കണ്ണന് കാണിക്കയായി കാഴ്ചക്കുലകള്‍
text_fieldsഗുരുവായൂര്‍: ഗുരുവായൂരപ്പന് മുന്നില്‍ സ്വര്‍ണവര്‍ണ കൂമ്പാരം തീര്‍ത്ത് തിരുവോണ കാഴ്ചക്കുലകള്‍ കുന്നുകൂടി. ആയിരങ്ങളാണ് ഉത്രാട നാളില്‍ ക്ഷേത്രത്തില്‍ കാഴ്ചക്കുല സമര്‍പ്പിച്ചത്. രാവിലെ ശീവേലിക്കുശേഷം മേല്‍ശാന്തി ഹരീഷ് നമ്പൂതിരി ആദ്യ കാഴ്ചക്കുല സമര്‍പ്പിച്ചു. തുടര്‍ന്ന് ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബരക്കുറുപ്പും ഭരണ സമിതി അംഗങ്ങളും കാഴ്ചക്കുല സമര്‍പ്പിച്ചു. മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ തുടങ്ങിയവരും കാഴ്ചക്കുല സമര്‍പ്പിച്ചു.
ക്ഷേത്രത്തില്‍ അഞ്ച് ആനകളോടെ ശീവേലി നടന്നു. രാവിലെ ആരംഭിച്ച കാഴ്ചക്കുല സമര്‍പ്പണം രാത്രി അത്താഴപൂജ കഴിഞ്ഞ് നടയടക്കുന്നതുവരെ തുടര്‍ന്നു. ‘കാഴ്ചക്കുലകളില്‍ ഒരു ഭാഗം ദേവസ്വത്തിലെ ആനകള്‍ക്ക് നല്‍കി. തെക്കേനടയില്‍ നിര്‍ത്തിയ 21 ആനകള്‍ക്കാണ് പഴക്കുലകള്‍ നല്‍കിയത്. പഴത്തോടൊപ്പം, ശര്‍ക്കര, നാളികേരം എന്നിവയും നല്‍കി. തിരുവോണ നാളിലെ പഴപ്രഥമന് കാഴ്ചക്കുലകളിലെ പഴങ്ങളാണ് ഉപയോഗിക്കുക. ശേഷിച്ച കുലകള്‍ ലേലം ചെയ്തു. ഓണപ്പുടവ സമര്‍പ്പണം ബുധനാഴ്ച നടക്കും. പുലര്‍ച്ചെ 4.30ഓടെ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ആദ്യ ഓണപ്പുടവ സമര്‍പ്പിക്കും. ഉഷപൂജ വരെ ഭക്തര്‍ക്ക് പുടവ സമര്‍പ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.