ജമാഅത്ത് പരിപാടിയില്‍ രാഹുല്‍ ഈശ്വര്‍ പങ്കെടുക്കുന്നതിനോട് എതിര്‍പ്പ്; വേദി മാറ്റി
text_fieldsകൊച്ചി: മതസൗഹാര്‍ദ്ദ കാമ്പയിന്‍റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി എറണാകുളം ഏരിയാ സമിതി സംഘടിപ്പിച്ച പരിപാടിയില്‍ ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ പങ്കെടുക്കുന്നതിനെതിരെ ഭീഷണി ഉയര്‍ന്നത് വിവാദമാകുന്നു. പൊലീസ് സംയമനത്തോടെ കൈകാര്യം ചെയ്തതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഇല്ലാതെ പരിപാടി ശാന്തമായി നടന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ എറണാകുളത്തെത്തിയ രാഹുല്‍ ഈശ്വര്‍ പൊലീസിന്‍റെ നിര്‍ദ്ദേശപ്രകാരം വിട്ടുനില്‍ക്കുകയും ചെയ്തു.
ജമാഅത്തെ ഇസ്ലാമി ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ‘സമാധാനം; മാനവികത’ കാമ്പയിന്‍റെ ഭാഗമായാണ് എറണാകുളത്ത് വ്യാഴാഴ്ച സംവാദ സദസ് സംഘടിപ്പിച്ചത്. രാഹുല്‍ ഈശ്വറിനെ കൂടാതെ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ.സി.ബി.സി ഡെ. സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്, കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ് മുന്‍ ഖത്തീബ് വി.എം സുലൈമാന്‍ മൗലവി തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഏറ്റിരുന്നത്.
വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ എറണാകുളത്ത് ഹൈക്കോടതി ജംഗ്ഷനില്‍ പരിപാടി സംഘടിപ്പിക്കാനാണ് പൊലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍, പരിപാടി തുടങ്ങുന്നതിന് തൊട്ടുമുമ്പായി പൊലീസ് അധികൃതര്‍ എത്തി തുറന്ന വേദിയില്‍ പരിപാടി നടത്തുന്നതിന് ചില സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് അറിയിക്കുകയായിരുന്നു. പൊലീസിന്‍റെ അഭ്യര്‍ഥന പ്രകാരം തൊട്ടടുത്തുള്ള പാപ്പാളി ഹാളിലേക്ക് പരിപാടി മാറ്റാന്‍ തീരുമാനിച്ചെങ്കിലും അവിടെ ഒഴിവുണ്ടായില്ല. തുടര്‍ന്നാണ് പൊലീസിന്‍റെകൂടി ശ്രമഫലമായി സെന്‍റ് ആല്‍ബര്‍ട്സ് സ്കൂള്‍ ഹാളില്‍ പരിപാടി നടന്നത്. സൗജന്യമായാണ് ഇതിന് ഹാള്‍ വിട്ടുകൊടുത്തതും.
ഐ.ജി എസ്. ശ്രീജിത്, സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശ്, അസി. കമീഷണര്‍മാര്‍ തുടങ്ങി നിരവധി പൊലീസുദ്യോഗസ്ഥര്‍ സുരക്ഷാ സന്നാഹങ്ങളുടെ ഭാഗമായി സ്ഥലത്ത് എത്തുകയും ചെയ്തു. ഇടുക്കിയില്‍ നിശ്ചയിച്ചിരുന്ന സന്ദര്‍ശനം റദ്ദാക്കിയാണ് ഐ.ജി സ്ഥലത്ത് ക്യാമ്പ് ചെയ്തത്. രാഹുല്‍ ഈശ്വറിനെ പങ്കെടുപ്പിച്ച് തുറന്ന വേദിയില്‍ പരിപാടി നടത്തുന്നതിന് എതിരെ ചില സംഘങ്ങളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു എന്ന് മാത്രമാണ് പൊലീസ് ഇതുസംബന്ധിച്ച് പ്രതികരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലും ഇത് സംബന്ധിച്ച ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത് ഇന്‍റലിജന്‍സ് വിഭാഗം ശ്രദ്ധിച്ചിരുന്നു. തുടര്‍ന്നാണ് എറണാകുളത്തത്തെിയ രാഹുല്‍ ഈശ്വറിനോട് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയത്. ചിന്തയിലൂടെയും സംവാദത്തിലൂടെയുമാണ് സമാധാനമുണ്ടാകുന്നതെന്നും രാജ്യം ആഗ്രഹിക്കുന്നത് അതാണെന്നും ഗീതാവിജ്ഞാന മാനവവേദി ധര്‍മാചാര്യസ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു. സ്നേഹത്തിന്‍റെ സംസ്കാരത്തിലേക്കും പുതിയ മാനവികതയിലേക്കും വളരാന്‍ കഴിയുന്നിടത്താണ് അക്രമത്തിന് പൂര്‍ണ വിരാമമിടാനാവുകയെന്ന് കെ.സി.ബി.സി ഡെ. സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.