സംസ്ഥാനത്ത് പോക്സോ കേസുകള്‍ വര്‍ധിക്കുന്നു
text_fieldsകാസര്‍കോട്: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റകൃത്യത്തിന്മേല്‍ ചുമത്തുന്ന പോക്സോ (പ്രിവന്‍ഷന്‍ ഓഫ് ചില്‍ഡ്രന്‍സ് എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ അബ്യൂസസ്) നിയമപ്രകാരമുള്ള കേസുകളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് ക്രമാതീത വര്‍ധന. 2012ലാണ് ശക്തമായ ഭേദഗതിയോടെ പോക്സോ നിയമം നടപ്പാക്കിത്തുടങ്ങിയത്. 2013ല്‍ സംസ്ഥാനത്ത് 1002 കേസുകളാണുണ്ടായിരുന്നത്. എന്നാല്‍, 2016 വര്‍ഷം ആറുമാസം പിന്നിട്ടപ്പോള്‍തന്നെ 945 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിയമത്തെക്കുറിച്ച് ബോധവത്കരണം ശക്തമാക്കുകയും നിയമം കര്‍ശനമായി നടപ്പാക്കുകയും ചെയ്തുതുടങ്ങിയപ്പോഴാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വര്‍ധനവുണ്ടായത്. 2012-2013 വര്‍ഷമാണ് കേസുകളില്‍ ബോധവത്കരണം ആരംഭിച്ചത്. 2014 ആകുമ്പോഴേക്കും കേസുകളില്‍ വലിയ വര്‍ധനവുണ്ടായി. 1380 കേസുകളാണ് ആ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. 2015ല്‍ 1569 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കേസുകളുടെ 2000 മറികടക്കുമെന്നാണ് സൂചന.
നിയമം കര്‍ശനമാക്കുന്നത് കുറ്റകൃത്യം തടയുന്നതിന് ഉപകരിക്കുന്നില്ല എന്ന സന്ദേശമാണ് കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികപീഡനങ്ങളുടെ എണ്ണം വ്യക്തമാക്കുന്നത്. 2013ല്‍ മലപ്പുറം (77), ഇടുക്കി (77) എന്നീ ജില്ലകളായിരുന്നു കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ എണ്ണത്തില്‍ മുന്നില്‍. എന്നാല്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മറ്റു ജില്ലകളിലും കുട്ടികള്‍ക്കെതിരെ വലിയതോതില്‍ പീഡനങ്ങള്‍ നടന്നതായികാണാം. 2014ല്‍ മലപ്പുറം (103), കണ്ണൂര്‍ (93), ഇടുക്കി (91), കൊല്ലം റൂറല്‍ (87), കൊല്ലം സിറ്റി (81) എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. 2015ല്‍ തിരുവനന്തപുരം റൂറലില്‍ 102 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ പാലക്കാട് 114 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മലപ്പുറം 182, വയനാട് 97, കോഴിക്കോട് 91 കേസുകളുമായി കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യത്തില്‍ മുന്നിലത്തെി. 2016 പകുതിമാസം പിന്നിട്ടപ്പോള്‍ തിരുവനന്തപുരത്ത് 89, എറണാകുളത്ത് 67, തൃശൂരില്‍ 60, മലപ്പുറത്ത് 116, കണ്ണൂര്‍ 70 എന്നിങ്ങനെ കേസുകള്‍ ഇപ്പോള്‍തന്നെ കുന്നുകൂടിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത വിവാഹങ്ങളാണ് പലേടത്തും പോക്സോ കേസുകള്‍ക്ക് ആധാരം. വയനാട്ടില്‍ ഗോത്രാചാരപ്രകാരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്തതിന് നിരവധി യുവാക്കളെ ജയിലിലടച്ചിരുന്നു. ഗോത്രാചാരപ്രകാരം ജീവിക്കുന്ന ആദിവാസികള്‍ക്ക് ഇക്കാര്യത്തില്‍ ബോധവത്കരണം നല്‍കാതെ ജയിലിലടച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.