മലബാര്‍ സിമന്‍റ്സ്: വിജിലന്‍സിന് ലഭിച്ചത് നിര്‍ണായക തെളിവുകള്‍; കുറ്റപത്രം ഉടന്‍
text_fieldsപാലക്കാട്: അഴിമതി കേസുമായി ബന്ധപ്പെട്ട് പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്‍റ്സിലെ മൂന്ന് പ്രധാന ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫിസുകളിലും വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ലഭിച്ചത് നിര്‍ണായക തെളിവുകളാണെന്ന് സൂചന. തൃശൂരിലെ വിജിലന്‍സ് കോടതിയില്‍ ഇതിനകം എഫ്.ഐ.ആര്‍ സമര്‍പ്പിച്ച രണ്ട് കേസുകളില്‍ ആരോപണ വിധേയരായവരുടെ പങ്ക് വെളിവാക്കുന്ന തെളിവുകളും ഇതില്‍ ഉണ്ട്. ഇവ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിന് പുറമെ പ്രതികള്‍ക്കെതിരായ കുറ്റപത്രം തയാറാക്കുന്നതിനും താമസമുണ്ടാവില്ളെന്ന് വിജിലന്‍സ് കേന്ദ്രങ്ങള്‍ പറയുന്നു.
സാമൂഹിക പ്രവര്‍ത്തകന്‍ ജോയ് കൈതാരം നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ ഹൈകോടതിയില്‍ നിന്നുണ്ടായ ഇടപെടലിനെ തുടര്‍ന്ന് വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ച രണ്ട് കേസുകളിലും ഈ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികളാണ്. സിമന്‍റ് ഡീലര്‍ഷിപ്പ് അനുവദിച്ചതില്‍ മൂന്ന് കോടിയോളം രൂപ സ്ഥാപനത്തിന് നഷ്ടം വന്നുവെന്ന കേസില്‍ സിമന്‍റ്സ് മാനേജിങ് ഡയറക്ടര്‍ കെ. പത്മകുമാറും മാര്‍ക്കറ്റിങ് ഡെപ്യൂട്ടി മാനേജര്‍ ജി. വേണുഗോപാലും വ്യവസായി വി.എം. രാധാകൃഷ്ണന്‍െറ സ്ഥാപനത്തിന് വഴിവിട്ട് സഹായം നല്‍കുക വഴി സിമന്‍റ്സില്‍ അരങ്ങേറിയ ക്രമക്കേട് കേസില്‍ ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫിന് പുറമെ സ്ഥാപനത്തിന് പുറത്തുള്ള നാലുപേരും പ്രതികളാണ്. ഈ മൂന്ന് ഉദ്യോഗസ്ഥരുടെ ലാവണങ്ങളില്‍ വിജിലന്‍സ് ആസൂത്രിതമായി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് സംബന്ധിച്ച വിലപ്പെട്ട രേഖകള്‍ ലഭിച്ചത്.
അതേസമയം, ചില രേഖകള്‍ അപ്രത്യക്ഷമായതായും സംശയം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കരാറില്‍ വീഴ്ച വരുത്തിയിട്ടും സ്വകാര്യ സ്ഥാപനത്തിന് ബാങ്ക് ഗ്യാരണ്ടി ഇനത്തിലുള്ള തുക തിരിച്ചുലഭിക്കാന്‍ വഴിവിട്ട നീക്കം കാരണമായിട്ടുണ്ടെന്ന് നേരത്തെ വിജിലന്‍സ് കണ്ടത്തെിയിരുന്നു. ഇതിന് ബലം നല്‍കുന്ന രേഖകളും റെയ്ഡില്‍ കിട്ടിയിട്ടുണ്ടത്രെ.
അഴിമതിക്കേസില്‍ ഉള്‍പ്പെട്ട മാനേജിങ് ഡയറക്ടര്‍, ഡെപ്യൂട്ടി മാനേജര്‍, ലീഗല്‍ ഓഫിസര്‍ എന്നിവര്‍ ഇപ്പോഴും മലബാര്‍ സിമന്‍റ്സിലെ അതത് ലാവണങ്ങളില്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കിയത്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് നിയോഗിതരായ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുകയും ഒരേസമയം അരങ്ങേറുകയും ചെയ്ത റെയ്ഡിന് നേതൃത്വം നല്‍കിയത് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പാലക്കാട് വിജിലന്‍സ് ഡിവൈ.എസ്.പി എം. സുകുമാരനാണ്. വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ പ്രതിസ്ഥാനത്തുള്ളവര്‍ക്കെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവാന്‍ സാധ്യതയേറി. സി.പി.എമ്മിന്‍െറ പ്രാദേശിക നേതൃത്വവും സി.ഐ.ടി.യുവും ഇതിനകം കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കേണ്ടതിന്‍െറ ആവശ്യകത സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.