വിമലിനായി വഴിക്കണ്ണുമായി
text_fieldsകാണാതായ വിവരമറിഞ്ഞ ദിവസത്തിന്‍െറ വേവലാതി മുഖത്തുനിന്ന് മായാത്ത രേഷ്മയോട് പുണെയില്‍വെച്ച് സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ച ഓണത്തെക്കുറിച്ച് ചോദിക്കാനുള്ള ധൈര്യം കിട്ടിയത് ആ മനസ്സില്‍ അത്രയേറെ വിമലിനെക്കുറിച്ച ഓര്‍മകള്‍ തള്ളുന്നുണ്ടെന്ന് ബോധ്യമുള്ളതുകൊണ്ടായിരുന്നു.
2014ന് മാര്‍ച്ചില്‍ വിവാഹം കഴിഞ്ഞ ശേഷം രണ്ട് ഓണവും ഭര്‍ത്താവിനൊപ്പം പുണെയിലായിരുന്നു രേഷ്മ ആഘോഷിച്ചത്. മിലിട്ടറിയില്‍ ജോലി കിട്ടിയ 14 വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ വിമലിന് വീട്ടിലത്തെി അമ്മയോടും ബന്ധുക്കളോടും ഒപ്പം ഓണമാഘോഷിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഓണമായാലും വിഷുവായാലും ഒരുദിവസംപോലും മാതാവ് പത്മജയെ വിളിക്കാത്ത ദിവസമുണ്ടായിരുന്നില്ളെന്ന് അവര്‍ പറയുന്നു. അതുകൊണ്ടുതന്നെ, വിമല്‍ അകലങ്ങളിലാണെന്ന തോന്നലേ ഈ അമ്മക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍, ഒരു മാസമായി ഈ അമ്മയുടെ മനസ്സ് സങ്കടക്കടലിലാണ്. മകനെക്കുറിച്ച ഓരോ നിനവിലും കുത്തിനീറുകയാണ് ഇവരുടെ മനസ്സ്.
ജോലികിട്ടിയ ശേഷം ഓണത്തിന് നാട്ടിലത്തൊന്‍ പറ്റിയില്ളെങ്കിലും അമ്മക്കുള്ളതെല്ലാം വിമല്‍ കൃത്യമായി ഏര്‍പ്പാട് ചെയ്തിരുന്നു. ശബരിമല സീസണിലാണ് മിക്കവാറും വിമല്‍ എത്താറുണ്ടായിരുന്നതെന്ന് സഹോദരന്‍ വിപിന്‍ ഓര്‍ക്കുന്നു. ഓള്‍ ഇന്ത്യ മിലിട്ടറി എന്‍ജിനീയറിങ് എന്‍ട്രന്‍സ് നേടിയതിന്‍െറയും വിവാഹം കഴിഞ്ഞ് ഭാര്യ രേഷ്മയോടൊപ്പമുള്ളതിന്‍െറയും സന്തോഷത്തിലായിരുന്നു സുഹൃത്തുക്കളോടൊപ്പം 2014ലെ ഓണം ആഘോഷിച്ചതെന്ന് വിമലിന് എന്‍ജിനീയറിങ്ങില്‍ പരിശീലനം നല്‍കിയ സുബേദാര്‍ മേജറായിരുന്ന ബാലുശ്ശേരി സ്വദേശി കെ. പ്രേമനാഥ് പറയുന്നു. കഴിഞ്ഞ വര്‍ഷവും പുണെയിലെ കോളജ് ഓഫ് മിലിട്ടറി എന്‍ജിനീയറിങ്ങിന്‍െറ ഹാളില്‍ വിമലും സുഹൃത്തുകളും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് പൂക്കളവും ഓണസദ്യയും കലാപരിപാടികളും ഒരുക്കിയിരുന്നതായി പ്രേമനാഥ് പറഞ്ഞു.
