ബാറില്‍നിന്ന് പണമൊഴുകിയത് സോളാറിലേക്കും?
text_fieldsകൊച്ചി: കേരള ഹൈകോടതിയിലെ രണ്ട് ന്യായാധിപന്മാര്‍ സര്‍ക്കാര്‍ മുമ്പാകെ ഒരു സംശയം മുന്നോട്ടുവെച്ചു; ജയിലില്‍ കിടക്കുന്ന സരിതക്ക് കേസുകള്‍ ഒത്തുതീര്‍ക്കാന്‍ പണമെവിടെനിന്ന് കിട്ടുന്നുവെന്ന്? സംസ്ഥാന സര്‍ക്കാറോ പൊലീസോ അന്ന് അതിന് കൃത്യമായ മറുപടി പറഞ്ഞില്ല. ആ ദിശയില്‍ അന്വേഷണവും നടന്നില്ല. പക്ഷേ, സരിത എസ്. നായര്‍ മുറക്ക് കേസുകള്‍ ഒത്തുതീര്‍ത്തുകൊണ്ടിരുന്നു. പണം എവിടെനിന്നാണെന്ന് മാത്രം അന്വേഷിച്ചില്ല. അന്വേഷിച്ചാല്‍ ഭരണത്തിലിരിക്കുന്ന ഉന്നതരിലേക്ക് ചരടുകള്‍ നീളും എന്നതായിരുന്നു കാരണം.
ബാര്‍ കോഴക്കേസ് വീണ്ടും സജീവമാവുകയും വിജിലന്‍സ് റെയ്ഡും പരിശോധനയും മുറുകുകയും ചെയ്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് വീണ്ടും സൂചനകള്‍ പുറത്തുവരുകയാണ്. ബാറില്‍നിന്ന് എത്ര പണം സോളാറിലേക്ക് ഒഴുകിയെന്നും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് 33 കേസുകളാണ് സരിത എസ്. നായര്‍ക്കെതിരെ ചുമത്തിയത്. ഈ കേസുകളിലായി മൊത്തം ആറുകോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ഏകദേശ കണക്ക്. എന്നാല്‍, പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി പൊലീസിനുള്ളില്‍നിന്നുള്ളവര്‍തന്നെ സമ്മതിക്കുന്നു. മാനക്കേട് ഭയന്നും മുടക്കിയ പണത്തിന്‍െറ ഉറവിടം വെളിപ്പെടുത്താന്‍ കഴിയാത്തതിനാലും ആരും പരാതിപ്പെടുന്നില്ല. സരിത ജയിലില്‍ കഴിയവെ ഇതില്‍ 16 കേസുകളെങ്കിലും ഒത്തുതീര്‍പ്പായെന്ന് അവരുടെ അഭിഭാഷകനായിരുന്ന അഡ്വ. ഫെനി ബാലകൃഷ്ണന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിന്‍െറ പണമിടപാടുകള്‍ താന്‍ വഴിയാണ് നടന്നത്. അരക്കോടിയിലേറെ രൂപ താന്‍ വഴി കൈമാറിയിട്ടുണ്ട്. ഇതുകൂടാതെ സരിതക്ക് ജാമ്യം ലഭിക്കാനായി മുക്കാല്‍ കോടിയോളം രൂപ വിവിധ കോടതികളില്‍ കെട്ടിവെക്കേണ്ടിയും വന്നു. ഇതിനൊക്കെയുള്ള പണം എവിടെനിന്നെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ളെന്ന് അദ്ദേഹം വിശദീകരിച്ചു.
ഇതുകൂടാതെ കേസ് നടത്തിപ്പ്, സ്വകാര്യ സുരക്ഷയൊരുക്കല്‍, താമസം, യാത്ര തുടങ്ങി സരിതയുടെ മറ്റ് ചെലവുകളുമുണ്ട്. ഏതാനും സിനിമകളില്‍ അഭിനയിച്ചു എന്നതാണ് വരുമാന ഉറവിടമായി സരിത പറയുന്നതും. എറണാകുളം നോര്‍ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസില്‍ സരിത സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസ് തോമസ് പി. ജോസഫാണ് ആദ്യം ഈ സംശയം ഉന്നയിച്ചത്. പണം നല്‍കി ഒത്തുതീര്‍ന്ന ചില കേസുകള്‍ പിന്‍വലിക്കണമെന്ന അപേക്ഷ പരിഗണിക്കവെ ജസ്റ്റിസ് ഹാറൂണ്‍ റഷീദും ഇതേ ചോദ്യം ഉന്നയിച്ചു. സോളാര്‍ വിവാദം അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ മുമ്പാകെയും ഇതേ ചോദ്യം ഉയര്‍ന്നു. സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍ മൊഴികൊടുക്കവെയാണ് ബാര്‍ കോഴയില്‍നിന്നുള്ള പണം സോളാര്‍ കേസുകള്‍ ഒത്തുതീര്‍ക്കാന്‍ ഉപയോഗിച്ചിട്ടുണ്ട് എന്ന വാദം ഉന്നയിച്ചത്. പി.സി. ജോര്‍ജ് ഉള്‍പ്പെടെയുള്ളവരും ഇതേ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് ഇത് രാഷ്ട്രീയ ആരോപണം മാത്രമായാണ് കണ്ടിരുന്നത്.
എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഈ ആരോപണത്തെ ഗൗരവമായാണ് വിജിലന്‍സ് കാണുന്നത്. ബാര്‍ കോഴ വഴി ലഭിച്ച പണം പല തലങ്ങളിലേക്ക് ഒഴുകിയിട്ടുണ്ടാകാമെന്നാണ് നിഗമനം. ഇതില്‍ ഏതെങ്കിലും ഒരു മന്ത്രിയോ ചില ഉദ്യോഗസ്ഥരോ മാത്രമാണ് പങ്കുപറ്റിയതെന്നും അവര്‍ വിശ്വസിക്കുന്നില്ല. സോളാര്‍ കേസില്‍ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കെ രക്ഷകരായി അവതരിച്ച ചില എം.എല്‍.എമാരും നേതാക്കളുമെല്ലാം കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടനിലക്കാരായും മറ്റും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവരിലേക്കും അന്വേഷണം നീളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.