മാണിയമ്മയുടെ കരസ്പര്‍ശത്തില്‍ കണ്ണീര്‍തൂകി കടന്നപ്പള്ളി
text_fieldsകണ്ണൂര്‍: അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്നുതന്നെ തന്നെ ആദ്യമായി സ്വാഗതംചെയ്ത മാണിയമ്മയുടെ നിറപുഞ്ചിരിക്കു മുന്നില്‍ കണ്ണുനിറഞ്ഞ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. തയ്യില്‍ ഐ.ആര്‍.പി.സി കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ജില്ലാപഞ്ചായത്ത് നല്‍കുന്ന ഓണക്കോടി വിതരണച്ചടങ്ങാണ് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചത്. അന്തേവാസികളെ പരിചയപ്പെടുന്നകൂട്ടത്തില്‍ അവശയായ 96കാരി മാണിയമ്മയെ കണ്ടയുടന്‍ കുട്ടിക്കാലത്തെ സ്മരണകള്‍ മന്ത്രി അയവിറക്കുകയായിരുന്നു. കൊച്ചുകുട്ടിയായിരുന്നപ്പോള്‍ താമസിച്ചിരുന്ന പൊതുവാച്ചേരിയിലെ തന്‍െറ വീട്ടില്‍ വരാറുണ്ടായിരുന്ന മാണിയമ്മയുടെ മുഖം ഇന്നലെയെന്നപോലെ മന്ത്രിയുടെ ഓര്‍മകളില്‍ നിറഞ്ഞു.
ആശുപത്രികളും നഴ്സുമാരും വിരളമായിരുന്ന കാലത്ത് തന്‍െറ പ്രസവമെടുത്തത് മാണിയമ്മയായിരുന്നുവെന്ന് അമ്മ പറഞ്ഞതോര്‍ത്തു. ആദ്യമായി തന്നെ സ്പര്‍ശിച്ച കരങ്ങള്‍ വീണ്ടും ശരീരത്തില്‍ പതിഞ്ഞതിന്‍െറ അനുഭൂതിയില്‍ തലകുനിച്ച് കണ്ണടച്ച് അല്‍പനേരം നിന്നു. ഓര്‍മവെക്കാത്ത കാലത്ത് തന്നെ പരിപാലിച്ച മാണിയമ്മയുടെ അപ്രതീക്ഷിതമായ സാമീപ്യമുണ്ടാക്കിയ വികാരത്തള്ളിച്ചയില്‍ മന്ത്രിയുടെ കണ്ണുകള്‍ നിറഞ്ഞു. പഴയ ഓര്‍മകള്‍ പുതുക്കിയും ഇവരുടെ സുഖവിവരങ്ങളന്വേഷിച്ചുമാണ് മന്ത്രി മടങ്ങിയത്. വാര്‍ധക്യസഹജമായ അവശതകളുമായി രണ്ടാഴ്ചയായി ഐ.ആര്‍.പി.സി സാന്ത്വനകേന്ദ്രത്തിന്‍െറ പരിചരണത്തിലാണ് മാണിയമ്മ.
ഓണക്കോടി വിതരണച്ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, ഐ.ആര്‍.പി.സി സെന്‍റര്‍ ഉപദേശകസമിതി ചെയര്‍മാന്‍ പി. ജയരാജന്‍, ചെയര്‍മാന്‍ പി.എം. സാജിദ്, സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മാനേജര്‍ പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കക്കാട് സൊളാസ് മൈത്രീ ഭവനത്തിലെ 40 അന്തേവാസികള്‍ക്ക് ജില്ലാപഞ്ചായത്തിന്‍െറ ഓണക്കോടി കിറ്റുകള്‍ പ്രസിഡന്‍റ് കെ.വി. സുമേഷ് വിതരണംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.