റെയ്ഡ് പകപോക്കൽ; ബാബുവിനെ അനുകൂലിച്ച് ഉമ്മൻചാണ്ടി
text_fieldsതിരുവനന്തപുരം: അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിൽ പൊതു പ്രവർത്തകരെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമം രാഷ്ട്രീയ പ്രേരിതമാണെന്ന് ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ റെയ്‌ഡ് പോലെയുള്ള പകപോക്കൽ നടപടികൾ സ്വീകരിക്കുന്നത് ദുരുദ്ദേശപരമാണ്. ഇത്തരം നീക്കങ്ങൾ തെറ്റായ സന്ദേശമാണ് നൽകുന്നത്.
കെ.എം മാണിയെ കുടുക്കാൻ ശ്രമിക്കുന്നതും റെയ്‌ഡ് നടത്തി കെ.ബാബുവിനെ അപമാനിക്കാൻ ശ്രമിക്കുന്നതും ഗവൺമെന്‍റിന് തിരിച്ചടിയാകുമെന്നും ഈ നീക്കത്തെ നിയമപരമായി നേരിടുമെന്നും കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഗവൺമെന്‍റിന്‍റെ തീരുമാനങ്ങൾ മൂലം സാമ്പത്തിക നഷ്ടം സംഭവിച്ച ആളുകൾ പ്രതികാര മനോഭാവത്തോടെ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിൽ പൊതു പ്രവർത്തകരെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമം രാഷ്ട്രീയ പ്രേരിതമാണ്. വിശ്വാസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ റെയ്‌ഡ് പോലെയുള്ള പകപോക്കൽ നടപടികൾ സ്വീകരിക്കുന്നത് ദുരുദ്ദേശപരമാണ്. ഇത്തരം നീക്കങ്ങൾ നൽകുന്ന തെറ്റായ സന്ദേശവും കീഴ് വഴക്കവും ആയിരിക്കുമെന്ന് ഓർമിപ്പിക്കുന്നു. ഏതു വിധത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സത്യം ജനങ്ങൾ അറിയട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമത്തിന്റെ മുന്പിൽ വരട്ടെ. എന്നാൽ രാഷ്ട്രീയ പകപോക്കലിന് ജനനേതാക്കളെ വ്യക്തിഹത്യ നടത്താനും തേജോവധം ചെയ്യാനുമുള്ള നീക്കങ്ങൾ ഒരു ഗവണ്മെന്‍റിനും ഭൂഷണമല്ല. കേരളത്തിൽ മുൻപ് നടന്നിട്ടുള്ള അന്വേഷണങ്ങളിലോ കുറ്റപത്രം നൽകിയ കേസുകളിൽ പോലുമോ പൊതുപ്രവർത്തകരെ അപമാനിക്കാൻ റെയ്‌ഡ് നടത്തിയ സംഭവങ്ങൾ ഇന്നുവരെ ഉണ്ടായിട്ടില്ല.
കഴിഞ്ഞ ഗവണ്മെന്‍റിൽ മന്ത്രിമാരായിരുന്ന ശ്രീ കെ.എം മാണിയും, ശ്രീ കെ. ബാബുവിനും എതിരെ എഫ്.ഐ ആറിൽ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ചു വ്യക്തമായ മറുപടി അവർ നൽകിയിട്ടുണ്ട്. അന്വേഷണത്തിലൂടെ നിരപരാധിത്വം തെളിയിക്കപെട്ടിട്ടും കേട്ടുകേൾവിയില്ലാത്ത രീതിയിൽ ശ്രീ കെ.എം മാണിയെ കുടുക്കാൻ വീണ്ടും ശ്രമിക്കുന്നതും സാധാരണ ഗതിയിൽ മൊഴിയിലൂടെ തന്നെ ബോദ്ധ്യമാവുന്ന കാര്യങ്ങളുടെ പേരിൽ റെയ്‌ഡ് നടത്തി ശ്രീ കെ ബാബുവിനെ അപമാനിക്കാൻ ശ്രമിക്കുന്നതും ഗവണ്മെന്‍റിന് തന്നെ തിരിച്ചടിയാകും. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗവണ്മെന്‍റിന്‍റെ ഈ നീക്കത്തെ നിയമപരമായി നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.