഘട്ടത്തില്‍ കെ.ബാബുവിന്റെയും കെ.എം. മാണിയുടേയും രാജി ആവശ്യപ്പെട്ടത് പ്രധാനമായും സി.പി.എം. നേതാക്കളായിരുന്നു.
ഏഴുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റം അഴിമതി നിരോധന നിയമം 13(1)(ഡി) പ്രകാരം അധികാരസ്ഥാനത്തിരിക്കുന്നവര്‍ തനിക്കോ മറ്റുള്ളവര്‍ക്കോ ലാഭമുണ്ടാക്കാന്‍ ചെയ്യുന്നനടപടികളില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. അഴിമതി നിരോധനനിയമം 13(2) പ്രകാരം ഒന്നുമുതല്‍ ഏഴുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം. ജയരാജന്റെ കാര്യത്തില്‍ സര്‍ക്കാറിനു നഷ്ടമുണ്ടാക്കിയില്ലെന്ന വാദം ഉന്നയിക്കപ്പെടാം.
എന്നാല്‍ 1963-ല്‍ കേരള സര്‍ക്കാറും നാരായണന്‍ നമ്പ്യാര്‍ എന്ന റവന്യു ഇന്‍സ്പെക്ടറും തമ്മില്‍ നടന്ന കേസില്‍, സര്‍ക്കാറിനു നഷ്ടമുണ്ടാകുന്നില്ലെങ്കിലും വ്യക്തികള്‍ക്ക് അനധികൃതമായി ലാഭമുണ്ടാകുന്ന നടപടികള്‍ അഴിമതിയാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. അഴിമതി നിരോധനനിയമപ്രകാരം കേരളത്തില്‍ ഇതുവരെ മന്ത്രിമാരാരും ശിക്ഷിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ചില പൊതുമേഖലാ സ്ഥാപനമേധാവികള്‍ക്ക് സ്ഥാനം നഷ്ടമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.