ആകാശ ഊഞ്ഞാല്‍ അപകടം; ആറുപേര്‍ അറസ്റ്റില്‍
text_fieldsചിറ്റാര്‍: സ്വകാര്യ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ് നടത്തിയ കാര്‍ണിവലില്‍ ആകാശ ഊഞ്ഞാലില്‍ (ജെയിന്‍റ് വീല്‍) നിന്നും കുട്ടി തെറിച്ച് വീണ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര്‍ അറസ്റ്റില്‍. പരിപാടിയുടെ സംഘാടകരായ ആറ് പേരെ ചിറ്റാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കിഴക്കേമുറിയില്‍ സെമീര്‍ (45), ഭാര്യ റംല (40), കൊല്ലം അഞ്ചല്‍ ഇല്ലിക്കുളത്ത് മുഹമ്മദ് അബ്ദുല്ല (46) തമിഴ്നാട് സേലം സ്വദേശി രമേശ് (26), സേലം ആടികപ്പെട്ടി പ്രഭു എന്ന് വിളിക്കുന്ന പ്രഭാകരന്‍ (20), സേലം സ്വദേശി ദിനേശ് (19) എന്നിവരെയാണ് ചിറ്റാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
അപകടത്തെ തുടര്‍ന്ന് സംഘാടകര്‍ ഒളിവിലായിരുന്നു. കമ്പത്തുനിന്നും സേലത്തുനിന്നുമാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ തിരുവല്ല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ചിറ്റാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്ത് ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ് സംഘടിപ്പിച്ച ഓണോത്സവത്തില്‍ അപകടമുണ്ടായത്. ആകാശ ഊഞ്ഞാലില്‍ ഇരുന്നവരെ ഇറക്കുന്നതിനിടെ വീല്‍ ശക്തമായി കറങ്ങുകയും കുട്ടി തെറിച്ചു വീഴുകയുമായിരുന്നു. ചിറ്റാര്‍ കുളത്തിങ്കല്‍ സജിയുടെ മകന്‍ അലന്‍ കെ.സജി(5) യാണ് മരിച്ചത്. അലന്‍ വഴുതി വീഴുന്നത് കണ്ട് രക്ഷിക്കുന്നതിനിടെ സഹോദരി പ്രിയങ്കക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രിയങ്ക തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ആകാശ ഊഞ്ഞാലില്‍ വലിയ ആളുകള്‍ക്ക് ഇരിക്കത്തക്ക നിലയിലാണ് തൊട്ടികള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. കുട്ടികള്‍ ഇരുന്നാല്‍ ശക്തമായി കറങ്ങുന്നതിനിടെ ഇരിപ്പിടത്തിന്‍െറ ഇടയിലൂടെ വഴുതി വീഴും. എന്നാല്‍, ഇത് വകവെക്കാതെയാണ് കൊച്ചുകുട്ടികളെ ഇതില്‍ കയറ്റിയത്.
ഒരു മാനദണ്ഡവും പാലിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. ആവശ്യമായ അനുമതിയും ലഭിച്ചിരുന്നില്ല. കാലപ്പഴക്കം ചെന്ന റൈഡുകളാണ് ഉപയോഗിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
സെപ്തംബര്‍ നാലിനാണ് മേള തുടങ്ങിയത്. ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് നൂറ് മീറ്റര്‍ അകലെമാണ് ഗുരുതരമായ സുരക്ഷാവീഴ്ചയില്‍ മേള നടന്നുവന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.