അന്ന് പാവങ്ങള്‍ക്ക് ജന്മി കനിയണം
text_fieldsപഴയ കാലത്ത് കോണകം മാത്രമായിരുന്നു വേഷം. തിരുവോണത്തിന് കസവിന്‍െറ ചെറിയ മുണ്ട് കിട്ടിയാലായി. ഷര്‍ട്ട് എന്നൊക്കെ പറയുന്നത്അക്കാലത്തില്ല. 15ാം വയസ്സിലാണെന്നു തോന്നുന്നു ആദ്യമായി ഷര്‍ട്ട് ധരിച്ചത്. അന്ന് ആകെ ഒരു ഷര്‍ട്ടാണ് ഉണ്ടായിരുന്നത്. വിശേഷങ്ങളില്‍ മാത്രം ഷര്‍ട്ട് ധരിച്ചു. 25ാം വയസ്സിലാണ് ഒന്നില്‍ കൂടുതല്‍ ഷര്‍ട്ട് ഉണ്ടായിരുന്നതെന്നാണ് ഓര്‍മ. സാമ്പത്തികമായി മുന്നിട്ടുനില്‍ക്കുന്ന കുടുംബത്തിലെ കുട്ടികള്‍ക്കെല്ലാം ഓണത്തിന് കസവിന്‍െറ മുണ്ടാണ് കോടിയായി കിട്ടുക. മറ്റുള്ള കുട്ടികളില്‍ ചിലര്‍ക്ക് കൈത്തറിയുടെ മുണ്ട് ലഭിക്കും. അക്കാലത്ത് ഓണം ലക്ഷ്യമിട്ട് ചാലിയത്തെരുവുകളില്‍ കുട്ടികള്‍ക്കായി ചെറിയ മുണ്ട് ഒരുക്കും.
പക്ഷേ, ഓണം സമൃദ്ധിയുടേതാക്കി മാറ്റാനുള്ള മത്സരം പണമുള്ളവര്‍ക്കിടയില്‍ സജീവമായിരുന്നു. പാവങ്ങളുടെ ജീവിതത്തിന് നിറംലഭിക്കണമെങ്കില്‍ ജന്മി കനിയണം. ഓണസദ്യയെന്നു കേള്‍ക്കുമ്പോള്‍ തന്നെ മധുരമുള്ള ഓര്‍മയാണ്. വിവിധതരം പായസങ്ങള്‍, ഉപ്പേരി, കായവറുത്തതിനൊക്കെ പ്രത്യേക രുചിയാണ്. എല്ലാം തറവാട്ടിലെ കൃഷിയിടത്തിലെ വിഭവങ്ങള്‍കൊണ്ട് ഒരുക്കിയത്. ഉപ്പും ചുവന്ന മുളകും മാത്രമാണ് അക്കാലത്ത് കടയില്‍നിന്ന് പ്രധാനമായും വാങ്ങുന്നത്. അന്ന്, തറവാട്ടുവീട്ടില്‍ വലിയ പത്തായം ഉണ്ടായിരുന്നു. അതുനിറയെ നെല്ലായിരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ പത്തായം തുറക്കും. കുടുംബത്തില്‍പ്പെട്ടവരും കുടിയാന്മാരും ഈ വേളയില്‍ വീട്ടിലത്തെും. എല്ലാവര്‍ക്കും ഒരാഴ്ചത്തേക്കു വേണ്ടുന്ന നെല്ല് കാരണവര്‍ നല്‍കും. പൊതുവെ എല്ലാ ചര്‍ച്ചകളും കൃഷിയിലാണ് നടക്കുക.
മുതിര്‍ന്നപ്പോള്‍ എനിക്ക് ഓണം നൃത്തത്തിന്‍െറയും കഥകളിയുടേതുമാണ്. 1916 ജൂണ്‍ 26ന് ചെങ്ങോട്ടുകാവ് മറയന്‍കണ്ടി ചാത്തുക്കുട്ടി നായരുടെയും കുഞ്ഞമ്മകുട്ടിയുടെയും മകനായാണ് ജനനം. രണ്ടര വയസ്സില്‍ അമ്മ മരിച്ചു. ബ്രിട്ടീഷുകാരുടെ കീഴിലാണെങ്കിലും നാടുവാഴികളുടെ ഭരണമായിരുന്നു നാട്ടില്‍. കാര്‍ഷികവൃത്തിയായിരുന്നു കുടുംബത്തിന്‍െറ വരുമാന മാര്‍ഗം. കൂട്ടുകുടുംബ ജീവിതമായതിനാല്‍ കൂട്ടുകാര്‍ നിരവധി. പരസ്പര സ്നേഹത്തിലധിഷ്ഠിതമായ മത്സരം അക്കാലത്ത് കൂട്ടുകാര്‍ക്കിടയിലുണ്ടായിരുന്നു. പൂവിറുക്കുമ്പോള്‍പോലും മത്സരം. ഓരോത്തരുടെ കൈയിലും പൂക്കുട കാണും. അത്, ആദ്യം നിറക്കുന്നത് ആരെന്ന മത്സരം ശക്തമായിരുന്നു. തുമ്പപ്പൂവ്, കാക്കപ്പൂവ്, അരിപ്പൂവ്, ഇരിപ്പൂവ്, മഞ്ഞപ്പൂവ് എന്നിങ്ങനെ വയലുകളില്‍നിന്നും കുന്നിന്‍ ചരിവുകളില്‍നിന്നും ലഭിക്കുന്ന പൂവുകള്‍ നിരവധി.
കൂട്ടുകാരോടൊത്ത് പൂക്കള്‍ തേടി കിലോമീറ്ററുകളോളം നടക്കും. പലപ്പോഴും പാട്ടുപാടിയാണ് പൂവിറുക്കുക. കുട്ടികള്‍ക്ക് വലിയ സ്വാതന്ത്ര്യം ലഭിക്കുന്നത് അപ്പോഴാണ്. കുടുംബത്തില്‍ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവര്‍ക്കും ജോലികളുണ്ടാവും. സ്ത്രീകള്‍ ഓണസദ്യയൊരുക്കും. കാരണവന്മാര്‍ എല്ലാം നോക്കിനടത്തും. എല്ലാറ്റിനുമുണ്ടാകും ഒരു ചിട്ട. അതിരാവിലെ കുളിച്ച് മുറ്റത്ത് നിലവിളക്കു തെളിയിച്ച് കാരണവരുടെ സാന്നിധ്യത്തിലാണ് പൂവിടല്‍. പൂവിട്ടു കഴിഞ്ഞേ പ്രഭാതഭക്ഷണം ലഭിക്കൂ. ഇന്ന് പൂക്കളെല്ലാം വിരുന്നുവരുകയാണ്. പുതിയ പേരിലുള്ള പൂക്കളാണുള്ളത്. എല്ലാം കച്ചവടമായി. കുറ്റം പറയാനില്ല. കാലത്തിന്‍െറ മാറ്റമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.