സമാധാനം ആഗ്രഹിക്കുന്നവര്‍ മൗനം വെടിയണമെന്ന് ടി. ആരിഫലി
text_fieldsവൈപ്പിന്‍: ജാതിക്കും മതത്തിനും അതീതമായ രാഷ്ട്രീയലക്ഷ്യം ഉയര്‍ത്തിപ്പിടിക്കാതെ പൂര്‍ണമായ സാഹോദര്യം ഉണ്ടാകില്ളെന്ന് പ്രഫ. എം.കെ. സാനു അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ‘സമാധാനം മാനവികത’ കാമ്പയിനിന്‍െറ ഭാഗമായി ചെറായി ഗൗരീശ്വര ക്ഷേത്രമൈതാനത്ത് നടത്തിയ സാഹോദര്യസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാഹോദര്യം സ്ഥാപിക്കാന്‍ വിശാലവും ഉദാരവുമായ സഹിഷ്ണുത അനിവാര്യമാണ്. ഭൂമിയില്‍ ശാന്തിമന്ത്രം ഉയര്‍ത്താന്‍ അതിന് കഴിയും. ഏത് മതത്തിലും ജാതിയിലും പെട്ടവരായാലും ഒരു ദൈവത്തിന്‍െറ സന്താനങ്ങളാണെന്ന് തിരിച്ചറിഞ്ഞ് സഹിഷ്ണുതയോടെ കഴിയുന്നതാണ് ജനാധിപത്യത്തെ പരിപോഷിപ്പിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ മൗനം വെടിയണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അസി. അമീര്‍ ടി. ആരിഫലി പറഞ്ഞു. അവര്‍ ജനങ്ങളെ സംഘടിപ്പിച്ച് സംസാരിച്ചുതുടങ്ങണം. ശ്രീനാരായണഗുരുവിനെപോലുള്ളവര്‍ ഉയര്‍ത്തിയ നവോത്ഥാനമൂല്യങ്ങള്‍ നിലനില്‍ക്കത്തെന്നെ നമ്മള്‍ അറിഞ്ഞോ അറിയാതെയോ സാമുദായികധ്രുവീകരണത്തിന് അടിപ്പെട്ടുപോകുന്നു. ആഗോളതലത്തില്‍ ഉയര്‍ന്ന ഇസ്ലാമോഫോബിയയാണ് ഇതിന് ഒരുകാരണം. നമുക്കിന്ന് ഓണ്‍ലൈന്‍ സുഹൃത്തുക്കളെയുള്ളൂ. വിവേചനപൂര്‍വം ഇടപെട്ടില്ളെങ്കില്‍ അയല്‍വാസിയെപോലും മനസ്സിലാക്കാന്‍ നമുക്കാവില്ല. നാനാത്വത്തില്‍ ഏകത്വമെന്ന ആശയം കൂടുതല്‍ പ്രചരിപ്പിക്കേണ്ട കാലമാണിന്ന്. രാജ്യം ഒന്നായി നില്‍ക്കുന്നത് വൈവിധ്യത്തെ അംഗീകരിക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദര്‍ശനങ്ങള്‍ക്ക് കാലുഷ്യം സംഭവിച്ച ഇന്നത്തെ കാലത്ത് മനുഷ്യനെ അംഗീകരിക്കാനും ആദരിക്കാനും പറ്റില്ളെന്ന കാഴ്ചപ്പാട് മാറണമെന്ന് തുടര്‍ന്ന് സംസാരിച്ച ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു. എല്ലാ മനുഷ്യരെയും സഹോദരന്മാരായി കാണണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിന്‍െറ ശാന്തിമന്ത്രം കേള്‍ക്കണമെങ്കില്‍ ക്ഷമയുണ്ടാകണമെന്ന് സ്വാമി അവ്യയാനന്ദ അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ പി. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സമദ് കുന്നക്കാവ് വിഷയം അവതരിപ്പിച്ചു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, എഴുത്തുകാരന്‍ കെ.കെ. ബാബുരാജ്, വൈപ്പിന്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. കെ.കെ. ജോഷി, എം.ആര്‍. സുദേഷ്, എസ്.എന്‍.ഡി.പി യോഗം വൈപ്പിന്‍ യൂനിയന്‍ പ്രസിഡന്‍റ് ടി.ജി. വിജയന്‍, ചെറായി വിജ്ഞാനവര്‍ധിനി സഭ സെക്രട്ടറി വേണുഗോപാല്‍, കെ.സി. സുധീഷ്, ചെറായി ജുമാ മസ്ജിദ് ഇമാം സലീം മിസ്ബാഹി, വി.കെ. ഇബ്രാഹീംകുട്ടി, സുലൈമാന്‍ മൗലവി എന്നിവര്‍ സംസാരിച്ചു. കാമ്പയിന്‍ സംസ്ഥാന കണ്‍വീനര്‍ ടി.കെ. ഹുസൈന്‍ സ്വാഗതവും ജില്ലാ പ്രസിഡന്‍റ് എം.കെ. അബൂബക്കര്‍ ഫാറൂഖി നന്ദിയും പറഞ്ഞു. ഫര്‍ഹ വി. നൗഷാദിന്‍െറ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിയില്‍ മോനിഷ നാടന്‍പാട്ട് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.