ബജറ്റ്: മാണിക്കെതിരെ പരിശോധന വ്യാപിപ്പിച്ച് വിജിലന്‍സ്
text_fieldsതിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറില്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റുമായി ബന്ധപ്പെട്ട പരാതികളില്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ അന്വേഷണം വ്യാപിപ്പിക്കുന്നു. ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തിന് പിന്നാലെ വിജിലന്‍സിന്‍െറ വിവിധ യൂനിറ്റുകളിലും റെയ്ഞ്ച് ഓഫിസുകളിലും മാണിക്കെതിരെ ത്വരിതപരിശോധനകള്‍ ആരംഭിച്ചതായി ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു. വന്‍കിട വസ്ത്രശാലകള്‍, അരിമില്ലുകള്‍ എന്നിവക്ക് വാണിജ്യനികുതി സെക്രട്ടറിയുടെയും കമീഷണറുടെയും എതിര്‍പ്പ് തള്ളി ബജറ്റില്‍ നികുതിയിളവ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് പ്രധാന അന്വേഷണം. വിവിധ വ്യാപാരികളുമായി മാണി ഒത്തുകളി നടത്തിയെന്നും ഇതിലൂടെ ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിയെന്നുമാണ് പരാതി. പാലക്കാട്, കുട്ടനാട് എന്നിവിടങ്ങളില്‍നിന്ന് നെല്ല് ശേഖരിച്ച് സിവില്‍ സപൈ്ളസ് കോര്‍പറേഷന് വില്‍ക്കുന്ന കമ്പനികളുടെ 60 കോടിയുടെ ബില്ല് മാറാന്‍ രണ്ടുകോടി കോഴ വാങ്ങിയെന്നും സ്വര്‍ണവ്യാപാരികളില്‍നിന്ന് 19 കോടി വാങ്ങിയെന്നും വിജിലന്‍സിന് പരാതി ലഭിച്ചിട്ടുണ്ട്. വസ്ത്രശാലകള്‍ക്ക് ഇളവുകള്‍ അനുവദിച്ചതിന്‍െറയും നികുതികുടിശ്ശിക എഴുതിത്തള്ളിയതിന്‍െറയും രേഖകള്‍ സഹിതമാണ് പരാതികള്‍.
മാണി മന്ത്രിയായിരിക്കേ നികുതിയിളവ് അനുവദിച്ചതിന്‍െറ മുഴുവന്‍ ഫയലുകളും വിജിലന്‍സ് പരിശോധിച്ചുവരികയാണ്. വഴിവിട്ട ഇടപാടുകള്‍ നടത്തിയെന്ന് സ്ഥിരീകരിക്കത്തക്ക തെളിവുകള്‍ ലഭിച്ചതായി വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു. നേരത്തെ, ബാര്‍ കോഴ വിവാദം കത്തിനില്‍ക്കെ കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള മാണിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് വിജിലന്‍സിന് ലഭ്യമായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ മാണിക്കെതിരെ കൂടുതല്‍ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.