ദേവസ്വം ബോര്‍ഡ് നിയമനം പി.എസ്.സിയിലേക്ക്
text_fieldsതിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ഘടനാ മാറ്റം വരുത്തി തല്‍ക്കാലം മുന്നോട്ടു കൊണ്ടുപോകാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനാണ് തത്ത്വത്തില്‍ തീരുമാനിച്ചെങ്കിലും നടപടിക്രമങ്ങള്‍ക്ക് കാലതാമസമെടുക്കുന്നതിനാലാണ് ഘടനാമാറ്റം വരുത്തി തല്‍ക്കാലം തുടരുന്നത്.
ഇതിന് 2015ലെ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ ബില്‍ കൊണ്ടു വരും. ഇതു വരുന്ന നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കും. ഇതുപ്രകാരം ബോര്‍ഡിലെ അംഗങ്ങളുടെ എണ്ണം മൂന്നായി ചുരുക്കും. നിലവില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ ആറ് അംഗങ്ങളുണ്ട്. ചെയര്‍മാന് പുറമേ വരുന്ന രണ്ട് അംഗങ്ങളില്‍ ഒരാള്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടയാളും മറ്റേയാള്‍ വനിതയുമായിരിക്കും.
ദേവസ്വം നിയമനങ്ങള്‍ പി.എസ്.സി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സ്പെഷ്യല്‍ റൂള്‍സ് തയാറാക്കണം. മുന്‍ ഇടത് സര്‍ക്കാറിന്‍െറ കാലത്ത് പി.എസ്.സിക്ക് വിടാന്‍ ആലോചിച്ചതിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സ്പെഷല്‍ റൂള്‍സ് തയാറാക്കുന്ന നടപടി തുടങ്ങിവെച്ചിരുന്നു. മറ്റു നാല് ദേവസ്വം ബോര്‍ഡുകളിലും പക്ഷേ, ഒന്നും നടന്നില്ല. പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപവത്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിയമനം പി.എസ്.സിക്ക് വിടാന്‍ അവര്‍ തയാറായില്ല. ഇനി സ്പെഷല്‍ റൂള്‍സ് തയാറാക്കിയശേഷമേ പി.എസ്.സി വഴി നിയമനപ്രക്രിയ ആരംഭിക്കാനാവൂ.
അതിന് ഒരു വര്‍ഷമെങ്കിലും സാവകാശം വേണ്ടിവരുന്ന സാഹചര്യത്തില്‍ നിയമന നടപടികള്‍ മുടങ്ങാതിരിക്കാനാണ് റിക്രൂട്ട്മെന്‍റ് ബോര്‍ഡ് വലിപ്പം കുറച്ച് തല്‍ക്കാലത്തേക്ക് തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ദേവസ്വം നിയമനം പി.എസ്.സിക്ക് വിടുമെന്നും റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പിരിച്ചുവിടുമെന്നും നേരത്തേ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നേരത്തേ കൈക്കൊണ്ട സമീപനത്തില്‍ നേരിയ മാറ്റം പുതിയ തീരുമാനത്തില്‍ പ്രകടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.