കേരളത്തില്‍ 3000 വീടുകള്‍ക്ക് കേന്ദ്ര സഹായം
text_fieldsന്യൂഡല്‍ഹി: കേരളത്തില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കമായ വിഭാഗങ്ങള്‍ക്ക് 3000 വീടുകള്‍ നിര്‍മിക്കുന്നതിന് കേന്ദ്ര ഗ്രാമവികസന പഞ്ചായത്തീരാജ് മന്ത്രി നരേന്ദ്രസിങ് തോമര്‍ ധനസഹായം വാഗ്ദാനം ചെയ്തതായി മന്ത്രി ഡോ. കെ.ടി. ജലീല്‍ അറിയിച്ചു. കേന്ദ്ര നിബന്ധന അനുസരിച്ച് 4000 വീടുകള്‍ക്ക് 20 ലക്ഷം രൂപ എന്ന വ്യവസ്ഥ ഇളവുചെയ്താണ് കേരളത്തിന്‍െറ പ്രത്യേക സാമൂഹികാവസ്ഥ കണക്കിലെടുത്ത് തുക അനുവദിക്കുന്നതെന്നും ജലീല്‍ പറഞ്ഞു. തോമറുമായി മന്ത്രി ജലീല്‍ ന്യൂഡല്‍ഹിയില്‍ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
500 വീടുകളില്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ 500 വീടുകള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം അധികം അനുവദിക്കണമെന്ന ആവശ്യവും കേന്ദ്രത്തിന് മുമ്പാകെ വെച്ചു. ഇതിനു പുറമെ, ഗ്രാമീണ മേഖലയില്‍ 372 കിലോമീറ്റര്‍ പുതിയ പാതകള്‍ നിര്‍മിക്കുന്നതിന് 375 കോടി രൂപയും ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് കുടിശ്ശിക ഉള്‍പ്പെടെയുള്ള വേതനം നല്‍കുന്നതിന് ഓണത്തിന് 50 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
സ്വച്ഛ് ഭാരത് മിഷന്‍െറ ഭാഗമായി തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം ഇല്ലാത്ത സംസ്ഥാനമായി നവംബര്‍ ഒന്നിന് കേരളത്തെ പ്രഖ്യാപിക്കാനിരിക്കുകയാണെന്ന് മന്ത്രി ജലീല്‍ പറഞ്ഞു. ശ്യാമപ്രസാദ് മുഖര്‍ജി അര്‍ബന്‍ മിഷന്‍െറ ഭാഗമായി നെടുമങ്ങാട്, പറവൂര്‍, തലശ്ശേരി, കോട്ടയം ക്ളസ്റ്ററുകള്‍ക്ക് അഞ്ചു കോടി വീതം 20 കോടി രൂപ ഉടനെയും 10 കോടി പിന്നീടും അനുവദിക്കും.
ഈ നഗരങ്ങളോട് ചേര്‍ന്ന തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളുടെ വികസനത്തിനാണ് തുക വിനിയോഗിക്കുക. നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതിയായ പി.എം.കെ.എസ്.വൈക്ക് 158 കോടി രൂപ അനുവദിക്കണമെന്ന അഭ്യര്‍ഥനയും അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി മന്ത്രി ജലീല്‍ അറിയിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, തദ്ദേശ സ്വയംഭരണ സെക്രട്ടറി എ. ഷാജഹാന്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.