കേരളം, ആന്ധ്രയില്‍ കശുമാവ് നടും
text_fieldsന്യൂഡല്‍ഹി: കശുവണ്ടി തൊഴിലാളികളെ രക്ഷിക്കാന്‍ കേരളം, ആന്ധ്രയില്‍ കശുമാവ് നടും. കേരളത്തിലെ കശുവണ്ടി ഫാക്ടറികള്‍ നേരിടുന്ന തോട്ടണ്ടി ലഭ്യതക്കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം. 700 കോടിയുടേതാണ് പദ്ധതി. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ആന്ധ്ര കൃഷി മന്ത്രി പ്രതിപതി പുല്ല റാവുവുമായി നടത്തിയ ചര്‍ച്ചയില്‍ പദ്ധതി സംബന്ധിച്ച് ധാരണയായി. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ സാന്നിധ്യത്തില്‍ വൈകാതെ കരാര്‍ ഒപ്പുവെക്കും.
തോട്ടണ്ടി ഇല്ലാത്തതിനാല്‍ കേരളത്തില്‍ ഫാക്ടറികള്‍ അടച്ചിട്ടിരിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നടക്കം തോട്ടണ്ടി ഇറക്കുമതി ചെയ്താണ് ഫാക്ടറികള്‍ ഭാഗികമായി പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിന് പരിഹാരമായാണ് ഇതരസംസ്ഥാനങ്ങളില്‍ കശുമാവിന്‍ കൃഷി നടത്താനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയത്. കശുമാവ് തോട്ടത്തിന് അനുയോജ്യമായ കാലാവസ്ഥയുള്ള ആന്ധ്രയിലെ ശ്രീകാകുളം, വിജയനഗരം എന്നിവിടങ്ങളിലാണ് കേരളം കശുമാവ് നടുക.
50,000 ഹെക്ടര്‍ സ്ഥലം 99 വര്‍ഷത്തേക്ക് കേരളം പാട്ടത്തിനെടുത്ത് കശുമാവ് തൈകള്‍ നടും. ഇവിടെ ഉല്‍പാദിപ്പിക്കുന്ന തോട്ടണ്ടി കേരളത്തിലെ ഫാക്ടറികളിലേക്ക് എത്തിക്കും. ആന്ധ്രക്കും കേരളത്തിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ് പദ്ധതി. പദ്ധതിക്ക് കണക്കാക്കുന്ന ചെലവില്‍ 200 കോടി രൂപ ആദ്യഘട്ടത്തില്‍ ഹോര്‍ട്ടികോര്‍പ് വഴി കേന്ദ്രസഹായം ലഭ്യമാക്കാമെന്നാണ് പ്രതീക്ഷ. ആന്ധ്രയുമായുള്ള കരാറിനുശേഷം ഒഡിഷയില്‍ കശുമാവ് കൃഷി നടത്താനുള്ള സാധ്യതയും കേരളം പരിശോധിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.