കെ. ബാബുവിന്‍െറ സാമ്പത്തിക വളര്‍ച്ചയുടെ വഴികള്‍ തേടി വിജിലന്‍സ്
text_fieldsകൊച്ചി: റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധനയിലൂടെ വിജിലന്‍സ് സ്പെഷല്‍ സെല്‍ തേടുന്നത് മുന്‍ മന്ത്രി കെ. ബാബുവിന്‍െറ സാമ്പത്തിക വളര്‍ച്ചയുടെ വഴികള്‍. ബാബുതന്നെ വെളിപ്പെടുത്തിയതനുസരിച്ച് 2011നും 2016നുമിടയില്‍ അദ്ദേഹത്തിന്‍െറ സമ്പാദ്യം വളര്‍ന്നത് മൂന്നുമടങ്ങാണ്. കേരളത്തിലെ വസ്തുവിന്‍െറ മൂല്യത്തിലുള്ള വ്യത്യാസം പരിഗണിച്ചാല്‍ ഇത് സ്വാഭാവികമാണുതാനും. എന്നാല്‍, വിജിലന്‍സ് അന്വേഷണത്തില്‍ സമ്പാദ്യം പല മടങ്ങ് അധികമാണ്.
2011 നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍നിന്ന് നാലാംവട്ടം എം.എല്‍.എയാകാന്‍ മത്സരിക്കവെ, തെരഞ്ഞെടുപ്പ് കമീഷന് മുമ്പില്‍ കെ. ബാബു വെളിപ്പെടുത്തിയ സ്വത്തുവിവരമനുസരിച്ച് സ്വന്തംപേരില്‍ 30 ലക്ഷം രൂപയുടെയും ഭാര്യ ഗീതക്ക് 43 ലക്ഷം രൂപയുടെയും ആസ്തിയുണ്ട്. അങ്കമാലിയില്‍ 10 ലക്ഷം രൂപ വിലവരുന്ന അഞ്ച് സെന്‍റ് സ്ഥലവും തൃപ്പൂണിത്തുറയില്‍ 20 ലക്ഷം രൂപ വിലവരുന്ന 11 സെന്‍റ് സ്ഥലവും 2500 ചതുരശ്രയടി വീടുമായിരുന്നു സ്വത്ത്. ഭാര്യ ഗീതക്ക് 768000 രൂപ വിലവരുന്ന 48 പവന്‍ സ്വര്‍ണാഭരണങ്ങളും അങ്കമാലിയില്‍ 33 ലക്ഷം രൂപ വിലവരുന്ന സ്ഥലവുമുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ കണക്കനുസരിച്ച് ആസ്തി 8191000 രൂപയുടേതായി മാറി. ഭാര്യ ഗീതയുടെ പേരില്‍ 8373000 രൂപയുടെ ആസ്തിയും. 40,000 രൂപയാണ് ബാബുവിന്‍െറ കൈവശം പണമായി ഉണ്ടായിരുന്നത്. ഭാര്യ ഗീതയുടെ പക്കല്‍ 10,000 രൂപയും 745000 രൂപ വിലവരുന്ന 270 ഗ്രാം ആഭരണങ്ങളും. വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി തനിക്കും ഭാര്യക്കുമായി 8.18 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നും ഒമ്പതു ലക്ഷം രൂപ വിലമതിക്കുന്ന 2013 മോഡല്‍ ഇന്നോവ കാര്‍ ഉണ്ടെന്നും വെളിപ്പെടുത്തി. ഇതുകൂടാതെ, ‘സമ്പാദ്യം’ മന്ത്രിയായിരുന്ന കാലത്തെ ആറ് കേസുകളായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷനു മുന്നില്‍ നല്‍കിയ സത്യവാങ്മൂലമൊന്നും വിജിലന്‍സ് മുഖവിലക്കെടുക്കുന്നില്ല. അവരുടെ പ്രാഥമിക വിവരമനുസരിച്ചുതന്നെ ബാബുവിന്‍െറ സ്വത്ത് ദശകോടികള്‍ കവിയും.
വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക വിവര റിപ്പോര്‍ട്ടില്‍ പറയുന്നത് ബാബുവിന് പോളക്കുളം ഗ്രൂപ്പിന്‍െറ ഉടമസ്ഥതയിലുള്ള പാലാരിവട്ടം റിനൈ മെഡ്സിറ്റി ആശുപത്രിയില്‍ ഓഹരി പങ്കാളിത്തം, തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് സ്വദേശി മോഹനന്‍െറ റോയല്‍ ബേക്കറിയില്‍ പങ്കാളിത്തം, തൊടുപുഴയിലെ മൂത്തമകളുടെ ഭര്‍തൃപിതാവ് നടത്തുന്ന ഇന്‍റര്‍ലോക് ബ്രിക്സ് യൂനിറ്റില്‍ പങ്കാളിത്തം, കുമ്പളം സ്വദേശി ബാബുറാം, പി.ഡി. ശ്രീകുമാര്‍, തോപ്പില്‍ ജോജി എന്നിവരുമായി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, തൃപ്പൂണിത്തുറ എരൂര്‍ ജങ്ഷനിലെ ഇംപാക്ട് സ്റ്റീല്‍ കമ്പനിയില്‍ ഓഹരി പങ്കാളിത്തം എന്നിങ്ങനെ ബിസിനസ് സംരംഭങ്ങള്‍ ഉണ്ടെന്നും മക്കളുടെയും ബന്ധുക്കളുടെയും പേരില്‍ ആഡംബര വാഹനങ്ങള്‍ വാങ്ങിയെന്നുമാണ്. സംസ്ഥാനത്തിനു പുറത്ത് 120 ഏക്കര്‍ ഭൂമി വാങ്ങിയെന്നും മകളുടെ വിവാഹം ആഡംബരമായി നടത്തിയെന്നുമൊക്കെ വിജിലന്‍സ് വിശദീകരിക്കുന്നു. ബാബുവിന് ഇതൊക്കെ ചെയ്യാന്‍ വരുമാന ഉറവിടമെവിടെനിന്ന് എന്നാണ് വിജിലന്‍സ് വരുംദിവസങ്ങളില്‍ നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.