തമിഴ്നാട്ടില്‍ നിന്ന് തൈര് കൊണ്ടുവരുന്നത് മോശം ഡ്രമ്മില്‍
text_fieldsപാലക്കാട്: തമിഴ്നാട്ടില്‍നിന്ന് സംസ്ഥാനത്തേക്ക് വന്‍തോതില്‍ പാട്ടത്തൈര് കൊണ്ടുവരുന്നത് മോശം ഡ്രമ്മുകളില്‍. ഓണം പ്രമാണിച്ച് മീനാക്ഷിപുരം, വാളയാര്‍ ചെക്പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷ വകുപ്പും ക്ഷീര വികസന വകുപ്പും ചേര്‍ന്ന് നടത്തുന്ന പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വൃത്തിഹീനമായ ഡ്രമ്മുകളിലും മറ്റും തൈര് കൊണ്ടുവരുന്നത് തുടര്‍ന്നാല്‍ തിരിച്ചയക്കുമെന്ന് പരിശോധന സംഘം ഡീലര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
തൃശൂര്‍, കോഴിക്കോട് മാര്‍ക്കറ്റുകളിലേക്കും വടക്കന്‍ ജില്ലകളിലെ ഹോട്ടലുകളിലേക്കുമാണ് തമിഴ്നാട്ടില്‍നിന്ന് വന്‍തോതില്‍ പാട്ടത്തൈര് എത്തുന്നത്. വലിയ ടൗണുകളിലെ ഒട്ടുമിക്ക ഹോട്ടലുകളിലും താരതമ്യേന വില കുറഞ്ഞ പാട്ടത്തൈരാണ് ഉപയോഗിക്കുന്നത്. ഇവ കൊണ്ടുവരുന്ന നീല നിറത്തിലുള്ള 30, 40 ലിറ്ററിന്‍െറ ഡ്രമ്മുകള്‍ക്ക് ഭക്ഷ്യവസ്തുകള്‍ കൊണ്ടുവരാനുള്ള നിലവാരമില്ളെന്നാണ് അധികൃതരുടെ കണ്ടത്തെല്‍. ഇവയില്‍ മിക്കതും കഴുകി വൃത്തിയാക്കാറില്ല. ആവരണമില്ലാത്ത ട്രക്കുകളില്‍ ശരിയായ മൂടിപോലുമില്ലാതെയാണ് തൈര് കൊണ്ടുവരുന്നത്.
റഫ്രിജറേറ്റര്‍ സൗകര്യമുള്ള ട്രക്കുകളില്‍ തൈര് കൊണ്ടുവരുന്ന പതിവില്ല. മിക്കതും തൈര് ആകുന്നതിന് മുമ്പുതന്നെ ട്രക്കുകളില്‍ കയറ്റിവിടുന്നതായും കണ്ടത്തെി. ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമായ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകളില്‍ കൊണ്ടുവരണമെന്നാണ് ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്നത്. ഫുഡ് ഗ്രേഡ് കണ്ടെയ്നറുകളില്‍ മാത്രമേ തൈര് കൊണ്ടുവരാവൂയെന്നും അല്ലാത്തപക്ഷം മടക്കിയയക്കുമെന്നും ഭക്ഷ്യസുരക്ഷ നിയമപ്രകാരം നടപടി നേരിടേണ്ടിവരുമെന്നും ഉദ്യോഗസ്ഥര്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ഓണം പ്രമാണിച്ച് ഈ മാസം ഏഴിനാണ് മീനാക്ഷിപുരം, വാളയാര്‍ ചെക്പോസ്റ്റുകളില്‍ പ്രത്യേകം ലാബ് സജ്ജീകരിച്ച് പാല്‍, തൈര് എന്നിവയുടെ ഗുണനിലവാര പരിശോധന തുടങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനകം തമിഴ്നാട്ടില്‍നിന്നും മീനാക്ഷിപുരം ചെക്പോസ്റ്റ് വഴി 16,400 ലിറ്ററും വാളയാര്‍ വഴി 25,927 ലിറ്ററും തൈര് അതിര്‍ത്തി കടന്ന് എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.