അത്തം വിടരും മുമ്പ് രാഷ്ട്രപതി ഭവനില്‍ ഓണാഘോഷം
text_fieldsന്യൂഡല്‍ഹി: അത്തം നാളിനു തലേന്ന് രാഷ്ട്രപതി ഭവനില്‍ കേരളത്തിന്‍െറ ഓണാഘോഷം. ഇതാദ്യമായാണ് സംസ്ഥാന സര്‍ക്കാറും രാഷ്ട്രപതി ഭവനും സംയുക്തമായി ആഘോഷം സംഘടിപ്പിച്ചത്. വിവിധ കലാപരിപാടികള്‍, ഓണസദ്യ എന്നിവയുടെ അകമ്പടിയോടെയായിരുന്നു ആഘോഷങ്ങള്‍. മനസ്സുകളുടെ ഒരുമയും ശാന്തിയും വിളിച്ചോതുന്ന ശ്ളോകത്തോടെ തുടങ്ങിയ പരിപാടികള്‍ക്ക് ചെണ്ടയും ഇടക്കയും തിമിലയുമടക്കം വിവിധ വാദ്യോപകരണങ്ങള്‍ കൊഴുപ്പേകി. മോഹിനിയാട്ടം, കഥകളി, കളരി, തെയ്യം, മയൂര നൃത്തം, ഒപ്പന, മാര്‍ഗം കളി എന്നിവയും നടന്നു.
മതത്തിന്‍െറയും ജാതിയുടെയും അതിര്‍വരമ്പുകള്‍ ഭേദിക്കുന്നുവെന്നതാണ് ഓണാഘോഷത്തെ വേറിട്ടുനിര്‍ത്തുന്നതെന്ന് പരിപാടിയില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമത്വത്തിന്‍െറയും സാഹോദര്യത്തിന്‍െറയും കാവല്‍ക്കാരനായിരുന്ന ഭരണാധികാരിയുടെ ഓര്‍മ പുതുക്കി എല്ലാവരും ആഘോഷിക്കുന്ന ഓണം യഥാര്‍ഥത്തില്‍ മതേതര ഉത്സവമാണ്. ശാന്തിയും പുരോഗതിയുമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള നമ്മുടെ താല്‍പര്യത്തിന്‍െറ പുനരര്‍പ്പണം കൂടിയാണ് ഓണമെന്നും മുഖ്യമന്ത്രി തുടര്‍ന്നു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു പുറമെ, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കേരള ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍, മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, എ.സി. മൊയ്തീന്‍, കെ.കെ. ഷൈലജ ടീച്ചര്‍, എ.കെ. ശശീന്ദ്രന്‍, കെ.ടി. ജലീല്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവരും എം.പിമാരും പങ്കെടുത്തു. രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി സ്വാഗതം പറഞ്ഞു. കേന്ദ്രമന്ത്രിമാരും കേരളത്തില്‍നിന്ന് ഇ. അഹമ്മദ് ഒഴികെയുള്ള യു.ഡി.എഫ് എം.പിമാരും ചടങ്ങിന് എത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.