വ്യാജന്മാരെക്കൊണ്ട് പൊറുതിമുട്ടി വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ
text_fieldsതിരുവനന്തപുരം: വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയിലേക്ക് വ്യാജപരാതികളുടെ പ്രളയം. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാവുകയും ഡി.ജി.പി ഡോ. ജേക്കബ് തോമസ് വിജിലന്‍സ് തലപ്പത്തത്തെുകയും ചെയ്തതോടെ പരാതികളുടെ എണ്ണത്തില്‍ ഏകദേശം 40 ശതമാനം വര്‍ധനയുണ്ടായതായി വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു. ഇതില്‍ പകുതിയിലേറെയും വ്യാജപരാതിയോ വ്യക്തിവിരോധം കാരണം നല്‍കുന്നതോ ആണ്. നിരവധി ഊമക്കത്തുകളും ലഭിക്കുന്നുണ്ട്. ജീവനക്കാരുടെ പരിമിതി കാരണം വീര്‍പ്പുമുട്ടുന്ന വകുപ്പിന് വ്യാജന്മാര്‍ തലവേദനയായി മാറിയെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു.
പ്രതിമാസം പരമാവധി 30 പരാതികള്‍ വരെ ലഭിച്ചിരുന്ന യൂനിറ്റ് ഓഫിസുകളില്‍ 200ലേറെ പരാതികള്‍ ലഭിക്കുമ്പോള്‍ തള്ളാനും കൊള്ളാനുമാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍. മിക്ക യൂനിറ്റുകളിലും ആവശ്യത്തിന് സി.ഐമാര്‍ ഇല്ലാത്ത സാഹചര്യമാണ്. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്ന ഓഫിസുകള്‍ പോലുമുണ്ട്. ഇവിടെ പരാതികള്‍ തരംതിരിക്കുന്ന ജോലികള്‍ മാത്രമാണ് പുരോഗമിക്കുന്നത്.
ഒരു പരാതിയും നിസ്സാരവത്കരിക്കരുതെന്നും പരാതികള്‍ മുക്കരുതെന്നുമാണ് ജേക്കബ് തോമസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം. ഇതുകാരണം വകുപ്പിന്‍െറ പ്രവര്‍ത്തനങ്ങള്‍ ആകെ താളംതെറ്റിയ മട്ടാണ്. പ്രമാദമായ കേസുകള്‍ അന്വേഷിക്കുന്ന യൂനിറ്റുകളിലും ഇതുതന്നെയാണ് സ്ഥിതി. ഇതുകാരണം കോടതി നിര്‍ദേശപ്രകാരം ആരംഭിച്ച ത്വരിതപരിശോധനകള്‍ പോലും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകാത്ത സാഹചര്യമാണുള്ളത്.
ചില കേസുകളില്‍ പ്രാഥമിക പരിശോധന പോലും നടത്താനാകാതെ കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായി. ഇതു കോടതിയുടെ വിമര്‍ശത്തിനുമിടയാക്കി. ഒഴിവുകള്‍ സമയബന്ധിതമായി നികത്തണമെന്നും വ്യാജപരാതിക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.