കശ്മീരില്‍ ജനജീവിതം സ്തംഭിച്ച നിലയില്‍; കാഴ്ചകള്‍ വിവരിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി
text_fieldsകൊല്ലം: ക്ഷുഭിതമനസ്സുമായി കൈയില്‍ കല്ലുകളും ഓങ്ങിനില്‍ക്കുന്ന കൗമാരക്കാരും യുവാക്കളും. തെരുവോരങ്ങള്‍ നിറയെ തോക്കുമായി നില്‍ക്കുന്ന സുരക്ഷാഭടന്മാര്‍. അടഞ്ഞുകിടക്കുന്ന കടകമ്പോളങ്ങള്‍. വിജനമായ നിരത്തുകള്‍. എങ്ങും സംഘര്‍ഷാവസ്ഥ മുടിക്കെട്ടിനില്‍ക്കുന്ന പ്രതീതി. എല്ലാം ചേര്‍ന്ന് ജനജീവിതം പൂര്‍ണമായും സ്തംഭിച്ച നിലയില്‍. കശ്മീരില്‍ താന്‍ കണ്ടതും മനസ്സിലാക്കിയതുമായ കാര്യങ്ങള്‍ ‘മാധ്യമ’വുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ നേതൃത്വത്തില്‍ കശ്മീര്‍ സന്ദര്‍ശിച്ച സര്‍വകക്ഷി സംഘത്തില്‍ അംഗമായിരുന്നു. സിവിലിയന്‍ വിമാനത്താവളം അടച്ചിട്ടിരിക്കുന്നു. കടകള്‍ തുറക്കുന്നില്ല. വഴിയില്‍ അപൂര്‍വമായാണ് ജനങ്ങളെ കാണാനായത്.
സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത ഒട്ടേറെ നേതാക്കള്‍ക്കും അവരുടേതായ താല്‍പര്യങ്ങളാണുള്ളതെന്ന് തോന്നി. താഴ്വരയില്‍ സമാധാനം കൊണ്ടുവരുന്നതിന് വെളിച്ചം വീശുന്ന ചര്‍ച്ചകള്‍ വിരളമായിരുന്നു. കുറെയെങ്കിലും വസ്തുതാപരമായ സമീപനം നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയില്‍നിന്നാണ് ഉണ്ടായത്. സംഘര്‍ഷം ഉടലെടുത്ത സന്ദര്‍ഭത്തില്‍ തന്നെ അത് കൈാര്യം ചെയ്യുന്നതില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഉണ്ടായ ഗുരുതരമായ വീഴ്ചയുണ്ടായി. ഇത്തരം ഒരു പ്രക്ഷോഭം താഴ്വരയില്‍ ഉരുണ്ടുകൂടുന്നത് മുന്‍കൂട്ടി അറിയുന്നതില്‍ ഇന്‍റലിജന്‍സ് ബ്യൂറോ പാടേ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ സമരമുഖത്തുള്ള യുവാക്കള്‍ ജനിച്ച കാലം മുതല്‍ കാണുന്നത് തെരുവോരങ്ങളില്‍ നിറയെ തോക്കുപിടിച്ച് നില്‍ക്കുന്ന പൊലീസിനെയാണ്. ഈ പൊലീസ്രാജില്‍ നിന്നൊരു മോചനം അവര്‍ ആഗ്രഹിക്കുന്നു. ഇവരുടെ അസഹിഷ്ണുത ചൂഷണം ചെയ്യാന്‍ ഒട്ടേറെ കക്ഷികള്‍ പരിശ്രമിക്കുന്നു. ഇപ്പോഴത്തെ പ്രക്ഷോഭത്തിനു പിന്നില്‍ ഒരു നേതാവോ ഏതെങ്കിലും പ്രസ്ഥാനമോ ഉണ്ടെന്ന് വ്യക്തമായിട്ടില്ല. ഓരോയിടത്തും യുവാക്കള്‍ സംഘടിച്ച് കല്ളേറ് സമരം നടത്തുന്നു. എല്ലായിടത്തും ആക്രമണം സുരക്ഷാഭടന്മാര്‍ക്ക് നേരെയാണ്. അതിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ട് എന്ന ആശങ്ക സര്‍വകക്ഷിയോഗത്തില്‍ മിക്കവരും പങ്കുവെച്ചു.
പാകിസ്താന്‍ നടത്തിവന്ന അതിര്‍ത്തികടന്നുള്ള ഭീകരവാദം ഇപ്പോള്‍ കശ്മീരില്‍ നന്നേ കുറഞ്ഞിട്ടുണ്ട്. മറ്റുവഴികളിലൂടെ ജനങ്ങളെ ഇളക്കിവിട്ട് അരക്ഷിതാവസ്ഥ സൃഷ്ടിക്കുക എന്ന പുതിയ തന്ത്രമാണ് പാകിസ്താന്‍ പയറ്റുന്നതെന്നും അതാണ് പ്രക്ഷോഭത്തിന് പിന്നിലെന്നും ചര്‍ച്ചയില്‍ പറഞ്ഞവരുണ്ട്. യഥാര്‍ഥത്തില്‍ ദീര്‍ഘനാളായി കശ്മീര്‍ യുവാക്കളില്‍ നീറിപ്പുകഞ്ഞിരുന്ന പ്രതിഷേധം ഇപ്പോഴുണ്ടായ ബുര്‍ഹാന്‍ വാലിയുടെ ഏറ്റുമുട്ടല്‍ കൊലയോടെ പൊട്ടിത്തെറിയിലേക്ക് എത്തുകയായിരുന്നു എന്നതാണ് തനിക്ക് മനസ്സിലായതെന്നും എം.പി പറഞ്ഞു.
ഹുര്‍റിയത്തിന്‍െറ സ്വാധീനം ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ ഉള്ളതായി കരുതുന്നില്ല. അവര്‍ മുതലെടുപ്പിന് ശ്രമിക്കുന്നു എന്നേ ഉള്ളൂ എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. സങ്കീര്‍ണമായ ഈ പ്രശ്നത്തെ വളരെ സൂക്ഷ്മതയോടും ജാഗ്രതയോടും കാണാന്‍ ബി.ജെ.പി സര്‍ക്കാറിന് കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ ആശങ്ക വര്‍ധിക്കുന്നു. എങ്കിലും സര്‍വകക്ഷി സംഘത്തിന്‍െറ സന്ദര്‍ശനം വലിയ കാര്യമാണ്. പ്രശ്നത്തില്‍ ഒരു രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നു എന്നതാണ് അതിലെ പ്രാധാന്യം. ഇനി അതിലെ തുടര്‍ പ്രവര്‍ത്തനമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.