വിജിലന്‍സ് റെയ്ഡ്: രേഖകള്‍ കോടതിയില്‍ ഹാജരാക്കി; സമയം കഴിഞ്ഞതിനാല്‍ മടക്കി
text_fieldsമൂവാറ്റുപുഴ: മുന്‍ മന്ത്രി കെ.ബാബുവിന്‍െറും മക്കളുടെയും ബിനാമികളെന്ന് സംശയിക്കുന്നവരുടെയും വീടുകളില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളും ആഭരണങ്ങളും പണവും അന്വേഷണസംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. എന്നാല്‍, ട്രഷറിസമയം കഴിഞ്ഞതിനാല്‍ ഇവ ചൊവ്വാഴ്ച സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് കോടതി മടക്കിനല്‍കി. വസ്തു ഇടപാട് രേഖകള്‍, ബാങ്കുകളിലെ അക്കൗണ്ട് രേഖകള്‍, ബാബുവിന്‍െറ വീട്ടില്‍നിന്ന് പിടിച്ചെടുത്ത 1,80,000 രൂപ, ബിനാമിയെന്നു കരുതുന്ന മോഹനന്‍െറ വീട്ടില്‍നിന്ന് പിടിച്ചെടുത്ത 6,67,000 രൂപ, തൊടുപുഴയിലെ മകളുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത 18 പവന്‍ സ്വര്‍ണാഭരണം, വജ്രാഭരണം എന്നിവയാണ് കോടതിയില്‍ ഹാജരാക്കിയത്.
ബാബുവിന്‍െറ വീട്ടില്‍നിന്ന് കണ്ടെടുത്ത വാഹനങ്ങളുടെ രേഖകള്‍ പരിശോധനക്ക് ആര്‍.ടി.ഒമാര്‍ക്ക് കൈമാറിയിരിക്കുകയാണ്. ഉടമസ്ഥാവകാശം സംബന്ധിച്ച് കൂടുതല്‍ പരിശോധനക്ക് ശേഷമാകും ഇവ കോടതിയില്‍ സമര്‍പ്പിക്കുക. ഭൂമി ഇടപാടിന്‍െറയും പണമിടപാടിന്‍െറയും അടക്കം 200ഓളം രേഖകളാണ് വിജിലന്‍സ് ഡിവൈ.എസ്.പി കെ.ആര്‍. വേണുഗോപാലന്‍ ഹാജരാക്കിയത്. എന്നാല്‍, രേഖകള്‍ തരംതിരിക്കുന്നതിന് ചുമതലപ്പെട്ട മാനേജര്‍ അവധിയായതിനാലും കോടതിയില്‍ സ്വര്‍ണവും പണവും മറ്റും സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യമില്ലാത്തതിനാലുമാണ് ചൊവ്വാഴ്ച ഹാജരാക്കാന്‍ നിര്‍ദേശിച്ച് വിജിലന്‍സിന് തിരിച്ചേല്‍പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.