രേഷ്മ ദിവസവും പലതവണയാണ് വിമലിന്‍െറ ഫോണിലേക്ക് വിളിച്ചുനോക്കുന്നത്. കാണാതായ ദിവസത്തിലൊരിക്കല്‍ വിമലിന്‍െറ ഫോണ്‍ റിങ് ചെയ്തെന്ന വാര്‍ത്ത അറിഞ്ഞതോടെ രേഷ്മയില്‍ പ്രതീക്ഷയേറിയിരുന്നു. അത് സാങ്കേതികത്തകരാറുമൂലം സംഭവിച്ചതാകാമെന്ന കമ്പനിയുടെ അറിയിപ്പ് വീണ്ടും പ്രതീക്ഷക്ക് മങ്ങലേറ്റു. ഭര്‍ത്താവ് തിരിച്ചത്തെുമെന്ന പ്രാര്‍ഥനയോടെ കഴിയുന്ന രേഷ്മ ദിവസവും വിളിച്ചുനോക്കുന്നു. വീട്ടിലെ കാളിങ് ബെല്‍ അമരുമ്പോഴും തങ്ങളുടെ മൊബൈല്‍ ശബ്ദിക്കുമ്പോഴും ഇവര്‍ക്ക് ഉള്ളുപിടയ്ക്കും. ഇനിയൊന്നും താങ്ങാനുള്ള കരുത്തില്ലാത്ത ഇവരുടെ മനസ്സും ഉടലുകളും പേരിനുമാത്രം അനങ്ങുന്നുണ്ടെന്ന് മാത്രമേ ഇപ്പോള്‍ പറയാനാവൂ.
രേഷ്മ മുടക്കം കൂടാതെ ചെയ്യുന്ന ഒരേയൊരു കാര്യം തന്‍െറ പ്രിയതമന്‍െറ തിരിച്ചുവരവിനായി ക്ഷേത്രങ്ങളില്‍ രണ്ടുനേരവും പോകുന്നുണ്ടെന്നതാണ്. പുണെയിലുണ്ടായിരുന്ന സമയത്ത് അടുത്ത സുഹൃത്തുക്കളോടും വഴിപാടുകള്‍ ചെയ്യാനായി രേഷ്മ ആവശ്യപ്പെടുന്നു. പരസ്പരം കാണാനും കേള്‍ക്കാനുമുള്ള വെമ്പല്‍കൊണ്ടാണ് തന്‍െറ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ രണ്ടുദിവസം വൈകുമെന്നറിഞ്ഞ ഉടനെ മറ്റൊന്നും നോക്കാതെ വിമല്‍ രേഷ്മയെയും കുടുംബത്തെയും കാണാന്‍ ചെന്നൈയില്‍നിന്ന് നാട്ടിലേക്ക് തിരിച്ചത്. ഒരാഴ്ച കുടുംബത്തോടൊപ്പം ചെലവഴിച്ച് പോര്‍ട്ട്ബ്ളയറിലേക്ക് മടങ്ങവെ ജൂലൈ 22നാണ് വിമാനം കാണാതാവുന്നത്. 2014 മാര്‍ച്ചില്‍ വിവാഹം കഴിഞ്ഞതോടെ വിമല്‍ ഭാര്യ രേഷ്മയെ ട്രെയ്നിങ് സെന്‍ററായ പുണെയിലേക്ക് കൊണ്ടുപോയിരുന്നു.
രണ്ടുവര്‍ഷത്തെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ളോമ പൂര്‍ത്തിയാക്കിയ വിമല്‍ ജൂണ്‍ 20നാണ് പ്രമോഷനോടെ ആദ്യമായി എന്‍ജിനീയറിങ് ജോലിയില്‍ പ്രവേശിച്ചത്. ഇപ്പോള്‍ വിമലിന്‍െറ അവസ്ഥ എന്താണെന്ന് പോലും അധികൃതര്‍ക്ക് പറയാനാവാത്തതാണ് വീട്ടുകാരെ കൂടുതല്‍ വിഷമിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.