ഓണത്തെ വരവേല്‍ക്കാന്‍ അമ്പെയ്ത്തുമായി പേരാമ്പ്ര
text_fieldsപേരാമ്പ്ര: ഓണത്തിന് പേരാമ്പ്ര മേഖലയിലെ പ്രധാന വിനോദമാണ് അമ്പെയ്ത്ത് മത്സരം. ഓണത്തിന് ആഴ്ചകള്‍ക്കു മുമ്പേതന്നെ ഇവിടങ്ങളില്‍ മത്സരങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വിശേഷദിവസങ്ങളില്‍ പഴയ കുറുമ്പ്രനാട് താലൂക്കിലെ തറവാടുകളില്‍ നടന്നിരുന്ന ഈ മത്സരം ഇടക്കാലത്ത് അന്യംനിന്നുപോയെങ്കിലും ചെറുവണ്ണൂര്‍, നൊച്ചാട്, കോട്ടൂര്‍, ചങ്ങരോത്ത് പഞ്ചായത്തുകളില്‍ പൂര്‍വാധികം ശക്തിയോടെ ഇത് തിരിച്ചുകൊണ്ടുവരാനുള്ള ഒരുക്കങ്ങളാണുള്ളത്. ആവള കുട്ടോത്ത് ജനകീയം കൂട്ടായ്മ നടത്തുന്ന ജില്ലാതല അമ്പെയ്ത്ത് മത്സരം ശനിയാഴ്ച തുടങ്ങുകയാണ്.
കടിയങ്ങാട് ഒരു മാസമായി അമ്പെയ്ത്ത് പരിശീലനം നടക്കുകയാണ്. അമ്പെയ്ത്ത് കളം രാമല്ലൂര്‍, ബോധന കക്കറമുക്ക്, എ.ആര്‍.സി അവിടനല്ലൂര്‍, അമ്പെയ്ത്ത് കളം ആക്കൂപ്പറമ്പ്, ബ്രദേഴ്സ് ആക്കൂപ്പറമ്പ്, കേളന്‍ മെമ്മോറിയല്‍ ക്ളബ് കടിയങ്ങാട്, ദിവ്യ അവിടനല്ലൂര്‍, ഓട്ടുവയല്‍ ഗ്രാമീണ കലാവേദി തുടങ്ങിയവയാണ് മേഖലയിലെ പ്രധാന ടീമുകള്‍. ആദ്യവസാനം വരെ അത്യന്തം ആവേശം നിറഞ്ഞ അമ്പെയ്ത്ത് മത്സരം കാണാന്‍ ആളുകള്‍ക്ക് ഒരു പഞ്ഞവുമുണ്ടാവാറില്ല.
12 പേരടങ്ങുന്ന ടീമുകളാണ് മത്സരിക്കുക. കളത്തില്‍ 30 മീറ്റര്‍ അകലെ ചെപ്പ് വെക്കും. ടോസ് നേടുന്ന ടീം ആദ്യം അമ്പെയ്യും. ഇവര്‍ ചെപ്പില്‍ കൊള്ളിച്ചാല്‍ അത് ഓടി എടുക്കണം. ഈ സമയത്ത് എതിര്‍ ടീമുകള്‍ അമ്പെയ്ത് ചെപ്പിനു കൊള്ളിക്കാന്‍ ശ്രമിക്കും. എതിര്‍ ടീമിന്‍െറ അമ്പുകൊണ്ട് ഇരട്ട അക്കം അമ്പാണ് ചെപ്പില്‍ തറച്ചതെങ്കില്‍ ആര്‍ക്കും പോയന്‍റ് ഉണ്ടാവില്ല. ഒറ്റ അക്കത്തിലുള്ള അമ്പ് ലഭിച്ചാല്‍ ആ കളത്തിലുള്ള അമ്പ് മുഴുവന്‍ ടീമിന്‍െറ പോയന്‍റായിരിക്കും. ഓരോ ടീമിനും 500 അമ്പ് വീതമാണ് ഉണ്ടാവുക. ഈര്‍ക്കില്‍ കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. ഒരു മണിക്കൂറാണ് മത്സര സമയം.
ചെറുവണ്ണൂരിലെ എരോത്തറേമ്മല്‍ കുഞ്ഞബ്ദുല്ല ഹാജി, ഇ. കേളപ്പന്‍, കണ്ണന്‍കോട്ട് കുഞ്ഞമ്മദ് ഹാജി, തുരുത്തിയില്‍ കുഞ്ഞിരാമന്‍ നായര്‍, സൂപ്പി ഹാജി എന്നിവര്‍ ആദ്യകാല അമ്പെയ്ത്തു കളിക്കാരാണ്. സംഘര്‍ഷ സാധ്യത വളരെ കൂടുതലുള്ള ഈ കളി 15 വര്‍ഷമായി നിയന്ത്രിക്കുന്നത് തുരുത്തിയില്‍ ശശിയാണ്. ഈ മേഖലയില്‍ എവിടെ മത്സരം നടന്നാലും റഫറി ശശിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.