ഭൂരഹിതരുടെ അവകാശം അട്ടിമറിക്കാന്‍ ശ്രമം –ഹമീദ് വാണിയമ്പലം
text_fieldsതൃശൂര്‍: സംസ്ഥാനത്തെ നാല് ലക്ഷത്തോളം വരുന്ന ഭൂരഹിത കുടുംബങ്ങളുടെ അവകാശമായ സ്വന്തം ഭൂമി എന്ന ആവശ്യം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
നിയമം ലംഘിച്ച് ഭൂമി കൈവശപ്പെടുത്തിയവരെ സംരക്ഷിക്കാനാണ് ഫ്ളാറ്റുകള്‍ കെട്ടി ഭൂരഹിതരെ അവിടേക്ക് മാറ്റുന്ന പദ്ധതി കൊണ്ടുവരുന്നത്. മതിയായ സൗകര്യവും തുടര്‍പരിഷ്കരണവും ശുചിത്വവും ഇല്ലാത്ത കോളനികളായി ഈ ഫ്ളാറ്റുകള്‍ മാറുകയും സര്‍ക്കാര്‍ അത് അവഗണിക്കുകയുമാണ് അനുഭവം. ഈ സാഹചര്യത്തില്‍ കേരളത്തിലെ മറ്റൊരു ദുരിതമായി ഇത്തരം ഫ്ളാറ്റുകള്‍ മാറും. ഭൂമിയും വീടും ഇല്ലാത്ത സ്ഥിതിയായിരിക്കും ഇവര്‍ക്കുണ്ടാകുക.
മുഴുവന്‍ ഭൂരഹിത കുടുംബങ്ങള്‍ക്കും പത്ത് സെന്‍റ് ഭൂമിയും ഭൂരഹിത കര്‍ഷക തൊഴിലാളി കുടുംബങ്ങള്‍ക്ക് കൃഷിഭൂമിയും നല്‍കാന്‍ ആവശ്യമായ അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി സംസ്ഥാനത്ത് 200 കൈയേറ്റക്കാര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. ഇത് പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണം.
കഴിഞ്ഞ സര്‍ക്കാര്‍ കൈയേറ്റക്കാര്‍ക്ക് അനുകൂലമായി ഭൂനിയമങ്ങള്‍ ഭേദഗതി ചെയ്തിരുന്നു. അത് തിരുത്താല്‍ പുതിയ സര്‍ക്കാര്‍ തയാറായിട്ടില്ല. നാല് ലക്ഷംവരുന്ന ഭൂരഹിതരുടെ അവകാശം അട്ടിമറിച്ച് ഭൂമാഫിയകളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഭൂസമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് കെ.ജി. മോഹനന്‍, ജന. സെക്രട്ടറി കെ.കെ. ഷാജഹാന്‍, സെക്രട്ടറി ശിവരത്നം ആലത്തി, സംസ്ഥാന സമിതിയംഗം ഉഷാകുമാരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.