വി.എസിന് വേണ്ടത് പാർട്ടി സെക്രട്ടറിയേറ്റ് അംഗത്വം
text_fieldsകോഴിക്കോട്: ഭരണപരിഷ്കാര കമീഷൻ ചെയർമാനായി വി.എസ് അച്യുതാനന്ദൻ ചുമതല ഏറ്റതായി സർക്കാരും പാർട്ടിയും ചുമതല ഏറ്റിട്ടില്ലെന്നു വി.എസും പറഞ്ഞതോടെ സി.പി.എമ്മിൽ പുതിയ പ്രതിസന്ധി ഉടലെടുത്തു. വി.എസിനു ഉചിതമായ പദവി എന്ന കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശത്തെ തുടർന്നാണ് ഈ സ്ഥാനം അദ്ദേഹത്തിന് നൽകാൻ തീരുമാനിച്ചത്. അതിനായി നിയമഭേദഗതി വരെ കൊണ്ടു വന്നു.
കാബിനറ്റ് പദവി, ഓഫീസ്, ബംഗ്ലാവ്, സ്റ്റേറ്റ് കാർ, സ്റ്റാഫ്, സെക്യൂരിറ്റി തുടങ്ങിയവ ഭരണപരിഷ്കാര കമീഷൻ ചെയർമാന് ലഭിക്കും. സെക്രട്ടറിയേറ്റ് അനക്സിൽ ഓഫിസ് വേണമെന്നാണ് വി.എസ് ആവശ്യപ്പെട്ടത്. എന്നാൽ, ഐ.എം.ജി ബിൽഡിങ്ങിലാണ് കൊടുത്തത്. മന്ത്രിമാരുടെ എണ്ണം കുറഞ്ഞതിനാൽ ഒഴിഞ്ഞു കൊടുക്കുന്ന കവടിയാർ ഹൗസ് ഔദ്യോഗിക വസതിയായി അനുവദിച്ചു. എന്നാൽ, വി.എസ് ഓഫിസിൽ പോകുകയോ താമസം മാറ്റുകയോ ചെയ്തില്ല. പതിനാല് സ്റ്റാഫിനെ അനുവദിക്കാനാണ് സർക്കാർ തീരുമാനം. ഇതും വി.എസിനു തൃപ്തിയായിട്ടില്ല.
പാർട്ടി തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം കിട്ടണമെന്നാണ് വി.എസിന്റെ ആവശ്യം. ഇത് അനുവദിക്കാനാവില്ലെന്നു പാർട്ടി വ്യക്തമാക്കി കഴിഞ്ഞു. നിലവിൽ വി.എസ് കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവാണ്. അതിനാൽ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാം. എന്നാൽ സെക്രട്ടറിയേറ്റിൽ പോകാനാവില്ല. വി.എസിനെതിരായ പരാതികളും പാർട്ടി വിരുദ്ധ മനോഭാവം ഉള്ളയാൾ എന്ന പാർട്ടി പ്രമേയവും നില നിൽക്കുന്നുണ്ട്. ഇതടക്കം ആരോപണങ്ങൾ അന്വേഷിക്കാൻ കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയ പി.ബി കമ്മിഷൻ ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല. അതിൽ തീരുമാനം ആകുന്നതു വരെ പാർട്ടി പദവികൾ വി.എസിനു നൽകേണ്ടെന്നാണ് തീരുമാനം.
വി.എസ് സെക്രട്ടറിയേറ്റിൽ വരുന്നതോടെ പാർട്ടിയിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്ന വിഭാഗീയത തിരിച്ചു വരുമെന്നു സി.പി.എം നേതാക്കൾക്കു ആശങ്കയുണ്ട്. പാർട്ടി പദവി വി.എസിനു കൊടുക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന് നിർബന്ധം ചെലുത്താൻ കഴിയില്ല. സ്ഥാനം ഏറ്റെടുക്കാതെ വി.എസ് ഇപ്പോൾ നടത്തുന്നത് സമ്മർദ്ദ തന്ത്രമാണെന്നു പാർട്ടി കരുതുന്നു. അതിനു വഴങ്ങേണ്ടെന്നാണ് തീരുമാനം. മുൻ കാലങ്ങളിലെ പോലെ പാർട്ടിയിൽ വി.എസിനെ പിന്തുണക്കുന്നവർ ഇപ്പോൾ തുലോം കുറവാണ്. വി.എസ് സർക്കാർ പദവി സ്വീകരിക്കുന്നതിനോട് എതിർപ്പുള്ളവരാണ് കൂടുതലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.