സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശം: മാനേജ്മെന്‍റുകള്‍ക്ക് കോടികളുടെ അധികനേട്ടം
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളുമായി സര്‍ക്കാര്‍ ധാരണയിലത്തെിയത് മെറിറ്റ് സീറ്റില്‍ ഉള്‍പ്പെടെ സമീപകാലത്തെ ഉയര്‍ന്ന ഫീസ് വര്‍ധനയോടെ. കഴിഞ്ഞവര്‍ഷം വരെ ഫീസ് നിരക്കില്‍ പത്ത് ശതമാനത്തിന്‍െറ വര്‍ധന അനുവദിച്ചത് ഇത്തവണ മെറിറ്റ് സീറ്റില്‍ ഉള്‍പ്പെടെ 30 ശതമാനം വരെയായി. സര്‍ക്കാറിന് നല്‍കുന്ന 50 ശതമാനം സീറ്റില്‍ 20 ശതമാനത്തില്‍ കഴിഞ്ഞവര്‍ഷത്തെ ഫീസ് നിലനിര്‍ത്താനായത് മാത്രമാണ് ആശ്വാസം. കൂടുതല്‍ കോളജുകള്‍ കരാറിന്‍െറ പരിധിയില്‍ വന്നതിനാല്‍ കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ കഴിയുന്ന സീറ്റുകളുടെ എണ്ണവും വര്‍ധിക്കും. എന്നാല്‍ മെറിറ്റില്‍ അവശേഷിക്കുന്ന 30 ശതമാനത്തില്‍ കഴിഞ്ഞവര്‍ഷമുണ്ടായിരുന്ന 1.85 ലക്ഷം രൂപ ഇത്തവണ 2.5 ലക്ഷമായി. പത്ത് ശതമാനം വര്‍ധനയായിരുന്നെങ്കില്‍ ഇത് 2,03,500 രൂപയേ ആകൂ. വര്‍ധന വഴി 30 ശതമാനം മെറിറ്റ് സീറ്റുകളില്‍ അധികമായി മാനേജ്മെന്‍റുകള്‍ക്ക് ലഭിക്കുന്നത് 19.5 ലക്ഷം രൂപയാണ്.
ഇതിനുപുറമെയാണ് മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ ക്വോട്ട സീറ്റുകളിലെ ഫീസ് വര്‍ധന വഴിയുള്ള നേട്ടം. 35 ശതമാനം വരുന്ന മാനേജ്മെന്‍റ് ക്വോട്ട സീറ്റില്‍ കഴിഞ്ഞവര്‍ഷം വാങ്ങിയ 8.5 ലക്ഷം രൂപ ഇത്തവണ 11 ലക്ഷമായി. ഇതുവഴി ഓരോ സീറ്റിലും രണ്ടരലക്ഷം രൂപയും നൂറ് സീറ്റുള്ള മെഡിക്കല്‍ കോളജിന് ഇതുവഴി മാത്രം 87.5 ലക്ഷം രൂപയുടെയും അധികനേട്ടമുണ്ടാകും. എന്‍.ആര്‍.ഐ സീറ്റില്‍ നേരത്തെയുണ്ടായിരുന്ന 12.5 ലക്ഷം രൂപ ഇത്തവണ 15 ലക്ഷമായി. ഇതുവഴി ഓരോ കോളജിനും 37.5 ലക്ഷം രൂപയും അധികം ലഭിക്കും.
നൂറ് സീറ്റുള്ള സ്വാശ്രയ മെഡിക്കല്‍ കോളജിന് ഇത്തവണ 1.44 കോടിയുടെ അധികനേട്ടമുണ്ടാകും. ഡെന്‍റല്‍ കോളജുകളിലും ഏറെക്കുറെ സമാനമാണ് അവസ്ഥ. കഴിഞ്ഞവര്‍ഷം മെറിറ്റിലെ 30 ശതമാനത്തിലെ ഫീസ് 1.75 ലക്ഷമുണ്ടായിരുന്നത് ഇത്തവണ 2.10 ലക്ഷമായതും മുന്‍കാലങ്ങളിലെ വര്‍ധന അനുപാതം തെറ്റിച്ചാണ്. മെറിറ്റിലെ 30 ശതമാനം സീറ്റില്‍ 2011ല്‍ 1.38 ലക്ഷവും 2012ല്‍ 1.50 ലക്ഷവും 2013ല്‍ 1.65 ലക്ഷവും 2014ല്‍ 1.75 ലക്ഷവും കഴിഞ്ഞവര്‍ഷം 1.85 ലക്ഷവും ആയിരുന്നു ഫീസ്. ഇതാണ് ഇത്തവണ ഒറ്റയടിക്ക് 2.5 ലക്ഷമായത്. മെറിറ്റിലും മാനേജ്മെന്‍റിലും ഏകീകൃത ഫീസ് എന്ന മാനേജ്മെന്‍റുകളുടെ സമ്മര്‍ദത്തെ മറികടക്കാന്‍ കൂടി ലക്ഷ്യമിട്ടായിരുന്നു പതിവ് വര്‍ധനയുടെ അനുപാതം ഇത്തവണ മൂന്നിരട്ടിയാക്കിയത്.
2010ല്‍ 4.5 ലക്ഷം രൂപയായിരുന്നു 35 ശതമാനം വരുന്ന മാനേജ്മെന്‍റ് സീറ്റുകളിലെ ഫീസ് നിരക്ക്. ഇത് 2011ല്‍ 5.95 ലക്ഷത്തിലും 2012ല്‍ 6.5 ലക്ഷത്തിലും 2013ല്‍ ഏഴ് ലക്ഷത്തിലും 2014ല്‍ എട്ട് ലക്ഷത്തിലും കഴിഞ്ഞവര്‍ഷം 8.5 ലക്ഷത്തിലും എത്തി. ഇതാണ് ഒരു വര്‍ഷം കൊണ്ട് 11 ലക്ഷമായി ഉയര്‍ന്നത്. എന്‍.ആര്‍.ഐയില്‍ 2011ല്‍ ഒമ്പത് ലക്ഷവും 2012ല്‍ ഒമ്പതരലക്ഷവും 2013ല്‍ പത്തരലക്ഷവുമായിരുന്നു ഫീസ്. 2014ല്‍ 11.5 ലക്ഷവും കഴിഞ്ഞവര്‍ഷം 12.5 ലക്ഷവുമായിരുന്നു. എന്‍.ആര്‍.ഐയില്‍ പ്രതിവര്‍ഷ ഫീസ് വര്‍ധന പരമാവധി ഒരു ലക്ഷം രൂപയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.