കെ ബാബുവിന്റെ ബിനാമി ബാബുറാം 41 ഇടങ്ങളിൽ ഭൂമി വാങ്ങിയെന്ന് വിജിലൻസ്
text_fieldsകൊച്ചി: മുൻ മന്ത്രി കെ. ബാബുവിന്‍റെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന ബാബുറാമിന്‍റെ സ്വത്ത് വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചു. 41 സ്ഥലങ്ങളില്‍ ഭൂമി വാങ്ങിയതിന്‍റെ രേഖകളാണ് ലഭിച്ചത്. പനങ്ങാട്, തൃപ്പുണ്ണിത്തുറ, മരട് എന്നീ സ്ഥലങ്ങളിലാണ് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയത്. ബാബുറാമിന്‍റെ ബാങ്ക് ലോക്കറുകള്‍ ഉടന്‍ തുറക്കും. ബാബുവിന്‍റെ പി.എ നന്ദകുമാറിനെയും വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സ് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്തത്. ബാബു മന്ത്രിയായിരുന്ന സമയത്ത് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പേരിലും അനധികൃത സ്വത്തുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്തത്.
റെയ്ഡില്‍ കണ്ടെടുത്ത രേഖകളും സ്വത്ത് വകകളും പണവും തിട്ടപ്പെടുത്തിക്കഴിഞ്ഞു. പരിശോധനയുടെ ഭാഗമായി ബാബുവിന്‍റെയും ഭാര്യയുടേയും ഉള്‍പ്പെടെയുള്ള ബാങ്ക് അക്കൌണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. അനധികൃത സാമ്പത്തിക ഇടപാടുകളുടെ കൂടുതല്‍ രേഖകള്‍ വിജിലന്‍സിന് ലഭിച്ചതായാണ് സൂചന. മക്കളുടെ രണ്ട് ബാങ്ക് ലോക്കറുകള്‍ പരിശോധിക്കുകയും ഇത് മരവിപ്പിക്കുകയും ചെയ്തു. കൃത്യമായ കണക്ക് കാണിച്ചാലും പിടിച്ചെടുത്ത പണവും രേഖകളും വിജിലന്‍സ് തിരിച്ചു നല്‍കില്ല.
പതിനൊന്നര ലക്ഷത്തോളം രൂപയും വസ്തു രേഖകളുമാണ് കെ ബാബുവിന്‍റെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെത്തിയത്. മന്ത്രിയായതിന് ശേഷം ബാബുവിന്‍റെയും ബന്ധുക്കളുടേയും സ്വത്തില്‍ വർധന ഉണ്ടായതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. കൂടാതെ ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമകള്‍ നല്‍കിയ പരാതിയും പരിഗണിച്ചാണ് വിജിലന്‍സ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.