കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി. നടപടിക്രമങ്ങള്‍ പാലിക്കാതെ നല്‍കിയ ഹരജി കോടതി വാദത്തിലേക്ക് കടക്കാതെ തള്ളുകയായിരുന്നു. തെരഞ്ഞെടുപ്പ് അഴിമതി ആരോപണമുന്നയിച്ചാണ് ഹരജി നല്‍കിയിരുന്നത്. അതേസമയം, ഹരജി നിലനില്‍ക്കുന്നതാണോയെന്ന കാര്യത്തില്‍ ഹരജിക്കാരന്‍െറയും കക്ഷികളുടെയും വാദം കേട്ടു.
ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമായ പ്രവൃത്തി നടത്തിയ സാഹചര്യത്തില്‍ വേങ്ങര മണ്ഡലത്തില്‍നിന്നുള്ള കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലത്തിലെ വോട്ടറായ മുജീബ് നല്‍കിയ ഹരജിയാണ് തള്ളിയത്.
സ്ഥാവരവസ്തുക്കളുടെ വിശദാംശങ്ങള്‍ മറച്ചുവെച്ചാണ് നാമനിര്‍ദേശ പത്രികക്കൊപ്പം സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നായിരുന്നു ആരോപണം. ഇത് ചൂണ്ടിക്കാട്ടിയെങ്കിലും വരണാധികാരി പത്രിക സ്വീകരിച്ചു. വസ്തു വിവരങ്ങള്‍ മറച്ചുവെച്ചത് തെരഞ്ഞെടുപ്പ് അഴിമതിയുടെ പരിധിയില്‍ വരുന്നതാണെന്നും കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
അതേസമയം, തെരഞ്ഞെടുപ്പ് ഹരജി നല്‍കുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിഹരിക്കാവുന്ന ചില അപാകതകള്‍ക്ക് പുറമെ സത്യവാങ്മൂലം വ്യവസ്ഥപ്രകാരം സാക്ഷ്യപ്പെടുത്താത്ത ഗുരുതര കുറവ് ഹരജിയിലുണ്ട്. തെരഞ്ഞെടുപ്പ് അഴിമതി ആരോപിക്കുന്ന ഹരജിക്കൊപ്പം നല്‍കുന്ന സത്യവാങ്മൂലം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിന്‍െറയോ നോട്ടറിയുടെയോ ചുമതലപ്പെട്ട പ്രതിജ്ഞാ നടത്തിപ്പ് (ഓത്ത് കമീഷണര്‍) ഉദ്യോഗസ്ഥന്‍െറയോ സാക്ഷ്യപ്പെടുത്തലോടെ സമര്‍പ്പിക്കണം. എന്നാല്‍, ഹരജിക്കാരനുവേണ്ടി അഭിഭാഷകനാണ് ഹരജി സാക്ഷ്യപ്പെടുത്തിയത്. ഓത്ത് കമീഷണര്‍ എന്ന പേരില്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നിരിക്കെ ഹരജിക്കാരന്‍െറ അഭിഭാഷകന്‍ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തുന്നതില്‍ അപാകതയില്ലെന്നായിരുന്നു ഹരജിക്കാരന്‍െറ വാദം. എന്നാല്‍, ഇത്തരം അധികാരി നിലവിലില്ലാതിരിക്കെ മജിസ്ട്രേറ്റിന്‍െറയോ നോട്ടറിയുടെയോ സാക്ഷ്യപ്പെടുത്തല്‍ അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സത്യവാങ്മൂലത്തോടൊപ്പമല്ലാത്ത ഹരജി സാധുതയില്ലാത്തതാണെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
ചട്ടപ്രകാരം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്ന ഹരജിക്കാരന്‍െറ വാദവും കോടതി തള്ളി. ഫലപ്രഖ്യപനത്തിന് ശേഷം 45 ദിവസത്തിനകം തെരഞ്ഞെടുപ്പ് ഹരജി നല്‍കണം. ഹരജി നല്‍കിയത് ഈ പരിധി അവസാനിക്കുന്ന അവസാന ദിവസമാണ്. സത്യവാങ്മൂലം ശരിയായരീതിയില്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയാലും സമയപരിധിക്കകം ഹരജി സമര്‍പ്പിച്ചതായി കണക്കാക്കാനാകില്ല. അതിനാല്‍, ഇങ്ങനെ ഒരവസരം നല്‍കണമെന്ന ആവശ്യം അനുവദിക്കാനാകില്ല -കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.