ലൈറ്റ് മെട്രോ: ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കും; ചുമതല ഡി.എം.ആർ.സിക്ക്
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രൊ പദ്ധതികളുടെ കണ്‍സള്‍ട്ടന്‍റായി ഡി.എം.ആര്‍.സി.യെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രാഥമിക ജോലികള്‍ക്കുള്ള ചുമതലയാണ് നിബന്ധനകള്‍ക്ക് വിധേയമായി ഡി.എം.ആര്‍.സി.യെ ഏൽ്പപിക്കാൻ തീരുമാനിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചശേഷം മുഴുവന്‍ പ്രോജക്ടുകളുടേയും കണ്‍സള്‍ട്ടന്‍റായി ഡി.എം.ആര്‍.സി. യെ നിയമിക്കും. പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ ഒരു ഡെപ്യൂട്ടി കലക്ടറെ/സബ് ഡിവിഷണല്‍ ഓഫീസറെ(റവന്യൂ)യും ചുമതലപ്പെടുത്തിയിട്ടുണ്ട്. മതിയായ ജീവനക്കാരെ അനുവദിക്കാനും തീരുമാനിച്ചു.
തിരുവനന്തപുരം മെട്രോക്കായി ഏകദേശം 1.9893 ഹെക്ടര്‍ ഭൂമിയും കോഴിക്കോട് മെട്രോക്ക് ഏകദേശം 1.4474 ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കും. തിരുവനന്തപുരം മെട്രൊയ്ക്കായി ഫ്ളൈ ഓവര്‍ നിർമിക്കാന്‍ ഏകദേശം 2.77 ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കും. ശ്രീകാര്യം, പട്ടം, ഉള്ളൂര്‍ ഫ്ളൈ ഓവറുകളുടെ നിർമാണത്തിനും ഭൂമി ഏറ്റെടുക്കലിനുമായി 272.84 കോടി രൂപയുടെ ഭരണാനുമതി നല്‍കും. ഇതുമായി ബന്ധപ്പെട്ട ചിലവുകള്‍ക്ക് കെ.ഐ.ഐ.എഫ്.ബി ഫണ്ടിംഗ് നല്‍കുകയും നിര്‍ദ്ദിഷ്ട ഏജന്‍സിയായ കെ.ആര്‍.ടി.എല്‍. ന്‍റെ ഫണ്ട് ഉപയോഗിച്ച് ഡി.എം.ആര്‍.സി. മുഖേന ടേൺകീ പദ്ധതിയായി നടപ്പിലാക്കാനും തീരുമാനിച്ചു.
തിരുവനന്തപുരം മെട്രോക്കായി തിരുവനന്തപുരം താലൂക്കിലെ പള്ളിപ്പുറം, കഴക്കൂട്ടം, പാങ്ങപ്പാറ, ചെറുവക്കാട്ട്, ഉള്ളൂര്‍, കവടിയാര്‍, പട്ടം, വഞ്ചിയൂര്‍, തൈക്കാട് വില്ലേജുകളില്‍ നിന്നാണ് ഭൂമി ഏറ്റെടുക്കുക. കോഴിക്കോട് താലൂക്കിലെ ചേവായൂര്‍, നെല്ലിക്കോട്, കൊട്ടൂളി, കസബ, നഗരം, പന്നിയങ്കര, ചെറുവണ്ണൂര്‍ വില്ലേജുകളില്‍ നിന്നാണ് ഭൂമി ഏറ്റെടുക്കുക.
സെപ്തംബര്‍ 26 മുതല്‍ നിയമസഭ ചേരുന്നതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പെന്‍ഷന്‍കാരായ അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവര്‍ക്ക് 1000 രൂപ പ്രത്യേക ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. ആരോഗ്യവകുപ്പില്‍ 31.05.2016ന് വിരമിക്കേണ്ടിയിരുന്ന ഡോക്ടര്‍മാരുടെ സേവനകാലം ആറുമാസംകൂടി ദീര്‍ഘിപ്പിച്ച നടപടി മന്ത്രിസഭായോഗം സാധൂകരിച്ചു. വിരമിക്കല്‍ തീയതിക്കുശേഷമുള്ള കാലയളവ് യാതൊരുവിധ സേവനാനുകൂല്യങ്ങള്‍ക്കും കണക്കാക്കുന്നതല്ല. 2016 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ വിരമിക്കേണ്ട ഡോക്ടര്‍മാരുടെ സേവനകാലാവധി 2016 നവംബര്‍ 30 വരെ നീട്ടി.
കെ.എസ്.എഫ്.ഇ ജീവനക്കാര്‍ക്ക് 01.08.2012 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്ക്കരണം അനുവദിക്കാന്‍ തീരുമാനിച്ചു. 2012-13 അധ്യയനവര്‍ഷം പ്രവര്‍ത്തനമാരംഭിച്ച 12 സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ അധിക ബാച്ചുകളിലേയ്ക്ക് തസ്തിക സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി. 56 എച്ച്.എസ്.എസ്.ടി. തസ്തികകളും, രണ്ട് ലാബ് അസിസ്റ്റന്‍റ് തസ്തികകളുമാണ് പുതുതായി സൃഷ്ടിക്കുന്നത്. 2015ലെ കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ആക്ട് ഭേദഗതി, ബില്ലായി അവതരിപ്പിക്കാന്‍ തീരുമാനിച്ചു. സിര്‍ഷ എന്‍, അനിഷ എസ്. പണിക്കര്‍, നിമ്മി.കെ.കെ, ബല്‍റാം. എം.കെ, ഇന്ദു. പി.രാജ് എന്നിവരെ മുനിസിഫ് മജിസ്ട്രേറ്റുമാരായി നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.