നായ്ക്കള്‍ക്ക് പുനരധിവാസ കേന്ദ്രം തുറക്കുമെന്ന് കേരളം
text_fieldsന്യൂഡല്‍ഹി: തെരുവുനായ് ശല്യം നിയന്ത്രിക്കാന്‍ വന്ധ്യംകരണം, പ്രതിരോധ കുത്തിവെപ്പ്, ഡോഗ് പാര്‍ക്ക്, പുനരധിവാസ കേന്ദ്രം തുടങ്ങിയ മാര്‍ഗങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. സുപ്രീംകോടതിയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നല്‍കിയ സത്യവാങ്മൂലത്തിലാണ് നിര്‍ദേശങ്ങള്‍. കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്ന് ആരോപിച്ച് അനുപം ത്രിപാഠി നല്‍കിയ ഹര്‍ജിയിലാണ് കേരള സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം നല്‍കിയത്. അക്രമകാരികളായ തെരുവുനായ്ക്കളെ മരുന്നു കുത്തിവെച്ച് കൊല്ലുമെന്ന് മന്ത്രി കെ.ടി. ജലീല്‍ നേരത്തേ പറഞ്ഞിരുന്നെങ്കിലും അക്കാര്യം സത്യവാങ്മൂലത്തില്‍ ഇല്ല.
കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന്‍െറ അധ്യക്ഷതയില്‍ നടന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലെ തീരുമാനങ്ങളാണ് അഡീഷനല്‍ ലോ സെക്രട്ടറി മുഖേന നല്‍കിയ മൂന്നു പേജ് വരുന്ന സത്യവാങ്മൂലത്തില്‍ ഉള്ളത്. തെരുവുനായ്ക്കള്‍ കേരളത്തിലുണ്ടാക്കുന്ന പ്രയാസങ്ങളെക്കുറിച്ച് പ്രത്യേകമായൊന്നും പറഞ്ഞിട്ടില്ല.
തെരുവുനായ് ശല്യം നിയന്ത്രിക്കാന്‍ രണ്ടു ഘട്ടമായാണ് പദ്ധതി നടപ്പാക്കുകയെന്ന് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു. ജില്ലാ കലക്ടര്‍മാരും ജില്ലാ പഞ്ചായത്തുകളും പദ്ധതിക്ക് നേതൃത്വം നല്‍കും.
തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായവരുടെ വിവരങ്ങള്‍ ശേഖരിക്കും. നായ്ശല്യം രൂക്ഷമായ സ്ഥലങ്ങള്‍ നിര്‍ണയിക്കും. നായ്ക്കളെ പിടിക്കാന്‍ പരിശീലനം നേടിയവരെ നിയോഗിക്കും. ഇവയെ ജില്ലാ പഞ്ചായത്തുകളുടെ വക പുനരധിവാസ കേന്ദ്രത്തില്‍ എത്തിക്കും. തുടര്‍ന്ന് വന്ധ്യംകരണം, പ്രതിരോധ കുത്തിവെപ്പ് എന്നിവ നടത്തും. നായ്ക്കളെ വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് നല്‍കും. വന്ധ്യംകരിച്ചവക്ക് പ്രത്യേക കോളറുകള്‍ ഘടിപ്പിക്കും. അപകടകാരി അല്ലാത്തവയെന്ന് സര്‍ട്ടിഫിക്കറ്റുള്ളവയെ തെരുവിലേക്ക് വീണ്ടും വിടും.
രണ്ടാം ഘട്ടത്തില്‍ എല്ലാ ബ്ളോക് പഞ്ചായത്തുകളിലും ആഴ്ചയില്‍ രണ്ടു ദിവസം വന്ധ്യംകരണ ക്യാമ്പ് നടത്തും. അറവുശാലകളില്‍നിന്ന് മാംസാവശിഷ്ടം വലിച്ചെറിയുന്നതിനെതിരെ കര്‍ക്കശ നടപടി സ്വീകരിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്കായി പ്രത്യേക നയം രൂപവത്കരിക്കും. ഉടമകള്‍ നിശ്ചിത ഫീസ് നല്‍കി തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് നായക്ക് ലൈസന്‍സ് എടുക്കണമെന്ന് വ്യവസ്ഥ ചെയ്യുമെന്ന് സത്യവാങ്മൂലം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.