പെന്‍ഷന്‍ നിഷേധം: ധനലക്ഷ്മി ബാങ്കിന് മനുഷ്യാവകാശ കമീഷന്‍ നോട്ടീസ്
text_fieldsതൃശൂര്‍: കാരണം കാണിക്കാതെ പിരിച്ചുവിട്ട സീനിയര്‍ മാനേജര്‍ക്ക് പെന്‍ഷനും മറ്റാനുകൂല്യങ്ങളും നിഷേധിച്ച ധനലക്ഷ്മി ബാങ്കിനോട് സംസ്ഥാന മനുഷ്യകാവകാശ കമീഷന്‍ വിശദീകരണം തേടി. ഈമാസം ഏഴിന് തൃശൂരില്‍ നടക്കുന്ന കമീഷന്‍ സിറ്റിങ്ങില്‍ ഹാജരായി വിശദീകരണം ബോധിപ്പിക്കണമെന്ന് കാണിച്ച് ബാങ്കിന് നോട്ടീസ് അയച്ചു. പരാതിക്കാരനായ പി.വി. മോഹനനോടും ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിരമിക്കാന്‍ മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ 11നാണ് 38 വര്‍ഷം സേവനം ചെയ്ത മോഹനനെ ബാങ്ക് കാരണം പറയാതെ പിരിച്ചു വിട്ടത്.
ബാങ്ക് ചെയര്‍മാന്‍ എം.എല്‍. ജയറാം നായര്‍, ഡയറക്ടര്‍മാര്‍, എം.ഡി ജി. ശ്രീറാം, എച്ച്.ആര്‍ ചീഫ് ജനറല്‍ മാനേജരും ധനലക്ഷ്മി ബാങ്ക് സ്റ്റാഫ് പെന്‍ഷന്‍ ഫണ്ട് ട്രസ്റ്റ് ചെയര്‍മാനുമായ പി. മണികണ്ഠന്‍ എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് മോഹനന്‍ മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയത്. അകാരണമായി പിരിച്ചു വിട്ടതിനെതിരെ മോഹനന്‍ മുമ്പ് കമീഷന് പരാതി നല്‍കിയിരുന്നെങ്കിലും സേവനം ആവശ്യമില്ളെന്നു തോന്നിയാല്‍ ഏത് ഓഫിസറെയും പിരിച്ചു വിടാന്‍ തങ്ങള്‍ക്ക് അധികാരമുണ്ട് എന്നായിരുന്നു ബാങ്കിന്‍െറ മറുപടി.
തനിക്ക് നോട്ടീസ് നല്‍കാതെയും അന്വേഷണം നടത്താതെയും വിശദീകരണം ചോദിക്കാതെയും പിരിച്ചു വിട്ടതിനു പുറമെ, പിരിച്ചു വിടപ്പെട്ടയാള്‍ക്ക് പെന്‍ഷനും ലീവ് എന്‍കാഷ്മെന്‍റ് ആനുകൂല്യവും നല്‍കാനാവില്ളെന്നു പറഞ്ഞ് രണ്ടു മാസം മുമ്പ് അതും നിഷേധിച്ചുവെന്ന് കാണിച്ചാണ് മോഹനന്‍ വീണ്ടും കമീഷനെ സമീപിച്ചത്. തന്‍െറ ശമ്പളത്തില്‍നിന്നുള്ള വിഹിതവും പെന്‍ഷന്‍ ഫണ്ടിലുണ്ട്. മാത്രമല്ല, ആ ഫണ്ടിലേക്ക് ഒരുമിച്ച് ലക്ഷക്കണക്കിന് രൂപ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരാളുടെ ജീവനോപാധി തടയുന്നത് മനുഷ്യാകാശ ലംഘനമാണെന്നും പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കാന്‍ ഇടപെടണമെന്നുമാണ് മോഹനന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മോഹനനോടുള്ള ധനലക്ഷ്മി ബാങ്കിന്‍െറ സമീപനത്തില്‍ പ്രതിഷേധിച്ച് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ നേരത്തെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് രാജിവെച്ചിരുന്നു. അതിനിടെ, മോഹനനെ അന്യായമായി പിരിച്ചു വിട്ടതിനു ശേഷം ഇപ്പോള്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൂടി നിഷേധിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കാണിച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ബാങ്ക് ചെയര്‍മാന് കത്തയച്ചു. പെന്‍ഷന്‍ മനുഷ്യാവകാശമാണ്. അത് നിഷേധിച്ച നടപടി തിരുത്താന്‍ ഇടപെടണമെന്ന് സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.