ദേശീയ പണിമുടക്കിനിടെ സംഘർഷം; സമരക്കാർ വാഹനങ്ങൾ തടഞ്ഞു
text_fieldsതിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂനിയനുകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ പണിമുടക്കിനിടെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സംഘർഷം. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞത്. ഇത് ചെറിയ സംഘർഷത്തിന് വഴിവെച്ചു.
തിരുവനന്തപുരത്ത് ഐ.എസ്.ആർ.ഒയുടെയും വി.എസ്.എസ്.സിയുടെ പ്രവർത്തനങ്ങൾ തടസപ്പെട്ടു. ഇരു സ്ഥാപനങ്ങളിൽ രാവിലെ ഏഴു മണിക്ക് ജീവനക്കാരെ എത്തിക്കാനായില്ല. ജീവനക്കാരെ എത്തിക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുള്ള ഗ്യാരേജ് സമരക്കാർ ഉപരോധിച്ചു. കൂടാതെ നഗരത്തിൽ സവാരി നടത്താനെത്തിയ ഒാട്ടോറിക്ഷാ തൊഴിലാളികളെ സമരക്കാർ തടഞ്ഞു.
എറണാകുളം സൗത്തിലും നോര്‍ത്തിലും ട്രെയിൻ യാത്രക്കാരുടെ വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു. യൂബര്‍ ടാക്സിയുടെ ചില്ലുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു.
കൊച്ചിയിലെ വ്യാവസായിക മേഖലകളിൽ ഭാഗികമായി ജീവനക്കാർ എത്തിയിട്ടുണ്ട്. കൊച്ചിൻ ഷിപ്പിയാർഡ്, പോർട്ട് ട്രസ്റ്റ്, എഫ്.എ.സി.ടി, കാക്കനാട് ഇൻഫോ പാർക്ക് എന്നിവിടങ്ങളിൽ ഹാജർ നില കുറവാണ്. കൂടാതെ എഫ്.എ.സി.ടി.യിൽ ജോലിക്കെത്തിയവരെ തൊഴിലാളി സംഘടനാ നേതാക്കള്‍ തിരിച്ചയച്ചു.
രാത്രി 10 മണിക്ക് തിരുവനന്തപുരത്തെ സർക്കാർ പ്രസിൽ ഉപരോധം ഏർപ്പെടുത്തിയാണ് സംയുക്ത സമരസമിതി 24 മണിക്കൂർ പണിമുടക്കിന് തുടക്കം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.