ഓണത്തിന് പുന്നമൂട്ടിലെ പലഹാരപ്പെരുമയും
text_fieldsതിരുവനന്തപുരം: ഓണപ്പലഹാരങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പുന്നമൂട്ടിലെ പലഹാരത്തെരുവ് ഉണര്‍ന്നു. അത്തം പിറന്നതോടെ പുന്നമൂട്ടിലെ പലഹാരത്തെരുവില്‍ പലഹാരങ്ങളുടെ ഓര്‍ഡര്‍ നല്‍കാനും വാങ്ങാനും എത്തുന്നവരുടെ എണ്ണം കൂടുകയാണ്. നാടന്‍ അരിമുറുക്കിന്‍െറ മണം ശ്വസിച്ചാണ് ദിവസവും പുന്നമൂട് ഗ്രാമം ഉണരുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേരാണ് നാടന്‍ അരിമുറുക്ക് തേടി പുന്നമൂട് ഗ്രാമത്തിലെത്തുന്നത്. ഓണക്കാലമാകുന്നതോടെ ഇവിടെത്തെ പലഹാരങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുന്ന സാഹചര്യമാണ്.
ഇക്കുറിയും പതിവ് തെറ്റാതെ ദിവസങ്ങള്‍ക്ക് മുമ്പേ ആവശ്യക്കാര്‍ ഓര്‍ഡര്‍ നല്‍കിയതോടെ പലഹാരഗ്രാമം ഓണത്തിമിര്‍പ്പിന്‍െറ ആവേശത്തിലാണ്. നാടന്‍ പലഹാരങ്ങള്‍ക്ക് പേരുകേട്ടതാണ് കൈത്തറിയുടെ ഈറ്റില്ലമായ ബാലരാമപുരത്തിന് സമീപമുള്ള പുന്നമൂട് ഗ്രാമം. പുന്നമൂട് ഗ്രാമത്തിലേക്ക് പോകുന്ന മൂന്ന് കിലോമീറ്ററോളം ദൂരം റോഡിന്‍െറ ഇരുവശത്തും പ്ളാസ്റ്റിക് ബക്കറ്റുകളില്‍ വില്‍പനക്ക് വെച്ചിരിക്കുന്ന പലഹാരങ്ങളുടെ കൂമ്പാരമാണ്. ഇതിനുപുറമേ തല്‍സമയം പലഹാരം തയാറാക്കിത്തരുന്ന സ്ത്രീകളും ഉണ്ട്. കൈ കൊണ്ട് വളരെ വേഗത്തില്‍ മുറുക്ക് വട്ടത്തില്‍ ചുറ്റിയെടുക്കുന്നത് കൗതുകമുള്ള കാഴ്ചയാണ്.
നാടന്‍പലഹാരമായതു കൊണ്ട് ഇവ തയാറാക്കുന്നത് വെളിച്ചെണ്ണയിലാണെന്നതും ഇവിടത്തെ പലഹാരങ്ങളുടെ രുചിക്കൊപ്പം വിശ്വസ്തതയും വര്‍ധിപ്പിക്കുന്നു. മുറുക്ക് കൂടാതെ അച്ചപ്പം, പക്കാവട, മടക്ക്സാ, കളിയടയ്ക്ക, മധുരസേവ, മുന്തിരിക്കൊത്ത്, നെയ്യപ്പം എന്നിങ്ങനെ പലഹാരങ്ങള്‍ പലവിധം ഇവിടെ ലഭിക്കും. അരനൂറ്റാണ്ടായി ഇവിടെ പലഹാരങ്ങള്‍ കച്ചവടം നടത്തുന്ന കുടുംബങ്ങള്‍ ഉണ്ട്. ഇന്നും സ്ത്രീ ശാക്തീകരണത്തിന്‍െറ രുചിയേറിയ മാര്‍ഗമായി തുടരുകയാണ് കുടില്‍വ്യവസായം .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.