ഡിജിറ്റല്‍ പാഠപുസ്തകം : ഫേസ്ബുക് പോസ്റ്റ് വിദ്യാഭ്യാസമന്ത്രി പിന്‍വലിച്ചു
text_fieldsമലപ്പുറം: പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ കൊളാബറേറ്റീവ് ടെക്സ്റ്റ്ബുക് (ഡി.സി.ടി) സംബന്ധിച്ച ഫേസ്ബുക് പോസ്റ്റ് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പിന്‍വലിച്ചു. പദ്ധതി തുടരാന്‍ തീരുമാനിച്ചിട്ടില്ളെന്ന ഐ.ടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഫേസ്ബുക് പോസ്റ്റിന് പിന്നാലെയാണ് മന്ത്രി പോസ്റ്റ് പിന്‍വലിച്ചത്.
വിദ്യാഭ്യാസമന്ത്രിയുടെ നിലപാടിന് വിരുദ്ധമായി ഐ.ടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പോസ്റ്റ് വന്നത് സംബന്ധിച്ച് ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. മുന്‍കാലത്ത് പ്രയോജനപ്രദമല്ളെന്ന് തെളിഞ്ഞ പദ്ധതികള്‍ തുടരാന്‍ വിദ്യാഭ്യാസ വകുപ്പിന് ഉദ്ദേശ്യമില്ളെന്ന് അറിയിച്ച്, വിഷയത്തിലുള്ള പുതിയ നിലപാട് തിങ്കളാഴ്ച മന്ത്രി ഫേസ്ബുകില്‍ കുറിച്ചു. ‘‘ഡിജിറ്റല്‍ പുസ്തകം, ഇ-ടെക്സ്റ്റ്ബുക് തുടങ്ങിയവയുടെ പ്രയോഗസാധ്യതകളെക്കുറിച്ച് സര്‍ക്കാറിന് നല്ല ബോധ്യമുണ്ട്. പുതുക്കാട് മണ്ഡലത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ അടിസ്ഥാനമാക്കി മൂഡില്‍ പ്ളാറ്റ്ഫോമില്‍ തയാറാക്കിയ കണ്ടന്‍റ് മാനേജ്മെന്‍റ് സിസ്റ്റം ഇത്തരം നല്ല മാതൃകകള്‍ക്ക് ഉദാഹരണമാണ്. അല്ലാതെ ഇത്തരം പേരുകളില്‍ പ്രയോജനപ്രദമല്ളെന്ന് തെളിഞ്ഞ മുന്‍കാല പദ്ധതികള്‍ തുടരാന്‍ വിദ്യാഭ്യാസവകുപ്പിന് ഉദ്ദേശമില്ല.
വിപുലമായ ചര്‍ച്ചകള്‍ നടത്തി, നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് അക്കാദമിക് സമൂഹത്തിന്‍െറ പിന്തുണയോടെ ഐ.ടി അറ്റ് സ്കൂളിന്‍െറ നേതൃത്വത്തില്‍ സ്കൂളുകളെ ഹൈടെക് ആക്കുന്ന പ്രക്രിയ അതിന്‍െറ സമഗ്രതയോടെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്’’. മന്ത്രി പോസ്റ്റില്‍ പറയുന്നു.
വെള്ളിയാഴ്ചയാണ് ഡി.സി.ടിയെക്കുറിച്ച് മന്ത്രി വിശദമായി ഫേസ്ബുകില്‍ കുറിച്ചത്. രാജ്യത്താദ്യമായാണ് സിലബസിലെ പാഠപുസ്തകങ്ങള്‍ മുഴുവനും ഡിജിറ്റലൈസ് ചെയ്യുന്നതെന്നും പദ്ധതി പൂര്‍ണതോതിലേക്ക് എത്തുമ്പോള്‍ ലോകത്തിന് തന്നെ മാതൃകയാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഞായറാഴ്ച ഐ.ടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ‘തിരുത്ത്’ വന്നതിന് പിന്നാലെ തന്‍െറ പോസ്റ്റില്‍ നിന്ന് മന്ത്രി ഡി.സി.ടിയുടെ ലിങ്ക് ഒഴിവാക്കി. പിന്നീട് പോസ്റ്റ് തന്നെ പിന്‍വലിക്കുകയായിരുന്നു. കഴിഞ്ഞ അധ്യയന വര്‍ഷമാണ് പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് ഐ.ടി അറ്റ് സ്കൂള്‍ തുടക്കമിട്ടത്. എന്നാല്‍, അന്നത്തെ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് പദ്ധതിക്ക് കാര്യമായ പിന്തുണ ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.