ധനവകുപ്പിന് രേഖകള്‍ ലഭിച്ചില്ല; എച്ച്.ഐ.വി ബാധിതരുടെ പെന്‍ഷന്‍ പുന:സ്ഥാപിച്ചില്ല
text_fieldsപാലക്കാട്: ക്ഷേമപെന്‍ഷനുകള്‍ ഓണത്തിനു മുമ്പ് വീട്ടിലത്തെിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ആഘോഷപൂര്‍വം കൊണ്ടാടുമ്പോഴും ഒന്നര വര്‍ഷത്തോളമായി സംസ്ഥാനത്തെ എച്ച്.ഐ.വി ബാധിതര്‍ക്ക് പെന്‍ഷന്‍ ലഭിച്ചില്ല. അനുവദിച്ച തുകക്കായി സമര്‍പ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും ആരോഗ്യവകുപ്പില്‍നിന്ന് യഥാസമയം ധനവകുപ്പ് അധികൃതര്‍ക്ക് ലഭ്യമാക്കുന്നതിലെ വീഴ്ചയാണ് പെന്‍ഷന്‍ പുന$സ്ഥാപിക്കാതിരിക്കാന്‍ കാരണമെന്നറിവായി. 2015 ജനുവരി മുതല്‍ക്കുള്ള പെന്‍ഷന്‍ വിതരണം മുടങ്ങിയിട്ടുണ്ടെന്നാണ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നത്.
ഒരു കാലത്തും എച്ച്.ഐ.വി ബാധിതര്‍ക്കുള്ള പെന്‍ഷന്‍ കൃത്യമായി നല്‍കാന്‍ സാധിക്കാറില്ളെങ്കിലും പുതിയ സര്‍ക്കാര്‍ വന്നതോടെ ഇതിന് മാറ്റമുണ്ടാവുമെന്ന പ്രതീക്ഷയാണ് അസ്ഥാനത്തായത്. 524 രൂപയായിരുന്നു എച്ച്.ഐ.വി ബാധിതര്‍ക്കുള്ള പെന്‍ഷന്‍. അത് 1,000 രൂപയാക്കാന്‍ 2014ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായിരുന്നു. 1,000 രൂപ ആക്കിയതു മുതലുള്ള പെന്‍ഷനാണ് മുടങ്ങിയിരിക്കുന്നത്.എച്ച്.ഐ.വി ബാധിതര്‍ക്കുള്ള ചികിത്സ സൗജന്യമാണെങ്കിലും ചികിത്സക്കുള്ള യാത്രാ ചെലവ് ഉള്‍പ്പെടെയുള്ളവക്ക് ഈ പെന്‍ഷന്‍ സഹായകരമായിരുന്നു. സമൂഹത്തില്‍നിന്നും സ്വന്തം വീട്ടില്‍നിന്നും അവഗണനമാത്രം ലഭിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനം കൂടി കൈവിടുന്നതിന്‍െറ നിരാശയിലാണ് ഇവര്‍. പലപ്പോഴും നിത്യചെലവ് പോലും മുട്ടിപ്പോകുന്ന ഇവരുടെ ഏക ആശ്രയമാണ് ഭരിക്കുന്നവരുടെ അനാസ്ഥകൊണ്ട് ഇല്ലാതാകുന്നത്. ഒട്ടും സംഘടിതമല്ലാത്ത ഇവരില്‍ പലരും പൊതുവേദിയില്‍ വന്ന് പ്രതിഷേധിക്കാന്‍ പോലും ആവതില്ലാത്തവരാണ്. ഓണത്തിന് മുമ്പ് ക്ഷേമപെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്ന ഇടതു പക്ഷ സര്‍ക്കാറിന്‍െറ പ്രഖ്യാപനത്തെ വളരെ പ്രതീക്ഷയോടെയാണ് ഇവര്‍ കണ്ടിരുന്നത്.
ആറായിരത്തോളം ബാധിതരാണ് പെന്‍ഷനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതെന്നും കുടിശ്ശിക ഉള്‍പ്പെടെ തീര്‍ക്കാനായി 14 കോടി രൂപ അനുവദിക്കണമെന്നും കാണിച്ച് സൊസൈറ്റി ഈ വര്‍ഷം സര്‍ക്കാറിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ബജറ്റില്‍ രണ്ട് കോടി രൂപമാത്രമാണ് എച്ച്.ഐ.വി ബാധിതരുടെ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചത്. ബാക്കി അടുത്ത ബജറ്റില്‍ പ്രഖ്യാപിക്കും എന്നാണ് അറിയിപ്പ് ലഭിച്ചത്. രണ്ട് കോടി രൂപക്കുള്ള അപേക്ഷ നല്‍കാന്‍ നിര്‍ദേശം ലഭിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.