സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍: സര്‍ക്കാറും മാനേജ്മെന്‍റുകളും ധാരണയിലേക്ക്
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശത്തിലെ ഫീസ് നിരക്ക് സംബന്ധിച്ച് സര്‍ക്കാറും മാനേജ്മെന്‍റുകളും ധാരണയിലേക്ക്. തര്‍ക്കമുള്ള 30 ശതമാനം സീറ്റുകളിലേക്ക് 30 ശതമാനം ഫീസ് വര്‍ധനക്ക് ഏറക്കുറെ ധാരണയായി. ഇക്കാര്യത്തില്‍ വ്യാഴാഴ്ച വൈകീട്ട് ആറിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനമെടുക്കും. ബുധനാഴ്ച മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പുരോഗതിയുണ്ടായത്.
മെഡിക്കലിലും ഡെന്‍റലിലും സര്‍ക്കാറിന് വിട്ടുകൊടുക്കുന്ന 50 ശതമാനം സീറ്റുകളില്‍ (ആകെ 100 സീറ്റുണ്ടെകില്‍ 50) 30 എണ്ണത്തിലെ ഫീസ് സംബന്ധിച്ചാണ് തര്‍ക്കമുണ്ടായിരുന്നത്. മെറിറ്റിലെ 30 ശതമാനം സീറ്റിലേക്കും മാനേജ്മെന്‍റ് ക്വോട്ട സീറ്റിലേക്കും ഏകീകൃത ഫീസ് വേണമെന്ന നിലപാടില്‍നിന്ന് മാനേജ്മെന്‍റ് അസോസിയേഷന്‍ പിന്മാറിയതോടെയാണ് ഒത്തുതീര്‍പ്പിന് വഴിതുറന്നത്. നേരത്തേ ഈ സീറ്റുകളിലേക്ക് 12.5 ലക്ഷം രൂപ ഏകീകൃത ഫീസായിരുന്നു മാനേജ്മെന്‍റുകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ചര്‍ച്ചയില്‍ 4.4 ലക്ഷം രൂപ എന്ന നിരക്കാണ് മാനേജ്മെന്‍റുകള്‍ മുന്നോട്ടുവെച്ചത്.
ക്രിസ്ത്യന്‍ മാനേജ്മെന്‍റ് ഫെഡറേഷന് കീഴിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ അനുവദിച്ച ഏകീകൃത ഫീസ് ആണിത്. എന്നാല്‍, ഈ തുക സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. പകരം കഴിഞ്ഞ വര്‍ഷത്തെ 1.85 ലക്ഷം രൂപയില്‍ 10 ശതമാനം വരെ വര്‍ധന ആകാമെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചു. ഇത് മാനേജ്മെന്‍റിന് സ്വീകാര്യമായില്ല. തുടര്‍ന്നാണ് ഫീസ് നിരക്കില്‍ 30 ശതമാനത്തിന്‍െറ വര്‍ധനയിലേക്ക് ഇരുപക്ഷവും എത്തിയത്.
ഇതുപ്രകാരം മെഡിക്കലില്‍ 30 സീറ്റുകളിലേക്ക് നിലവില്‍ 1.85 ലക്ഷമുള്ളത് 2.5 ലക്ഷമായി ഉയര്‍ന്നേക്കും. സര്‍ക്കാറിന് വിട്ടുനല്‍കുന്ന മെറിറ്റിലെ 20 സീറ്റുകളില്‍ 25,000 രൂപ ഫീസിനും ധാരണയായി. മാനേജ്മെന്‍റ് ക്വോട്ടയില്‍ 35 ശതമാനം സീറ്റിലേക്ക് 12.5 ലക്ഷം രൂപയാണ് മാനേജ്മെന്‍റുകള്‍ മുന്നോട്ടുവെച്ചത്. ഇതില്‍ കുറവ് വേണമെന്ന് സര്‍ക്കാറും നിലപാടെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം എട്ടര ലക്ഷം രൂപയുണ്ടായിരുന്ന ഈ സീറ്റുകളിലും 10 ശതമാനത്തിന്‍െറ വര്‍ധനയാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. 10 ലക്ഷം വരെ ആകാമെന്നാണ് സര്‍ക്കാര്‍ ചര്‍ച്ചയില്‍ നല്‍കിയ സൂചന. എന്‍.ആര്‍.ഐ ക്വോട്ടയിലേക്ക് 15 മുതല്‍ 20 ലക്ഷം രൂപയാണ് മാനേജ്മെന്‍റുകള്‍ ആവശ്യപ്പെട്ടത്.
ഡെന്‍റലില്‍ സര്‍ക്കാറിന് വിട്ടുനല്‍കുന്ന 50 മെറിറ്റ് സീറ്റുകളില്‍ 20 സീറ്റുകളില്‍ കുറഞ്ഞ ഫീസിന് ധാരണയായി. ഈ 20 സീറ്റുകളില്‍ ആറെണ്ണത്തിലേക്ക് ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് 23,000 രൂപക്കും അവശേഷിക്കുന്ന 14 സീറ്റിലേക്ക് 44,000 രൂപക്കുമാണ് ധാരണ. മെറിറ്റിലെ അവശേഷിക്കുന്ന 30 സീറ്റുകളില്‍ 3.3 ലക്ഷമാണ് മാനേജ്മെന്‍റുകള്‍ ആവശ്യപ്പെട്ടിരുന്നത്. ഇതു മൂന്ന് ലക്ഷമാക്കാന്‍ മാനേജ്മെന്‍റുകള്‍ സമ്മതിച്ചു.
കഴിഞ്ഞ വര്‍ഷം അനുവദിച്ച 1.75 ലക്ഷത്തില്‍ 10 ശതമാനത്തിന്‍െറ വര്‍ധന അനുവദിക്കാന്‍ സര്‍ക്കാറും സന്നദ്ധത അറിയിച്ചു. ഇതോടെയാണ് 30 ശതമാനത്തിന്‍െറ വര്‍ധനയിലേക്ക് ചര്‍ച്ച എത്തിയത്. ഈ ധാരണ നടപ്പിലായാല്‍ നിലവിലെ 1.75 ലക്ഷം 2.4 ലക്ഷം വരെ ഉയര്‍ന്നേക്കും. ചര്‍ച്ചയില്‍ പുരോഗതിയുള്ളതായും ധാരണയിലേക്ക് അടുത്തതായും മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് പി. കൃഷ്ണദാസ്, ഡോ. ഫസല്‍ ഗഫൂര്‍ എന്നിവര്‍ അറിയിച്ചു. മുഖ്യമന്ത്രി അടിയന്തരമായി കോഴിക്കോട്ടേക്ക് പോയതോടെയാണ് ബുധനാഴ്ചയിലെ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.