വ്യത്യസ്ത മതവിഭാഗക്കാര്‍ തമ്മിലെ വിവാഹം സമുദായ സര്‍ട്ടിഫിക്കറ്റിന്‍െറ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യരുത് –കോടതി
text_fieldsകൊച്ചി: വ്യത്യസ്ത മതവിഭാഗക്കാര്‍ തമ്മിലെ വിവാഹം സമുദായ സംഘടന നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്‍െറ അടിസ്ഥാനത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് ഹൈകോടതി. വിവിധ മതത്തില്‍പ്പെട്ടവര്‍ വിവാഹിതരായെന്നു കാണിച്ച് ശിവഗിരി മഠവും എസ്.എന്‍.ഡി.പി യോഗം പോലുള്ള സമുദായ സംഘടനകളും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഒരേ മതത്തിലുള്ളവരുടെ വിവാഹമാണ് അനുവദനീയമായ സ്ഥലത്ത് മതാചാരപ്രകാരം നടന്നതെന്ന് ഉറപ്പുവരുത്തിവേണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍.
വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവര്‍ തമ്മിലെ വിവാഹത്തിന് എസ്.എന്‍.ഡി.പി യോഗം പോലുള്ള സ്ഥാപനങ്ങള്‍ നല്‍കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റിന് നിയമസാധുതയില്ല. ഈ സാഹചര്യത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യത്തില്‍ സര്‍ക്കാര്‍ മതിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണം. വധൂവരന്മാര്‍ വിവിധ മതത്തിലുള്ളവരായാല്‍ സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതാണ് സാധുതയുള്ള വിവാഹമെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രിസ്ത്യന്‍ സമുദായാംഗമായ പെണ്‍കുട്ടിയെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ മുത്തശ്ശി നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് കോടതി ഉത്തരവ്.
പെണ്‍കുട്ടി ഹോസ്റ്റലില്‍നിന്ന് വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങി ഹിന്ദു സമുദായത്തില്‍പെട്ട വ്യക്തിക്കൊപ്പം താമസമാക്കിയെന്നും ഇവര്‍ നിയമപരമായി വിവാഹിതരായിട്ടില്ളെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്. കോടതിയുടെ ആവശ്യപ്രകാരം പെണ്‍കുട്ടിയും യുവാവും കോടതിയില്‍ ഹാജരായി. തങ്ങള്‍ വിവാഹിതരായി എന്നതിനു തെളിവായി നെടുമങ്ങാട് എസ്.എന്‍.ഡി.പിയോഗം നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിച്ചത്.
സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച കോടതി എസ്.എന്‍.ഡി.പി യോഗം തെറ്റിദ്ധരിപ്പിച്ച് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ വിമര്‍ശിച്ചു. ഇരുവിഭാഗത്തിലുള്ളവര്‍ തമ്മിലെ വിവാഹം 1954ലെ സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മുമ്പ് ശിവഗിരി മഠത്തില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസും കോടതിയുടെ മുമ്പാകെ വന്നിട്ടുണ്ട്. ഇത്തരത്തില്‍ ധാരാളം സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. സമുദായ സംഘടനകളുടെ ഇത്തരം നടപടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത്തരം വിവാഹസര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് വിശ്വസിച്ചാണ് സ്ത്രീയും പുരുഷനും ജീവിക്കുന്നത്. ഇവര്‍ തമ്മില്‍ ബന്ധം വേര്‍പെടുത്തിയാല്‍ സ്വത്ത് അടക്കമുള്ള ഒരാനൂകൂല്യവും ദമ്പതികളെന്ന നിലയില്‍ നിയമപരമായി ലഭിക്കില്ളെന്ന് കോടതി ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് ഇത്തരം സംഘടനകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നത് നിയന്ത്രിക്കണമെന്ന് കോടതി നിര്‍ദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.